KSTP കരാറുകാരനായിരിക്കെ, പതി – ബെൽ സി.ഇ.ഒ. ലീ. സി.ബിൻ, ആത്മഹത്യ ചെയ്യേണ്ടി വന്നതും പിന്നീട് അദ്ദേഹത്തിന്റെ കമ്പനിക്ക് വൻ നഷ്ടപരിഹാരം നൽകണ്ടി വന്നതും സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി.
ഭരണഘടനാധിഷ്ഠിത കരാറിന്റെ ഭാഗമായി ഉന്നത നിലവാരത്തിൽ പണി ചെയ്ത കരാറുകാരന്ജീ വൻ നഷ്ടപ്പെടുത്തേണ്ടി വന്നതു് സംസ്ഥാന നിർമ്മാണ മേഖലയ്ക്കാകെ അപമാനമായിരുന്നു.
കരാർ വ്യവസ്ഥകളുടെ ലംഘനങ്ങളുടെയും ചുവപ്പുനാടയുടെയും കുടിശ്ശികയുടെയും ഫലമായി കേരളത്തിൽ നിരവധി കരാറുകാർക്ക് ജീവനും, അനേകായിരങ്ങൾക്ക്സ്വത്തും നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി കരാറുകാർ നീതി നിഷേധത്തിനെതിരെ കോടതികൾ കയറിയിറങ്ങി ക്കൊണ്ടിരിക്കുന്നു. അത്തരം അനീതികൾ, ഇനിയും ആവർത്തിക്ക പ്പെടരുത്. ഗവ. കരാർ എന്ന ഭരണഘടനാധിഷ്ടിത കരാറിന്റെ ,ഗൗരവവും പവിത്രതയും വീണ്ടെടുക്കണം. അതിന് കരാർ വ്യവസ്ഥകൾ സന്തുലിതമാക്കുകയും നടപടിക്രമങ്ങൾ സുതാര്യമാക്കുകയും വേണം.
പൗരന് കുടിശ്ശിക വരുത്തി, കഷ്ട്ട – നഷ്ടങ്ങൾ ഉണ്ടാക്കുന്നത് തൊഴിലവകാശ ലംഘനമായും ഭരണഘടനാ വ്യവസ്ഥകളുടെ ഗുരുതര ലംഘനമായും കാണണം.
“ഉത്തരവാദിത്യമുള്ള കരാറുകാരും ഭരണഘടനാധിഷ്ഠിതമായി പ്രതികരിക്കുന്ന” സർക്കാരുകളും നല്ല നിർമ്മിതികളുടെ സൃഷ്ടിക്ക് അനിവാര്യമാണ്.
തദ്ദേശീയ തൊഴിലാളികളുടെ തൊഴിൽ ലഭ്യതയ്ക്കും ജീവ സന്ധാരണത്തിനും വേണ്ടി നൽകിയ ആനുകൂല്യങ്ങൾ കോർപ്പറേറ്റ് സ്ഥാപനമായ ഊരാളുങ്കൽ സംഘത്തിന് ഇപ്പോൾ നൽകുന്നതു്, സാധാരണ കരാറുകാരുടെ മൗലീകാവകാശ ലംഘനമാണെന്നും ചെയർമാൻ നജീബ് മണ്ണേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. നിർമ്മാണ മേഖലയിലെ അനീതികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നവംബർ മൂന്നിന് ഭീമഹർജി നൽകുന്നതാണ്. ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച ഒപ്പുശേഖരണം കേരളപ്പിറവിദിനം വരെ തുടരും.
കോമ്പസിറ്റ് ടെണ്ടർ ഒഴിവാക്കാൻ നടപടി സ്വീകരിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് യോഗം നന്ദി രേഖപ്പെടുത്തി. മന്ത്രി തല ചർച്ചയ്ക്ക് മുൻകൈ എടുത്ത മുൻമന്ത്രിയും ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ വിഎസ് ശിവകുമാറിനെ യോഗം അഭിനന്ദിച്ചു.
ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കേരളാ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ, കേരളാ വാട്ടർ അതോരിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ, കേരളാ ഗവ. ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ എന്നിവയെ പ്രതിനിധീകരിച്ച് വർഗീസ് കണ്ണമ്പള്ളി, ആർ.രാധാകൃഷ്ണൻ , ജോസഫ് ജോൺ , കെ. അനിൽകുമാർ, അഷറഫ് കടവിളാകം, ഇ.എ. വഹാബ്, ഷാജി ഇലവത്തിൽ, റെജി.ടി. ചാക്കോ, മാത്യു പായിക്കാടൻ, രാധാകൃഷ്ണൻ പാലക്കാട്, ഡൊമിനിക് സഖറിയ, അജികുമാർ വള്ളിക്കോട്, കെ. രഘുനാഥൻ, അബ്ദുൾ സലാം തുടങ്ങിയവർ പ്രസംഗിച്ചു.
നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളെ കോ – ഓർഡിനേഷന്റെ ഭാഗമാക്കുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിന് നജീബ് മണ്ണേൽ , ആർ.രാധാകൃഷ്ണൻ , ജോസഫ് ജോൺ , ഷാജി , കെ. അനിൽ കുമാർ എന്നിവരെ ചുമതലപ്പെടുത്തി.
ആർ.രാധാകൃഷ്ണൻ
ജനറൽ കൺവീനർ
K.G.C.C.C.
