പുതിയ ജലനയം രൂപീകരിക്കുമ്പോൾ

കേരളത്തിന് സമഗ്രമായ ഒരു ജലനയം രൂപീകരിക്കുമെന്ന ജലവിഭവ – ഭവന നിർമ്മാണ വകുപ്പുകളുടെ മന്ത്രി അഡ്വ മോൻസ് ജോസഫിന്റെ പ്രഖ്യാപനം ഏറെ ഗൗരവത്തോടു കൂടിയാണ് കേരള ജനത കാണുന്നത്.

ജല അതോരിറ്റി

അറ്റകുറ്റപണികൾക്കുപോലും പണമില്ലാത്ത ജല അതോരിറ്റിയുടെ ചിത്രമാണ് ആദ്യം തെളിഞ്ഞു വരുന്നത്. പാതിവഴിയിൽ, മുടന്തി നിരങ്ങുന്ന ജൽ ജീവൻ മിഷൻ പദ്ധതി ഒപ്പം നില്ക്കുന്നു. ഇവ രണ്ടിനും തൃപ്തികരമായ പരിഹാരം കണ്ടെത്തു കയെന്നതാണ്, പുതിയ ജലനയം ആവിഷ്കരിക്കുന്നതിലെ ആദ്യ വെല്ലുവിളികൾ. സമയബന്ധിതമായ അറ്റകുറ്റ പണികളുടെ നടത്തിപ്പും കാലോചിതമായ നവീകരണ പ്രവർത്തനങ്ങളും അനിവാര്യമാണ്. കെടുകാര്യസ്ഥതയും ഫണ്ടിന്റെ പരിമിതിയും മൂലം,അറ്റകുറ്റപണികളും നവീകരണ പ്രവർത്തനങ്ങളും നാമമാത്രമായി മാറുന്നു. ബ്ലു ബ്രിഗേഡ് തുടങ്ങിയവ ഒരിക്കലും പരിചയ സമ്പന്നരായ കരാറുകാർക്ക് തുല്യമാകില്ല. യാഥാർത്ഥ്യ ബോധത്തോടു കൂടി അടങ്കലുകൾ തയ്യാറാക്കി അറ്റകുറ്റ പണികൾ മികവുറ്റതാക്കി മാറ്റാൻ ബഹു. മന്ത്രി മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലത്തെ കുടിശ്ശികയുള്ള വിഭാഗമായി ,ജല അതോരിറ്റിയിലെ അറ്റകുറ്റപണികൾ ചെയ്യുന്ന ചെറുകിട കരാറുകാർ റിക്കാർഡ് സൃഷ്ടിച്ചു കഴിഞ്ഞു. 20 മാസത്തെ കുടിശ്ശികയാണ് അവർക്കുള്ളത്. അതിന്നും ശാശ്വതമായ പരിഹാരം ഉണ്ടാകണം. സർക്കാർ ഗ്രാന്റ് ലഭിക്കുന്നില്ല. തനതു് റവന്യൂ വരുമാനം നന്നേ കുറവ്. വെള്ളക്കരം കൂട്ടാൻ “നയപരമായ തടസം” നിലനില്ക്കുന്നു. “നല്ല വെള്ളത്തിന് ന്യായവില ” എന്നതു് അംഗീകരിപ്പിക്കേണ്ടി വരും.

ഇന്ത്യയിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം നേരിട്ട് എത്തിക്കുന്നതിനുള്ളകേന്ദ്ര സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായിട്ടാണ് ജൽ ജീവൻ മിഷൻ പദ്ധതി അവതരിപ്പിക്കപ്പെട്ടത്. കേദ്രവും – സംസ്ഥാനവും തുല്യവിഹിതം നൽകേണ്ട പദ്ധതി. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി കേന്ദ്രവിഹിതം പ്രായേണ നിലച്ചു. കേന്ദ്രം നൽകിയതിന്റെ ഇരട്ടിയിലധികം പണം സംസ്ഥാന സർക്കാർ നൽകേണ്ടി വന്നു. ഏഴായിരം കോടി രൂപ നബാർഡ് വായ്പയെടുത്താണ് കേരളം തുക നൽകിയത്. കുടിവെള്ള ശ്രോതസുകൾ വികസിപ്പിക്കാനും ഓവർ ഹെഡ്ഡ് ടാങ്കുകൾ നിർമ്മിക്കാനും ഇനി വൻ തുക വേണം. കേന്ദ്രം നീതി പുലർത്തുന്നില്ലെങ്കിൽ, സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടിവരും.

ശുദ്ധജലം ഒരു വൻ വരുമാന മാർഗ്ഗമായി മാറ്റണം. കേരള ജനതയുടെ ആവശ്യം കഴിഞ്ഞുള്ള ശുദ്ധജലം, ഗുണന്മേന്മ ഉറപ്പുവരുത്തി, ലോക വിപണിയിൽ എത്തിക്കാൻ കഴിയണം. അതിനും വിഴിഞ്ഞം തുറമുഖം ഒരു അനുഗ്രഹമാണെന്ന് കാലം തെളിയിക്കും. സമഗ്രവും കേന്ദ്രീകൃതവുമായ ഒരു ജല മാനേജ്മെന്റ് സംവിധാനവും രൂപപ്പെടുത്തേണ്ടതുണ്ട്. ആഗോളതാപനം സൃഷ്ടിക്കുന്ന
അതിവൃഷ്ടി ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും ജലനയത്തിന്റെ പരിധിയിൽ വരുമല്ലോ?

നദീതട അതോരിറ്റികൾ

മധ്യതിരുവിതാംകൂർ നദീതട അതോരിറ്റി രൂപീകരിക്കുന്നതിനായിട്ടുള്ള വിദഗ്ദ സമിതിയെ നിയോഗിക്കുതിനുള്ള പരിശ്രമത്തിലാണ് ബഹു. ജലവിഭവവകുപ്പ് മന്ത്രിയെന്ന് മനസിലാക്കുന്നു. ലോക രാജ്യങ്ങൾ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിജയമാതൃകകൾ ഉൾക്കൊണ്ട് കേരളത്തിൽ വെള്ളപ്പൊക്കനിയന്ത്രണം സാർത്ഥകമാക്കാനും മന്ത്രി മോൻസ് ജോസഫിന് കഴിയട്ടെ എന്നാശംസിക്കുന്നു.

വർഗീസ് കണ്ണമ്പള്ളി

Share this post: