KIIFB funds for Anakkampoyil tunnel

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്ബി ധനാനുമതി

തിരുവനന്തപുരം ഫെബ്രുവരി 15. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡിനു ബദലായുള്ള 6.8 കിലോമീറ്റര്‍ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചതായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് അറിയിച്ചു. പണി തീരുമ്പോള്‍ കേരളത്തിലെ ഏറ്റവും വിലിയ തൂരങ്കപാതയായി ഇത് മാറും. ഇന്ന് ചേര്‍ന്ന കിഫ്ബി ഫുള്‍ ബോഡി യോഗമാണ് ധനാനുമതി നല്‍കിയത്. തുരങ്കപാത നിലവില്‍ വന്നാല്‍ താമരശ്ശേരി ചുരം റോഡിലെയും ചക്രംതളം ചുരത്തിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും. ടണലിലൂടെ നാലുവരിപ്പാത നിര്‍മ്മിക്കാനാണ് പദ്ധതി.

കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പിന്നീട് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരമാണ് 2134 കോടി രൂപയുടെ ചെലവ് വരുമെന്ന് കണ്ടത്. ഫോറസ്റ്റ് ക്ലിയറന്‍സ്, സര്‍ക്കാര്‍ ഭരണാനുമതി എന്നിവ ലഭിച്ചാല്‍ നിര്‍മ്മാണ നടപടികളിലേക്ക് കടക്കാനാവും.

Share this post: