sankhumukhom road

ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് നാളെ ഭാഗികമായി തുറക്കും

തിരുവനന്തപുരം, മാര്‍ച്ച് 14. തകര്‍ന്നു കിടന്ന ശംബുമുഖം തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് നാളെ (15/03/2022) മുതല്‍ ഗതാഗതത്തിന് തുറന്നുനല്‍കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ശംഖുമുഖം റോഡിന്റെ പ്രവൃത്തി പുരോഗതി നേരില്‍ വിലയിരുത്തി. മന്ത്രി ശ്രീ. ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. നല്ലരീതിയില്‍ തന്നെ നിര്‍മ്മാണപ്രവൃത്തി മുന്നോട്ട് പോകുന്നുണ്ട്, ശ്രീ റിയാസ് പറഞ്ഞു.

2021 മെയ് 20 ന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റശേഷം താന്‍ ആദ്യം സന്ദര്‍ശിച്ച സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് എന്നറിയപ്പെടുന്ന ശംഖുമുഖം റോഡെന്ന് മന്ത്രി പറഞ്ഞു. 2018 ലെ ഓഖി ദുരന്തത്തിലാണ് ഈ റോഡിന്റെ തകര്‍ച്ച ആരംഭിച്ചത്. പിന്നീട് തുടര്‍ച്ചയായ മഴയും കടല്‍ക്ഷോഭവും കൂടുതല്‍ തകര്‍ച്ചയ്ക്ക് കാരണമായി. മെയ് 15 ന്റെ കടല്‍ക്ഷോഭത്തില്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. ചുമതലയേറ്റപ്പോള്‍ തന്നെ യോഗം ചേര്‍ന്ന് അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചു. 2021 മെയ് 23 ന് ഇവിടെ സന്ദര്‍ശിച്ച് അറ്റകുറ്റപ്പണികള്‍ വിലയിരുത്തി, മന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ട് റോഡ് എന്ന നിലയിലും വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലം എന്ന നിലയിലും ശംഖുമുഖം റോഡിന്റെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളാണ് തുടര്‍ന്ന് സ്വീകരിച്ചത്. കടല്‍ക്ഷോഭത്തില്‍ നിന്നും പ്രകൃതിദുരന്തങ്ങളില്‍ നിന്നും റോഡ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡയഫ്രം വാള്‍ നിര്‍മ്മിച്ചുകൊണ്ട് കടല്‍ക്ഷോഭത്തെ പ്രതിരോധിച്ചുള്ള നിര്‍മ്മാണ പ്രവൃത്തിയാണ് ഇവിടെ നടപ്പിലാക്കുന്നത്.

‘ആക്‌സിലറേറ്റ് പിഡ്യുഡി’ യുടെ ഭാഗമായി നിര്‍മ്മാണ പുരോഗതി വിലയിരുത്തി. നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നു. മന്ത്രി ഓഫീസില്‍ നിന്നും നിരന്തരം പരിശോധന നടത്തി. 2021 ഡിസംബര്‍ മാസം 7 നും 24 നും തുടര്‍ച്ചയായി ഇവിടെ സന്ദര്‍ശിച്ചു. 2022 മാര്‍ച്ച് 15 നുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് ഡിസംബര്‍ 24 ന്റെ സന്ദര്‍ശനത്തില്‍ നിശ്ചയിച്ചു.

തുടര്‍ന്ന് ഒരു വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കി ഓരോ ദിവസത്തെയും പ്രവൃത്തി പുരോഗതി എല്ലാ ദിവസവും രാത്രിയില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. അങ്ങനെ മാര്‍ച്ച് മാസം 15 ന് തന്നെ റോഡ് ഗതഗാതത്തിന് തുറന്നുകൊടുക്കുകയാണ്.

ഇപ്പോള്‍ ഡയഫ്രം വാളിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികളും ഇതേ നിലയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്നു മന്ത്രി പറഞ്ഞു.

Share this post: