ഭരണഘടനാധിഷ്ഠിത കരാറുകളിൽ ഏർപ്പെട്ട , കേരള കരാറുകാരുടെ ഇപ്പോഴത്തെ ദു:സ്ഥിതി പൊതു സമൂഹം വിശ്വസിക്കില്ല. ഒക്ടോബർ 16-ന് നിയമസഭാ മന്ദിരത്തിലെ അങ്ങയുടെ ആഫീസിൽ വച്ച് സംസാരിച്ചപ്പോൾ, മറ്റ് ആരെക്കാളും കരാറുകാരുടെ ദയനീയ സ്ഥിതി അങ്ങേയ്ക്ക് അറിയാമെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഈ കുറിപ്പ് പരസ്യപ്പെടുത്തുന്നത്.
കരാറുകാരുമായി പ്രശ്നം ചർച്ച ചെയ്യുമെന്ന അങ്ങയുടെ വാക്കുകൾ ഇപ്പോൾ കർണ്ണങ്ങളിൽ മുഴങ്ങുന്നു. കടക്കെണിയിൽ പെട്ട നിരവധി കരാറുകാരുടെ നിവേദനങ്ങൾ അങ്ങേയ്ക്ക് ലഭിക്കുന്നുണ്ട്. ഒട്ടേറെ കരാറുകാരെ അങ്ങേയ്ക്ക് നേരിട്ടറിയാമല്ലോ? പുറമേ കാണിക്കുന്നില്ലെങ്കിലും അവരിൽ പലരും വൻ ബാദ്ധ്യതയിലാണ്. കടക്കെണിയിൽ പെട്ട സംരംഭകർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള അങ്ങയുടെ വാക്കുകൾ, പലരോടും പങ്കു വച്ചപ്പോൾ അവരിൽ വിടർന്ന പ്രതീക്ഷ വലുതായിരുന്നു. ഇനി അമാന്തിക്കരുതേ.
ബാങ്കുകളുടെ റിക്കവറി നടപടികളിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ്,സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് സമിതി മുഖേന അങ്ങ് സമാഹരിക്കണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കരാർ പണി ഉപേക്ഷിച്ചവരുടെ ലിസ്റ്റ് വിവിധ നിർമ്മാണ വകുപ്പുകളിൽ നിന്നും ശേഖരിക്കണം. കോടതികളിൽ കയറിയിറങ്ങി നരകിക്കുന്നവരുടെ ലിസ്റ്റും അങ്ങേയ്ക്ക് ലഭ്യമാകും.
എന്താണ് ഇങ്ങനെ സംഭവിച്ചത് ?
എങ്ങനെ അവരെ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാൻ കഴിയും. ?
മറ്റാരെക്കാളും ഇതൊക്കെ തിരിച്ചറിയുന്ന അങ്ങ് സത്വര പരിഹാരത്തിനായി സർക്കാരിന്റെ പരിമിതികൾക്കുള്ളിൽ നിന്നും ഉടനെ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.
ഇനി വൈകരുതേ. ഭരണഘടനയെ , മന്ത്രിസഭയെ , ജനപ്രതിനിധികളെ , ഉദ്യോഗസ്ഥരെ ഒക്കെ വിശ്വസിച്ച് പണികൾ ഏറ്റെടുത്ത്, ബാങ്ക് വായ്പയും വ്യക്തിത വായ്പയും എടുത്ത് പണി പൂർത്തികരിച്ചവരാണ് പാപ്പരായിരിക്കുന്നതെന്നും ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.
വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡന്റ്
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
