വാട്ടര്‍ അതോരിറ്റി മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍

വര്‍ഗീസ് കണ്ണമ്പള്ളി

രണ്ട് സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥാര്‍, ടെക്‌നിക്കല്‍ മെമ്പര്‍ ,ഫിനാന്‍ഷ്യല്‍ മെമ്പര്‍, പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നോമിനികളടങ്ങിയ ഡയറക്ടര്‍മാര്‍ എന്നിവരടങ്ങിയതാണ് കേരള വാട്ടര്‍ അതോരിറ്റിയുടെ മാനേജ്‌മെന്റ് സംവിധാനം. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുടെ മേല്‍നോട്ടവും ഉണ്ട്.

എന്നിട്ടും സംസ്ഥാന മുഖ്യമന്ത്രിയുടെ ആഫീസി ല്‍ നിന്നും 10-9-2021-ല്‍ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള ഒരു പ്രൊപ്പോസല്‍ ആവശ്യപ്പെട്ടതിനുള്ള മറുപടി ഇതുവരെ നല്‍കിയിട്ടില്ല.

ഡോ ടി.എം.തോമസ് ഐസക്ക് ധനമന്ത്രിയായിരുന്നപ്പോള്‍ വാട്ടര്‍ അതോരിറ്റിയിലും പൊതുമരാമത്ത് – ജലവിഭവവകുപ്പുകളിലെ രീതിയില്‍ ബി.ഡി.എസ് നടപ്പാക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നതാണ്. വാട്ടര്‍ അതോരിറ്റി മാനേജ്‌മെന്റ് അത് നടപ്പാക്കിയില്ല. പകരം കരാറുകാരില്‍ നിന്നും പലിശ ഈടാക്കി വായ്പ നല്‍കുന്ന സപ്രദായം തുടരുകയായിരുന്നു. ബില്‍ തുകയ്ക്ക് പകരം വായ്പ എന്നതു് ശരിയല്ലെന്ന് ഹൈക്കോടതി വിധിച്ച തോടുകൂടി അതും നിലച്ചു.

ധനമന്ത്രി കെ.എന്‍.ബാലഗോപാലും ബി.ഡി.എസ്. നടപ്പാക്കുന്നതിന് അനുകൂലമാണ്. എന്നാല്‍ ധനവകുപ്പുമായി ചര്‍ച്ച ചെയ്ത് അത് നടപ്പക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. പൊതുമരാമത്ത് മാന്വലും കരാര്‍ വ്യവസ്ഥകളും വാട്ടര്‍ അതോരിറ്റിക്കും ബാധകമാണ്. എന്നാല്‍ അതും പാലിക്കുന്നില്ല.
വകുപ്പുമന്ത്രി പോലും അറിയാതെ ക്യൂ.സി.ബി.എസ് എന്ന ഏര്‍പ്പാട് നടപ്പക്കാന്‍ ശ്രമിച്ചതു് മന്ത്രി ഇടപെട്ട് റദ്ദാക്കേണ്ട സ്ഥിതിയും ഉണ്ടായി.

ജല്‍ ജീവന്‍ മിഷന്‍ ജോലികളുടെ അടങ്കലുകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി തയ്യാറാക്കപ്പെടുന്നില്ല. അടങ്കലില്‍ പറയുന്നതിന്റെ പകുതി കണക്ഷനുകള്‍ പോലും ചില പ്രവര്‍ത്തികളില്‍ ഉണ്ടാകാറില്ല.
കുറഞ്ഞ നിരക്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്ന കേരള കരാറുകാരെ ഒഴിവാക്കി ഉയര്‍ന്ന നിരക്കുകളില്‍ പ്രവര്‍ത്തി ഏറ്റെടുത്ത് , കുറഞ്ഞ നിരക്കില്‍ സബ് കോണ്‍ട്രാക്ടര്‍മാരെ കൊണ്ട് പണി ചെയ്യിക്കുന്ന ഇതര സംസ്ഥാനത്തുള്ള വന്‍കിട കരാറുകാര്‍ക്ക് കരാര്‍ നല്‍കാനുള്ള മാനേജ്‌മെന്റ് നീക്കവും
സംശയാസ്പദമാണ്.

യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ട ജല്‍ ജീവന്‍ മിഷന്‍ പദ്ധതി വൈകുന്നതു് മാനേജ്‌മെന്റിന്റെ പ്രായോഗികമല്ലാത്ത നിലപാടു മൂലമാണ്. മുഖ്യമന്ത്രി, ധനമന്ത്രി , ജലവിഭവ മന്ത്രി എന്നിവരുടെ നേരിട്ടുള്ള ഇടപെടല്‍ ആസന്നമാണെന്ന് കരുതുന്നു.




Share this post: