കേന്ദ്ര പദ്ധതികളും ഫണ്ടും നഷ്ടപ്പെടുത്തരുത്



കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളില്‍ നിന്നും കേരളത്തിന് അര്‍ഹമായ വിഹിതം നേടിയെടുക്കുന്നതിനും അവയുടെ നടത്തിപ്പ് പൂര്‍ണ്ണ വിജയമാക്കുന്നതിനും
കേരളം ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ ദേശിയ പാതകളുടെ ആകെ നീളം ജനസംഖ്യാനുപാതികമായി വര്‍ദ്ധിപ്പിക്കാനും ഗതാഗത തിരക്കിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കാനും നമുക്കു് കഴിഞ്ഞിട്ടില്ല. രണ്ടായിരം കിലോമീറ്ററില്‍ താഴെ നീളമുള്ള ദേശിയ പാതകളിലാണ് കേരളത്തിലെ 40 മുതല്‍ 50 ശതമാനം വരെ റോഡ് ഗതാഗതം നടക്കുന്നതു്. ദേശിയ പാതകള്‍ ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിച്ചാല്‍ നമ്മുടെ റോഡുഗതാഗത മേഖലയിലെ പകുതി പ്രശ്‌നം പരിഹരിക്കപ്പെടും.

എന്നാല്‍, മുന്‍കാലങ്ങളില്‍ പരമാവധി കേന്ദ്ര വിഹിതം നേടിയെടുക്കുന്നതില്‍ നമ്മള്‍ ദയനീയമായി പരാജയപ്പെട്ടു. മറ്റു സംസ്ഥാനങ്ങള്‍ 60 മീറ്റര്‍ വീതിയില്‍ നാലുവരിപാതകള്‍ നിര്‍മ്മിച്ചപ്പോള്‍ നമ്മള്‍ വീതി 45 മീറ്റര്‍ വേണോ 30 മീറ്റര്‍ പോരേ എന്ന ചര്‍ച്ചയിലായിരുന്നു. അതിനാല്‍ അറ്റകുറ്റപണികള്‍ക്കുള്ള പണം പോലും നമുക്ക് നഷ്ടപ്പെട്ടു. പ്രധാന്‍മന്ത്രി ഗ്രാമീണ സഡക്ക് യോജനയിലും (പി.എം.ജി.എസ്.വൈ) നമുക്ക് അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ കഴിയുന്നില്ല. ലഭിച്ച പ്രവര്‍ത്തികള്‍ പോലും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.

റെയില്‍വെ , ദേശിയ ജലപാത, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയിലും സ്ഥിതി ദിന്നമല്ല. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേരളത്തിന് മുന്നേറാന്‍ കഴിയണമെങ്കില്‍ കേന്ദ്ര പദ്ധതികളും ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തുക തന്നെ വേണം. കേന്ദ്ര മുതല്‍ മുടക്ക് വര്‍ദ്ധിപ്പിക്കാനാണ് കേരളം ശ്രമിക്കേണ്ടത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരുമയോടെ കേരളം അതിനായി പരിശ്രമിക്കണം. ദേശിയ പാതകളിലും ദേശിയ പാതകളായി പ്രഖ്യാപിച്ച റോഡുകളിലും സംസ്ഥാന സര്‍ക്കാര്‍ മാത്രം പണം മുടക്കുന്നത് അനാവശ്യമാണ്. ദേശിയ പാതയിലെ പാലാരിവട്ടം, വൈറ്റില മേല്പാലങ്ങള്‍ കേന്ദ്ര വിഹിതമില്ലാതെ കേരളം
നിര്‍മ്മിക്കുകയാണുണ്ടായത്. ആലപ്പുഴ ,കൊല്ലം ബൈപ്പാസുകള്‍ക്കും 50 ശതമാനം പണം സംസ്ഥാനം ചെലവഴിക്കേണ്ടി വന്നു.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ദേശിയ പാതയാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവന്നപ്പോഴാണ് സംസ്ഥാനം 672 കോടിയുടെ പദ്ധതി ടെണ്ടര്‍ ചെയ്തതു്. അത് ദേശിയ പാതയായി പ്രഖ്യാപിച്ചിട്ടും കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമാക്കാന്‍ പോലും കേരളം ശ്രമിക്കുന്നില്ല. മുന്‍ കാല വീഴ്ചകള്‍ പരിഹരിക്കുന്നതിനും പി.എം.ഗതി ശക്തി പ്രയോജനപ്പെടുത്തുന്നതിനും കേരളം ഒറ്റക്കെട്ടായി മുന്നോട്ടുവന്നിരുന്നെങ്കില്‍!

Share this post: