കരാറുകാരുടെ അവകാശ പത്രിക തയ്യാറായി

നിർമ്മാണ മേഖലയിലെ അനീതികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകുന്ന അവകാശ പത്രികയ്ക്ക് തിരുവനന്തപുരം പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ (പഴയ വി.ജെ.ടി ഹാൾ) നടന്ന കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ സമ്മളനം അന്തിമ രൂപം നൽകി. രാവിലെ പൊതുസമ്മേളനവും ഉച്ച ഭക്ഷണത്തിനുശേഷം ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകളും നടന്നു. പൊതു ആവശ്യങ്ങൾക്കൊപ്പം പൊതുമരാമത്ത് റോഡ്സ്, കെട്ടിടങ്ങൾ, ഇലക്ട്രിക്കൽ വിഭാഗം, ഇലക്ട്രോണിക്സ് വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ്, വാട്ടർ റിസോഴ്സ് വകുപ്പ്, വാട്ടർ അതോരിറ്റി, കിഫ്ബി , പി.എം.ജി.എസ്. വൈ , ആർ.കെ.ഐ വിഭാഗങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, ചർച്ച ചെയ്യപ്പെട്ടു.

ചെയർമാൻ നജീബ് മണ്ണേലിന്റെ (കൊല്ലം ജില്ലാ പഞ്ചായത്തു മെമ്പർ ) അദ്ധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം ബിൽഡേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ മുൻ വൈസ് ചെയർമാനും പി.ആർ.എസ് ഗ്രൂപ്പുകളുടെ എം.ഡി.യുമായ ആർ. മുരുകൻ ഉൽഘാടനം ചെയ്തു. നിർമ്മാണ മേഖലയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും കരാറുകാർ വളർച്ചയ്ക്ക് വേണ്ടി സ്വീകരിക്കേണ്ട വൈവിദ്യവൽക്കരണത്തെക്കുറിയും അദ്ദേഹം ഉദാഹരണങ്ങൾ സഹിതം വിശദമാക്കി. ഗുണമേന്മ ആയുധമാക്കണം. എ.ഐ വളർച്ച നിർമ്മാണ മേഖലയിൽ വലിയ പരിവർത്തനം കൊണ്ടുവരും.

പുതിയ തൊഴിൽ നിയമങ്ങൾ .സംരംഭകർക്ക് വെല്ലുവിളിയാണ്. ഒരു ദിവസത്തയ്ക്ക് മാത്രം നിയോഗിക്കുന്ന തൊഴിലാളിയുടെ പേരിലും കരാറുകാരൻ ഇ.പി.എഫിൽ പണം അടയ്ക്കണം.
കോൺഫെഡറേഷൻ ഓഫ് അഖിലേന്ത്യാ ട്രേയ്ഡേഴ്സ്ജനറൽ സെക്രട്ടറി എ.എസ്. മനോജ് ജി..എസ്.ടി നിയമത്തിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. ബിൽ തുക ലഭിക്കുന്നതിന് മുൻപ് ഗവ.കരാറുകാർ ജി.എസ്.ടി അടയ്ക്കണമെന്ന വ്യവസ്ഥ മാറ്റാൻ കോൺഫെഡറേഷന്റെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തു. ബാങ്ക് ഓവർഡ്രാഫ്റ്റ്‌ സമ്പ്രദായം ഒഴിവാക്കി ബിൽ തുക ലഭിക്കുന്നതു വരെ ടേം ലോണായി കരാറുകാർക്ക് പണം നൽകണം. പലിശ നിരക്ക് കുറയ്ക്കണം ഭവന നിർമ്മാണ വായ്പയ്ക്ക് ഈടാക്കുന്ന കുറഞ്ഞ പലിശയ്ക്ക് കരാറുകാർക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

സർഫാസി നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് തടയണമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ കെ.സതീഷ് കുമാർ ആവശ്യപ്പെട്ടു. ഗവ. കരാറുകാരെ കടക്കെണിയിൽ നിന്നും രക്ഷിക്കാൻ പ്രത്യേക കടാശ്വാസ പദ്ധതി നടപ്പാക്കണമെന്നും സതീഷ് കുമാർ ആവശ്യപ്പെട്ടു.

ഇലക്ടിക്കൽ കരാറുകാരോട് അനുഭാവ പൂർവ്വമായ സമീപനം സ്വീകരിച്ച പൊതുമരാമത്ത് മന്ത്രിയെ, ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ അഭിനന്ദിച്ചു. കോമ്പസിറ്റ്‌ ടെണ്ടർ അവസാനിപ്പിക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാട്ടർ അതോരിറ്റിയിലെ അറ്റകുറ്റപണികൾ ചെയ്ത കരാറുകാർക്ക് 19 മാസത്തെ കുടിശ്ശിക താങ്ങാനാവുന്നില്ലെന്ന് വാട്ടർ അതോരിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് ജോൺ പ്രസ്താവിച്ചു. അറ്റകുറ്റപണിക്കാരുടെയും ജൽ ജീവൻ മിഷൻ കരാറുകാരുടെയും പ്രശ്നങ്ങൾ വകുപ്പ്മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി അദ്ദേഹം അറിയിച്ചു. ജൽ ജീവൻ മിഷൻ കേന്ദ്ര വിഹിതം വാങ്ങിയെടുക്കാൻ ശക്തമായ നീക്കം നടത്തുമെന്നും ജോസഫ് ജോൺ അറിയിച്ചു.

കരാർ വ്യവസ്ഥകളെക്കുറിച്ചും ആധുനികനിർമ്മാണ രീതി ശാസ്ത്രങ്ങളിലും കരാറുകാർ നല്ല അവബോധം നേടണമെന്ന് കെ.ജി.സി.എ. ലീഗൽകമ്മിറ്റി ചെയർപേഴ്സൺ അഡ്വ ലതാ കുമാരി ആവശ്യപ്പെട്ടു. കെ.ജി.സി.എ. സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി അവകാശ പത്രികയുടെ കരട് അവതരിപ്പിച്ചു. സുനിൽ പോള നന്ദി അറിയിച്ചു. വിവിധ വിഭാഗം കരാറുകാരുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകൾക്ക് ശേഷം അവകാശ പത്രികയ്ക്ക് ഭാരവാഹികൾ അന്തിമ രൂപം നൽകി.

Share this post: