എഞ്ചിനീയറിംഗ് ബിരുദധാരികൾ പോലും എ.ക്ലാസ് ലൈസൻസ് ഉപേക്ഷിച്ച് സി.ക്ലാസിലേക്ക് മാറുന്നു. ചിലർ ലൈസൻസ് ഉപേക്ഷിക്കുന്നു. ആയിരത്തി അഞ്ഞൂറിലേറെ കരാറുകാരുടെ അക്കൗണ്ടുകൾ പ്രവർത്തന രഹിതമായിരിക്കുന്നു. മെഷിനറികളും ടിപ്പറുകളും പലരും വിറ്റുതുലയ്ക്കുന്നു. കോടതികളിൽ കയറിയിറങ്ങുന്ന കരാറുകാരുടെ എണ്ണത്തിൽ മാത്രം വൻ വർദ്ധന !
ഊരാളുങ്കൽ, അക്രെഡിറ്റഡ് ഏജൻസികൾ , അതിഥി കരാർകമ്പനികൾ എന്നിവർ നിർമ്മാണ കരാർ മേഖലയുടെ സിംഹഭാഗവും കയ്യടക്കിയതാണ് കരാറുകാരുടെ കൊഴിഞ്ഞു പോക്കിനും ഉയർന്ന ക്ലാസുകളിൽ നിന്നും താഴ്ന്ന ക്ലാസുകളിലേയ്ക്കുള്ള മാറ്റത്തിനും പ്രധാന കാരണം. എൽ.എസ്.ജി.ഡിയിൽ മാത്രമാണ് കേരള കരാറുകാർക്ക് കഷ്ടിച്ച് പിടിച്ചു നില്ക്കാൻ കഴിയുന്നത്. പഴയ എ. ക്ലാസുകാരുൾപ്പെടെ പുതുതായി എൽ.എസ്.ജി.ഡി യിലേയ്ക്ക് കടന്നുവരുമെന്നത് അവിടെയും മത്സരം കടുപ്പിക്കും.
എന്താണ് പരിഹാരമാർഗ്ഗം? സർക്കാരിന്റെ നയം മാറ്റം പരമപ്രധാനമാണ്. കരാറുകാർ മാത്രമല്ല, സർക്കാർ വകുപ്പുകളും പാർശ്വവൽക്കരിക്കപ്പെടുകയാണ്. കരാറുകാരും സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഒന്നിച്ചിറങ്ങിയാൽ സർക്കാരിന് നയം മാറ്റേണ്ടിവരും. അതിനുള്ള ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചിട്ടുണ്ട്. അതു് വിജയിക്കുന്നതു വരെ പിടിച്ചു നില്ക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് ഓരോ കരാറുകാരന്റെയും അനിവാര്യതയാണ്. കാർഷിക അടിസ്ഥാന സൗകര്യ വികസനനിധിയിൽ നിന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കാർഷിക സംരംഭങ്ങൾക്ക് മികച്ച പ്രോത്സാഹനം നൽകുന്നുണ്ട്. പക്ഷേ അവയൊന്നും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കർഷകർക്ക് കഴിയുന്നില്ല. കരാറുകാരുടെ സംരംഭകത്വശേഷിയും സംഘാടക മികവും പ്രയോജനപ്പെടുത്തിയാൽ കാർഷിക സംരംഭങ്ങളുടെ നടത്തിപ്പിൽ വിജയിക്കാൻ കഴിയുമെന്ന് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നു. കുറഞ്ഞ സമയം കൊണ്ട്, കരാറുകാർ കാർഷിക മേഖലയിലും മറ്റും വിജയഗാഥകൾ രചിച്ചു തുടങ്ങായിട്ടുണ്ട്.
മേയ് 15-ന് ആലപ്പുഴ, കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രയിൽ (K.V.K ) നടക്കുന്ന സെമിനാറിൽ , കാർഷിക മേഖലയിൽ വിജയകരമായി നടത്താൻ കഴിയുന്ന സംരംഭങ്ങളെക്കുറിച്ചും അവയ്ക്ക് കേന്ദ്ര – സംസ്ഥാന സർക്കാരുകളും , നബാർഡ്, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയും നൽകുന്ന സഹായങ്ങളും വായ്പകളും വിശദീകരിക്കപ്പെടും. കാർഷിക സംരംഭങ്ങൾ വിജയകരമായി നടത്തുന്ന സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കും. തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും കൃഷി വിജ്ഞാൻ കേന്ദ്രയിലെയും കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിക്കാനും കഴിയും.
ടൂറിസം, പ്രതിരോധ സേനയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ശില്പശാലകളും പരിശീലനപരിപാടികളും പ്ലാൻ ചെയ്യുന്നുണ്ട്. കരാറുകാരെ കടക്കെണിയിൽ നിന്നും രക്ഷിക്കാനും അവരുടെ ജീവിത ഭദ്രത ഉറപ്പു വരുത്താനും ആവശ്യമായ നടപടികളാണ് അടിയന്തിരമായി നടത്തേണ്ടത്.

കായംകുളം കെ.വി.കെ യുടെ ഹെഡ്ഡ് സയൻറ്റി സ്‌റ്റ് ഡോ.പി.മുരളീധരനുമായി കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചർച്ച നടത്തുന്നു.
ടീം വികാസ് മുദ്ര