എന്തിനീ കരാറുകാർ? എന്തിനീ നിർമ്മാണ വകുപ്പുകൾ?

കേരളത്തിൽ നിർമ്മാണ വകുപ്പുകളും ഗവ. കരാറുകാരും ഇനി എന്തിനെന്ന ചോദ്യം വ്യാപകമായി ഉയരുകയാണെന്ന് കേരള ഗവ.കോൺട്രാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ നജീബ് മണ്ണേൽ അറിയിച്ചു.

സിംഗിൾ ടെണ്ടറായാൽ റീ-ടെണ്ടർ നടത്തണമെന്ന നിയമമുള്ള സംസ്ഥാനത്ത് ടെണ്ടറില്ലാതെ എത്ര കോടി രൂപയുടെ പ്രവർത്തികളും നൽകുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ക്രമീകരിച്ച പ്രവർത്തികളിൽ ആയിരത്തിലേറെ കോടികളുടെ പ്രവർത്തികളാണ് ഊരാളുങ്കലൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് ടെണ്ടറില്ലാതെ നൽകിയിരിക്കുന്നത്. പൊതു മരാമത്ത്‌ വകുപ്പിന് ആകെ നൽകിയത്‌ 20 കോടിയുടെ പ്രവർത്തികൾ! ടെണ്ടർ ചെയ്യുമ്പോൾ അതും 10% പ്രൈസ് പ്രിഫറൻസിന്റെ ബലത്തിൽ ഊരാളുങ്കൽ തന്നെ കൊണ്ടുപോകാനാണ് സാദ്ധ്യതയെന്നും നജീബ് മണ്ണേൽ പറഞ്ഞു.

കുത്തകവൽക്കരണത്തെഎതിർക്കുന്ന നയമാണെന്ന് അവകാശപ്പെടുന്ന സർക്കാരാണ് ഊരാളുങ്കലിനെ പൊതുനിർമ്മാണ പ്രവർത്തികളുടെ കുത്തകക്കാരാക്കാൻ ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിലൊഴികെ എഞ്ചിനീയറന്മാർക്ക് കാര്യമായ പണിയില്ല. ജലവിഭവ വകുപ്പിൽ ജീവനക്കാരുടെ ശബളത്തിനും പെൻഷനും വേണ്ടിവരുന്ന തുകയാണ്, അവിടെ നടക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയെക്കാൾ കൂടുതൽ. സർക്കാർ വകുപ്പുകളിലെ എഞ്ചിനീയറന്മാരുടെ അധികാരങ്ങൾ ഒന്നൊന്നായി വെട്ടിച്ചുരുക്കി. ധനവകുപ്പിന്റെ കീഴിലുള്ള ചീഫ് ടെക്നിക്കൽ എക്സാമിനറാണ് (CTE) സർക്കാർ വകുപ്പുകളുടെ എഞ്ചിനീയറിംഗ് മേധാവി. മറ്റ് ചീഫ് എഞ്ചിനീയറന്മാരും വകുപ്പു സെക്രട്ടറിമാരും മന്ത്രിമാരും അംഗീകരിച്ച് ധനവകുപ്പിലേയ്ക്ക് അയയ്ക്കുന്ന ഫയലുകളിൽ അന്തിമ തീരുമാനം ,ഫലത്തിൽ, എടുക്കുന്നത് ചീഫ് ടെക്നിക്കൽ എക്സാമിനറാണ്. ഊരാളുങ്കൽ ഒരെ സമയം അക്രെഡിറ്റഡ് ഏജൻസിയും ലേബർ സംഘവുമാണ്. മറ്റ് നാല്പതിൽപരം അക്രെഡിറ്റഡ് ഏജൻസി കളുണ്ട്. നൂറിലേറെ ലേബർ സംഘങ്ങളും. ടെണ്ടറില്ലാതെയും ടെണ്ടറിൽ 10% മുൻഗണന നൽകിയും എന്തിനാണ് അക്രഡിറ്റഡ് ഏജൻസികളെയും ലേബർസംഘങ്ങളെയും വഴിവിട്ട് സഹായിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണം. സർക്കാരിന്റെ നിർമ്മാണ വകുപ്പുകളെ ദുർബലപ്പെടുത്തി, പകരം ഊരാളുങ്കൽ ഉൾപ്പെടെയുള്ളവരെ കൊണ്ടുവരുന്ന തെന്തിനാണ്. ? ഗവ. കരാറുകാർ എന്ന വിഭാഗത്തെ ഒഴിവാക്കുന്നതു കൊണ്ട് സർക്കാരിനുണ്ടാകുന്ന നേട്ടമെന്തെന്നും വിശദീകരിക്കപ്പെടണം.

ടീം വികാസ് മുദ്ര

Share this post: