ലൈസൻസ് പുതുക്കൽ: കടക്കെണിയിൽപ്പെട്ട കരാറുകാരെ ഇങ്ങനെ “സഹായിച്ച് വലക്കരുതേ!”

കടക്കെണിയിൽപ്പെട്ടതുകൊണ്ടും അന്യായ സെക്യൂരിഅടയ്ക്കാൻ നിർവ്വാഹമില്ലാതിരുന്നതു കൊണ്ടും 2023 മുതൽ ലൈസൻസ് പുതുക്കാൻ കഴിയാതിരുന്ന കുറെയധികം കരാറുകാരുണ്ട്. അലസത കൊണ്ടോ, ഉപേക്ഷ കൊണ്ടോ ആരും ലൈസൻസ് പുതുക്കാതിരിക്കില്ല. കാരണം ലൈസൻസ് കരാറുകാരന്റെ ഐഡന്റിറ്റിയാണ്. അതില്ലെങ്കിൽ തൊഴിലിൽ തുടരാനാവില്ല. നിലവിലുളള പ്രവർത്തികൾ പോലും പൂർത്തിയാക്കാനാവില്ല.

അപ്പോൾ എന്തുകൊണ്ട് പകുതിയിലേറെ A, B ക്ലാസ്സ് കരാറുകാർ ലൈസൻസ് പുതുക്കിയില്ല?

  1. ഒന്നാമത് ഭീമമായ കടം.
  2. മെഷിനറി കളും ടിപ്പറുകളും വിറ്റുതുലയ്ക്കേണ്ടി വരുന്നു.
  3. ജി.എസ്.ടി യിലെ പിഴയും പിഴ പലിശയും മൂലമുള്ള ബാധ്യതകൾ.
  4. പ്രയോജനമുള്ള പണികളൊക്കെ ഊരാളുങ്കലിനും അക്രെഡിറ്റഡ് ഏജൻസികൾക്കും ടെണ്ടറില്ലാതെ നൽകപ്പെടുന്നു.
  5. ടെണ്ടർ നടന്നാൽ, വൻ ആനുകൂല്യങ്ങളോടുകൂടി മത്സരിക്കാൻ എത്തുന്നവരെ നേരിടാൻ സാധാരണ കരാറുകാർക്ക്കഴിയുന്നില്ല.
  6. കഷ്ടപ്പെട്ട് പണിതീർത്താൽ, പണം ഇല്ല.
  7. വൈകി അനുവദിക്കുന്ന ബിൽ തുകയ്ക്ക് വീണ്ടും ട്രഷറി നിയന്ത്രണം !

ജീവിതായോധനത്തിനുള്ള ആശ്രയിക്കാവുന്ന തൊഴിലായി ആർക്കും കരാർപണിയെ കാണാനാവുന്നില്ല. ചുവപ്പുനാടയുടെ കുരുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരും വീടു നഷ്ടപ്പെട്ടവരും അനവധി. പുതിയ ചെറുപ്പക്കാർ കടന്നുവരുന്നില്ല. പുതിയ സർക്കാർ ഒട്ടേറെപ്പേർക്ക് പ്രതീക്ഷ നൽകി. തിരിച്ചു വന്നാലോ എന്ന ചിന്ത പലരിലും അങ്കുരിച്ചു. മന്ത്രി തല ചർച്ചകൾ പ്രതീക്ഷ വർദ്ധിപ്പിച്ചു. ഉത്തരവ് വന്നപ്പോൾ ഞെട്ടി.

താഴെ കൊടുത്തിരിക്കുന്ന പൊതുമരാമത്ത് (H) വകുപ്പിന്റെ ഉത്തരവ് , സ.ഉ. (സാധാ ) നം.1298 / 2026 (PWD )നോക്കൂ.

2023 – ൽ പുതുക്കാൻ കഴിയാതിരുന്ന ലൈസൻസ് പുതുക്കണമെങ്കിൽ അന്നത്തെ പിഴയുടെ മുപ്പത് ഇരട്ടി “പിഴ” യായി കരാറുകാരൻ നൽകണം.

A- ക്ലാസിൽ തുടരാൻ നിർവ്വാഹമില്ലാത്തവർക്ക് B യിലേയ്ക്കാ, C യിലേയ്ക്കാ സ്വയം മാറാനുള്ള ഡൗൺ ഗ്രേഡിംഗ് അനുവദിക്കണം. ലൈസൻസ് ഉപയോഗിച്ച് കമ്പനിയുണ്ടാക്കി ശാക്തീകരണം നടത്താനും അനുമതി നൽകണം. മരാമത്ത് മാന്വൽ പരിഷ്ക്കരിക്കുന്നതിനുള്ള നടപടികൾ ധൃതഗതിയിൽ നടത്തുന്ന മന്ത്രി പി.കെ. ബഷീറിനെയും വകുപ്പ് സെക്രട്ടറി, ചീഫ് എഞ്ചിനിയറന്മാർ തുടങ്ങിയവരെയും അഭിനന്ദിക്കുന്നു. സംരംഭക സൗഹൃദമായ മാന്വലും കരാർ വുവസ്ഥകളും നടപ്പിൽ വരുമെന്ന് വിശ്വസിക്കുന്നു. അന്യായ ഉത്തരവ് തിരുത്തണം.


വർഗീസ് കണ്ണമ്പള്ളി

Share this post: