സംസ്ഥാന ഭവന നയം നടപ്പാക്കും: മന്ത്രി കെ രാജന്‍

സംസ്ഥാന ഭവന നയം താമസിയാതെ രൂപീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പ്രസ്താവിച്ചു. മാറിവരുന്ന കാലാവസ്ഥയും മലയാളിയുടെ ആര്‍ഭാട ഭവനങ്ങളോടുള്ള മമതയും ഒക്കെ വിലയിരുത്തിയാവും പുതിയ ഭവന നയം രൂപീകരിക്കുക. 2018-ലെ പ്രളയം നമ്മെ പലതും പഠിപ്പിച്ചു. പക്ഷെ, അവ നല്‍കിയ പാഠങ്ങള്‍ നാം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ല. ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍, കൂറ്റന്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം, മലയോരങ്ങളില്‍ വീട് നിര്‍മ്മാണം എന്നിവയ്ക്കു വേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ ഈ നയത്തില്‍ വ്യക്തമാകും.

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം നടപ്പിലാക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫിനിഷിംഗക് സ്തൂളിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം ലഭ്യമാക്കുക എന്ന ലക്ഷ്യംവെച്ചാണ് ഫിനിഷിംഗ് സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ തനത് ഗൃഹനിര്‍മ്മാണ വാസ്തുവിദ്യാ ശൈലികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് കൂടിയാണ് ഇത്തരം പഠന കളരികള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ വി കെ പ്രശാന്ത് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ ഫെബി വര്‍ഗീസ് സ്വാഗതം പറഞ്ഞു.

Share this post: