Malayankizh Pappnamcode Road

മലയിന്‍കീഴ് – പാപ്പനംകോട് റോഡ് നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം, ഫെബ്രുവരി 14. ശബരിമല പാക്കേജില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരത്തെ മലയിന്‍കീഴ് – പാപ്പനംകോട് റോഡ് നിര്‍മാണം മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. നിര്‍മാണം പൂര്‍ത്തിയാകാത്തത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രി നേരിട്ടെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി.
മലയിന്‍കീഴ് മുതല്‍ പാപ്പനംകോട് വരെ എട്ട് കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ പ്രവൃത്തി 2020 – 2021 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുടങ്ങിയത്. 2021 ജൂണില്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിര്‍മാണ നടപടികള്‍ പാതിവഴിയില്‍ നിലച്ചു. റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും ശ്രദ്ധയില്‍പ്പെട്ട ചെറിയ അപാകങ്ങള്‍ പോലും സമയബന്ധിതമായി പരിഹരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

പൊതുമരാമത്തിന് കീഴില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ നിരീക്ഷിക്കുന്നുവെന്നത് വ്യക്തമാണ്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ജനങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നത് അതിന്റെ തെളിവാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും കരാറുകാരും തികഞ്ഞ ഉത്തരവാദിത്തത്തോടെ വേണം ജോലികള്‍ പൂര്‍ത്തിയാക്കാനെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡുകള്‍, കെട്ടിടനിര്‍മാണം തുടങ്ങിയവ നടക്കുമ്പോള്‍ വെറും കാഴ്ചരാകുന്നതിന് പകരം ഉത്തരവാദിത്തമുള്ള കാവലാളാകാന്‍ ഓരോ പൗരനും സാധിക്കണം. ഇത് ലക്ഷ്യം വെച്ചുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് വളരെ വേഗത്തില്‍ പ്രോജക്റ്റ് മാനേജ്മന്റ് സിസ്റ്റം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. നിര്‍മാണ പ്രവര്‍ത്തികളുടെ ഗുണനിലവാരം പരിശോധിക്കാനായി ഓരോ നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക സംവിധാനമുണ്ടാകും.

പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതുപോലെ പ്രധാനമാണ് ഗുണനിലവാരം ഉറപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി വകുപ്പുദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Share this post: