കരാറുകാരന് ഇരട്ടിത്തുക: അഴിമതിയോ പിശകോ ?

വികാസ്മുദ്ര, തിരുവനന്തപുരം. ജല അതോരിറ്റിയിക്കു വേണ്ടി 1.08 കോടി രൂപയുടെ പണി ചെയ്ത കരാറുകാരന് ഇരട്ടിത്തുക അനുവദിച്ചതായുള്ള ആരോപണത്തില്‍ അതോരിറ്റിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത് ഇന്നത്തെ (24-12-2021) മലയാള മനോരമയില്‍ വലിയ വാര്‍ത്തയായിരിക്കുന്നു.
പകല്‍ സമയത്ത് നെറ്റ് കിട്ടാതിരുന്നപ്പോള്‍ രാത്രി പകലാക്കിയാണ് ഡിജിറ്റല്‍ പേമെന്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജോലി ചെയ്തത്.

നൂറ് കണക്കിന് ബില്ലുകളുടെ പണം നല്‍കിയപ്പോള്‍ ഒരു ബില്ലില്‍ ഇരട്ടിപ്പ് വന്നു.അത് തിരിച്ചറിഞ്ഞപ്പോള്‍ മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി പണം തിരിച്ചു വാങ്ങി അക്കൗണ്ട് ശരിയാക്കുകയും ചെയ്തു. പ്രസ്തുത സംഭവമാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷിക്കുന്നതും പത്രം വലിയ വാര്‍ത്തയാക്കുന്നതും.
തകൃതിയായ അന്വേഷണം നടക്കുകയാണ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ കഴിഞ്ഞു.
കരാറുകാരന് പണം നല്‍കിയതില്‍ ഇരട്ടിപ്പ്, അധികത്തുക തിര്യേ പിടിച്ചു എന്ന വാര്‍ത്തയ്ക്ക് സെന്‍സേഷന്‍ കുറവായതിനാല്‍ തലക്കുറി കടുപ്പിച്ചു.

1.08 കോടി രൂപയ്ക്ക് പകരം 2.16 കോടി ഒറ്റതവണയായി കരാറുകാരന് നല്‍കുകയും അതു് മൂടിവയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രശ്‌നം ഗൗരവമുള്ളതാകുമായിരുന്നു. എന്നാല്‍ ജോലി ത്തിരക്കിനിടയില്‍ സംഭവിച്ച സാങ്കേതിക തകരാര്‍ വലിയ അഴിമതിയെന്ന് തോന്നിപ്പിക്കുന്ന വിധം കൈകാര്യം ചെയ്യുന്നത് ഉചിതമല്ല. രാവ് പകലാക്കി പോലും
പണിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ മനോവിര്യം തകര്‍ക്കാന്‍ മാത്രമേ അത് ഉപകരി ക്കുകയുള്ളു. അഴിമതിയെ അഴിമതിയായും പിശകുകളെ പിശകുകളായും കാണാന്‍ കഴിയുന്നിടത്താണ് മേലധികാരികളുടെ കാര്യക്ഷമത പ്രകടമാകുന്നത്.

Share this post: