Malayankizh Pappnamcode Road

പൊതുമരാമത്തിന് കീഴിലുള്ള റോഡുകള്‍ ബിഎം & ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി

കോഴിക്കോട്, മാര്‍ച്ച് 7. അഞ്ചുവര്‍ഷം കൊണ്ട് പൊതുമരാമത്തിന് കീഴിലുള്ള പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ.് നവീകരിച്ച ബാങ്ക് റോഡ്-കുറുന്തോടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണപ്രവൃത്തി പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ജില്ലയിലെ പ്രധാന റോഡുകളായ വടകര തിരുവള്ളൂര്‍, പേരാമ്പ്ര റോഡിനെയും, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിനെയും ബന്ധിപ്പിക്കുന്ന 5.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രധാന റോഡാണ് ബാങ്ക് റോഡ് കുറുന്തോടി റോഡ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാര്‍ നല്‍കി, രണ്ട് ഘട്ടങ്ങളിലായി 5.5 കോടി ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തിയും സംരക്ഷണഭിത്തികളും ഓവുചാലുകളും നിര്‍മ്മിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡിന്റെ നവീകരണപ്രവൃത്തി.

എം.എല്‍.എ. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ഉത്തര മേഖല നിരത്ത് വിഭാഗം സൂപ്രണ്ട് എഞ്ചിനിയര്‍ ഇ.ജി വിശ്വപ്രകാശ്, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ വി.കെ ഹാഷിം, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി റീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വള്ളില്‍ ശാന്ത, കരിമ്പാണ്ടി ശശീധരന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ. ശശിമാസ്റ്റര്‍, പി.രജനി, പി.കെ ബിന്ദു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share this post: