കിഫ്ബിയെക്കുറിച്ചുള്ള ചർച്ചകളിലും പഠനങ്ങളിലും കിഫ്ബി മുഖേന സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ മൂല്യവും അവശേഷിപ്പിച്ചിട്ടുള്ള ബാദ്ധ്യതയും വെളിപ്പെടുത്തണം. സംസ്ഥാനത്തിന്റെ മറ്റു സാമ്പത്തിക ബാദ്ധ്യതകൾ മൂലം, സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ . കണക്കെടുപ്പും അനിവാര്യമാണ്. പൊതു കടം എങ്ങനെയുണ്ടായി എന്നതും വിശദീകരിക്കപ്പെടണം.
അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പ്രയാസം നേരിട്ട ഘട്ടത്തിലാണ് കിഫ്ബി മുഖേന ഫണ്ട് സമാഹരിച്ചത്. അങ്ങനെ സമാഹരിക്കപ്പെട്ട ഫണ്ട് വകമാറ്റി ചെലവഴിക്കപ്പട്ടോ, ദുർവ്യയം ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കപ്പണ്ടത് തന്നെയാണ്. എന്നാൽ സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ മൂല്യവും അനിവാര്യതയും മറച്ചുവയ്ക്കുന്നത് ഒട്ടും ശരിയല്ല. അടിസ്ഥാന സൗകര്യവികസനവും നിർമ്മിതികളുടെ പരിപാലനവും നടത്തുന്നതിന് സംസ്ഥാന ബഡ്ജറ്റ് വിഹിതം തീർത്തും അപര്യാപ്തമാണ്. കിഫ്ബി ഫണ്ട്, വികസന പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയെന്നതു് നിഷേധിക്കാനാവില്ല.
സംസ്ഥാനത്ത് മികച്ച റോഡ് – റെയിൽ – ജലഗതാഗത നെറ്റ് വർക്കുകൾ അടിയന്തിര ആവശ്യമാണ്.
വൻതോതിൽ, സ്വകാര്യ മൂലധനം ആകർഷിക്കാനും ബഡ്ജറ്റിതര വരുമാന മാർഗ്ഗങ്ങളും ഫണ്ടും സമാഹരിക്കാനും രാഷ്ട്രീയ ഇച്ഛാശക്തിയോടുകൂടി കേരള സർക്കാർ മുന്നോട്ടു വരണം. വികസന അജണ്ടയിൽ പ്രതിപക്ഷവും സഹകരിക്കണം. വികസന ചെലവ് ഗുണഭോക്താക്കളിൽ നിന്നും നേരിട്ട് സമാഹരിക്കുന്ന ടോൾ , യൂസർ ഫീ തുടങ്ങിയവയോട് രാഷ്ട്രീയ നേതൃത്വങ്ങൾ മൂഖം തിരിക്കരുത്. ബി.ഒ.ടി പദ്ധതികളുടെ കരാർ വ്യവസ്ഥകളിലും ടെണ്ടറിലും ശ്രദ്ധിക്കാതെ ,ടോൾ പ്ലാസ കളിലേയ്ക്ക് മാർച്ചുകൾ നടത്തുന്നത് ഗുണം ചെയ്യില്ല.
സർക്കാർ വകുപ്പുകൾ ജനസൗഹൃദവും സംരംഭക സൗഹൃദവുമാക്കണം. യഥാസമയം തീരുമാനങ്ങൾ ഉണ്ടാകണം. പണലഭ്യത ഉറപ്പാക്കി വേണം പദ്ധതികൾ പ്രഖ്യാപിക്കേണ്ടത്. സംരംഭകരാട് കടം പറഞ്ഞുള്ള പദ്ധതി നടത്തിപ്പ്, നാടിന് ആത്യന്തികമായി ഗുണം ചെയ്യില്ല. ഭരണച്ചെലവ് ഗണ്യമായി കുറയ്ക്കണം. അനിവാര്യമല്ലാത്ത തസ്തികകളും ആഫീസുകളും ഒഴിവാക്കണം. അധികമുള്ള ജീവനക്കാരെ പുനർവിന്യസിക്കണം. പലവകുപ്പുകളിലും അധിക തസ്തികകളും ജീവനക്കാരുമുണ്ട്. ചിലവകുപ്പുകളിൽ ആവശ്യത്തിന് ഇല്ല എന്നതും തിരിച്ചറിയണം.
സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ സർക്കാർ ജനങ്ങൾക്കും സംരംഭകർക്കും മാതൃകയാകണം.
കടം വാങ്ങി ഉല്പാദന ക്ഷതയില്ലാത്ത പദ്ധതികൾ നടത്തുന്നതും സംരംഭകരെ കടക്കെണിയിലാക്കുന്നതും ജനാധിപത്യ സർക്കാരുകൾക്ക് അനുയോജ്യമല്ല.
കിഫ്ബിയുടെ കാര്യത്തിൽ സർക്കാർ ഒരു സമ്പൂർണ്ണ ധവളപത്രം പ്രസിദ്ധീകരിക്കണം.
വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡന്റ്
കേരളാ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
