ജല അതോരിറ്റിയിലെ ചെറുകിട കരാറുകാര്‍ കടുത്ത നിരാശയില്‍

തിരുവനന്തപുരം. പതിനെട്ടു മാസത്തെ കുടിശ്ശിക ബില്ലുകളില്‍ ആറു മാസത്തെ പണമെങ്കിലും ക്രിസ്തുമസിന് മുന്‍പ് ലഭിക്കുമെന്ന വാട്ടര്‍ അതോരിറ്റിയിലെ ചെറുകിട കരാറുകാരുടെ പ്രതീക്ഷ അസ്ഥാനത്തായി. ഡിസംബര്‍ 20 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം
തല്ക്കാലത്തേയ്ക്ക് അവര്‍ മാറ്റി വച്ചത്, കുറെ പണമെങ്കിലും ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് .
ഡിസംബര്‍ 23-ന് ഒരു മാസത്തെ പണമെങ്കിലും നല്‍കാനുള്ള പ്രൊപ്പോസല്‍ അയച്ചിട്ടും ഇതുവരെ ഫയല്‍ മടങ്ങി വന്നിട്ടില്ല.

ചെറുകിട -ഇടത്തരം കരാറുകാര്‍, വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള പണികള്‍ അടങ്കല്‍ തുകയ്ക്കും അതിനെക്കാള്‍ കുറച്ചും ഏറ്റെടുത്ത് ഗുണമേന്മയിലും വേഗത്തിലും പൂര്‍ത്തികരിച്ചു കൊണ്ടിരുന്നതാണ്.
എന്നാല്‍ പതിനായിരക്കക്കണക്കിന് കണക്ഷനുകള്‍ക്കുള്ള പണികള്‍ ഒന്നിച്ചു ചേര്‍ത്ത് അടങ്കല്‍ തുക വന്‍കിടക്കാര്‍ക്ക് മാത്രം പ്രാപ്യമാകത്തക്കവിധം ടെണ്ടര്‍ ചെയ്യുകയാണിപ്പോള്‍. 900 കോടി രൂപയുടെ അടങ്കലില്‍ വരെയാണ് ടെണ്ടറുകള്‍ തയ്യാറാക്കുന്നത്. കേരളത്തിലെ ഒരു കരാറുകാരനും പണി ഏറ്റെടുക്കരുതെന്ന് ആര്‍ക്കോ വാശിയുള്ളതുപോലെയാണിത്. വന്‍കിട ടെണ്ടറുകളില്‍ 42 ശതമാനം വരെ ഉയര്‍ന്ന നിരക്ക് നല്‍കാനും സന്നദ്ധമാണ്.

വന്‍കിട ടെണ്ടറുകള്‍ ഏറ്റെടുക്കുന്നവര്‍ ഉപകരാറുകള്‍ നല്‍കിയാണ് പണി ചെയ്യുന്നത്.ഉപകരുകാര്‍ വീണ്ടും ഉപകരാര്‍ നല്‍കുന്നു. ഒടുവില്‍ യാതൊരു മുന്‍പരിചയവുമില്ലാത്തവര്‍ പണി ചെയ്യുന്നു.
തദ്ദേശവാസികളായ കരാറുകാര്‍ നേരിട്ട് കുറഞ്ഞ നിരക്കില്‍ പണി ചെയ്യുന്നതു് ഒഴിവാക്കി ഉയര്‍ന്ന നിരക്കില്‍ വന്‍കിട കമ്പനികള്‍ക്ക് പണികള്‍ നല്‍കുന്നതിന്റെ പിന്നിലുള്ള താല്പര്യങ്ങള്‍ ദുരൂഹമാണെന്ന് വാട്ടര്‍ അതോരിറ്റി കരാറുകാര്‍ ആരോപിക്കുന്നു.

Share this post:

3 Replies to “ജല അതോരിറ്റിയിലെ ചെറുകിട കരാറുകാര്‍ കടുത്ത നിരാശയില്‍”

  1. ഒന്നുകിൽ വെള്ളക്കരം വാർദ്ധിപ്പിച്ചു വാട്ടർ അതൊരിട്ടിയെ രക്ഷിക്കുക. ഇല്ലെങ്കിൽ വാട്ടർ അതോറിട്ടിക്കുള്ള ബഡ്ജറ്റ് വിഹിതം കൂട്ടി അർഹമായ ഗ്രാന്റ് അനുവദിക്കുക. എന്തായാലും വാട്ടർ ചാർജ്ലി റ്ററിന് 4പൈസ എന്ന നിലയിൽ നിന്ന് 40പൈസയെങ്കിലുമാക്കാതെ ചെയ്യുന്ന ഏത് സംവിധാനവും ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണ്. ഒന്നരക്കൊല്ലത്തെ കുടിശ്ശികയുള്ളപ്പോൾ ഒരുമാസത്തെ പൈസ അനുവദിക്കാം എന്ന വാട്ടർ അതോറിട്ടി മാനേജ് മെന്റിന്റെ നിലപാട് അത്യന്തം ലജ്ജകരമാണ്.!!

  2. മെയ്ന്റനൻസ് കരാറുകാരുടെ അവസ്ഥ വളരെ ദയനീയം ആണ്, ക്രിസ്തുമസിന് മുൻപ് കുറച്ചു പൈസ എങ്കിലും കിട്ടുമെന്ന് കരുതി ആണ് എല്ലാവരും ഇരുന്നത്.. എന്നാൽ അതോറിറ്റി അതിവിദഗ്ധമായി കരാറുകാരെ പറ്റിച്ചു.

Comments are closed.