എം.സി റോഡിന്റെ പുനരുദ്ധാരണം ഇങ്ങനെ പോരായിരുന്നുവെന്ന് വ്യക്തമായി

വര്‍ഗീസ് കണ്ണമ്പള്ളി

കേരളത്തിലെ പ്രധാന റോഡുകളിലൊന്നായ മെയില്‍ സെന്‍ട്രല്‍ റോഡ് (എം.സി.റോഡ്) ലോക ബാങ്ക് വായ്പ ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ചിട്ട് ഏറെ നാളായില്ല. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ പുനര്‍ നിര്‍മ്മാണം നാലുവരി നിലവാരത്തില്‍ ആയിരിക്കണമെന്നും ആധുനികമാനദണ്ഡങ്ങള്‍ക്കനുസൃതമായി വേണം നിര്‍മ്മാണമെന്നും കെ.ജി.സി.എ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉപരിതലം ബി.എം.ബി.സി ചെയ്യുന്നതിലും കുറേ ഭാഗങ്ങളില്‍ ഓട നിര്‍മ്മിക്കലിലും രൂപകല്പനയും അടങ്കലും ഒതുങ്ങി.

പതി – ബെല്‍ എന്ന കൂട്ടു സംരംഭം ഏറ്റെടുത്ത ഭാഗം പത്തു വര്‍ഷത്തിലേറെ സുരക്ഷിതമായി കിടന്നു. എന്നാല്‍ പതിയുടെ സി.ഇ. ഒ. യ്ക്ക് കുടിശ്ശികയും ചുവപ്പുനാടയും മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നു.
അതിനു ശേഷം നടന്ന അപൂര്‍വ്വം ബി.എം.ബി.സി. പ്രവര്‍ത്തികളൊഴികെയുള്ളതെല്ലാം അകാലത്തില്‍ തകര്‍ന്ന ചിത്രമാണ് കേരളം കണ്ടതു്.

വാഹനങ്ങള്‍ക്ക് ഞെങ്ങിഞെരുങ്ങിയും കുത്തിക്കേറ്റിയും സഞ്ചരിക്കാനും ആളുകള്‍ക്ക് പ്രകടനങ്ങളും യോഗങ്ങളും നടത്താനുമാണ് റോഡുകളെന്ന ധാരണ ഇപ്പോഴും തുടരുകയാണ്.
നിലവിലുള്ള എം.സി റോഡ് വാഹന തിരക്കിനനുസരിച്ച് വീതി കൂട്ടാനോ വളവുകള്‍ നിവര്‍ക്കാനോ കഴിയില്ലെന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടിരിക്കുന്നു.

മനോരമ ചാനല്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടി ഇതിന് അടിവരയിടുകയാണ് ചെയ്തത്.
പരിപാടിയില്‍ പങ്കെടുത്ത പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ്
സമാന്തര റോഡിനുള്ള പ്രൊപ്പോസല്‍ എന്‍. എച്ച് എ, ഐ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച വിവരം വെളിപ്പെടുത്തിയതു്.

അങ്കമാലി മുതല്‍ തിരുവനന്തപുരം കേശവദാസപുരം വരെയുള്ള കേരളത്തിന്റെ മധ്യഭാഗത്തുകൂടിയുള്ള സമാന്തര റോഡ് എത്രവരിയായിരിക്കണമെന്നും എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടായി രിക്കണമെന്നും തീരുമാനിക്കേണ്ടത് ശാസ്ത്രീയമായ സര്‍വ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. അന്‍പത് വര്‍ഷമെങ്കിലും മുന്നില്‍ കണ്ടു കൊണ്ടുള്ള ആസൂത്രണമാണ് വേണ്ടത്. സര്‍വ്വേ നടപടികളില്‍ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ പങ്കാളിത്വം ഉറപ്പു വരുത്തണം. റോഡ് ഗതാഗതത്തില്‍ ആസന്നമായിരിക്കുന്ന വന്‍ മാറ്റങ്ങള്‍ക്ക് അനുസൃതമായിരിക്കണം സമാന്തര റോഡിന്റെ നിര്‍മ്മാണവും സംര ക്ഷണവും.


Share this post: