പുതിയ കർമ്മ പദ്ധതിയുമായി കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.

മറ്റൊരു തൊഴിലിടം കണ്ടെത്തേണ്ട സ്ഥിതിയിലാണ് കേരളത്തിലെ ഗവ. കരാറുകാർ. കരാറുകാരെ പുകച്ച് പുറത്താക്കാനുള്ള നടപടികൾ ഓരോന്നായി സർക്കാർ സ്വീകരിക്കുമ്പോൾ , അതിനെ യോജിച്ച് നിന്ന് ചെറുക്കാൻ പോലും കരാറുകാരുടെ പേരിലുള്ള സംഘടനകൾക്ക് കഴിയുന്നില്ല. സർക്കാർ വകുപ്പുകളെ നോക്കുകുത്തികളാക്കി, ഊരാളുങ്കലിനെയും മറ്റ് അക്രെഡിറ്റഡ് ഏജൻസികളെയും വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്നതിൽ ദു:ഖിക്കുന്നവരാണ് എഞ്ചിനീയറിംഗ് വിഭാഗങ്ങൾ. പക്ഷേ പ്രതികരിക്കാൻ നിർവ്വാഹമില്ല. പ്രവർത്തി ചെയ്യുന്നതിനുള്ള തടസങ്ങൾ നീക്കി വേണം ടെണ്ടർ ചെയ്യേണ്ടത്. എന്നാൽ തടസങ്ങൾ നീക്കുന്നതു് കരാറുകാരുടെ ചുമതലയാക്കി, ഉത്തരവിറക്കായിരിക്കുകയാണ്,പൊതുമരാമത്ത് വകുപ്പ്.

വയനാട് പുനരധിവാസ പദ്ധതിയിൽ പൊതുമരാമത്ത് വകുപ്പിന് 20 കോടി രൂപയുടെ പ്രവർത്തികൾ ടെണ്ടർ ചെയ്യാനും  ഊരാളുങ്കലിന് ആയിരത്തിലേറെ കോടി രൂപയുടെ പ്രവർത്തികൾ ടെണ്ടർ ഇല്ലാതെയും നൽകി, സർക്കാർ ഉള്ളിലിരുപ്പ് വെളിപ്പെടുത്തിയിരിക്കുകയുമാണ്. കരാറുകാരുടെ അപ്പക്സ് സംഘടനയായ ബിൽഡേഴ്സ് അസോസിയേഷൻ മൂന്ന് കോടി രൂപ ചെലവഴിച്ച് വയനാട്ടിൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു കൊടുത്തതു പോലും സർക്കാർ പരിഗണിക്കുന്നില്ല. വഴിമാറി ചിന്തിക്കുകയല്ലാതെ കരാറുകാർക്ക് ഇപ്പോൾ മറ്റെന്താണ് ചെയ്യാൻ കഴിയുക?

ഏപ്രിൽ 24 ,25 തീയതികളിൽ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വ യോഗം കായംകുളത്ത് ചേരുകയാണ്. ഒരു ദിവസം പൂർണ്ണമായും കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ വച്ച്,, കാർഷിക മേഖലയിലെ അതി നൂതന തൊഴിൽ സാദ്ധ്യതകളെക്കുറിച്ചുള്ള വർക്ക് ഷോപ്പ് ആയിരിക്കും നടക്കുക.. കാർഷിക മേഖലയിലെ വിദഗ്ദർ , നബാർഡ് പ്രതിനിധികൾ, കാർഷിക സംരംഭകർ തുടങ്ങിയവർ നേതൃത്വം നൽകും. കായംകുളം തെങ്ങ് ഗവേഷണ കേന്ദ്രവും സന്ദർശിക്കും. രണ്ടാം ദിനം ഭാവി പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗരേഖ ചർച്ച ചെയ്ത് അംഗീകരിക്കും.

മേയ് 10, 11 തീയതികളിൽ മൂവാറ്റുപുഴയിൽ നടക്കുന്ന കർഷക മഹാ പഞ്ചായത്തിൽകെ.ജി.സി.എ യുടെ പത്ത് പ്രതിനിധികൾക്ക് ക്ഷണമുണ്ട്. കായംകുളം നേതൃത്വ സമ്മേളനത്തിൽ പ്രതിനിധികളെ തെരഞ്ഞെടുക്കാം. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കാർഷിക മേഖലയിലുൾപ്പെടെ കേരള സംരംഭകർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും മഹാ പഞ്ചായത്ത് ചർച്ച ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും. എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും സാമ്പത്തിക രംഗത്തെ വിദഗ്ദരെയും പങ്കെടുപ്പിക്കും. നിർമ്മാണ .കരാർ മേഖലയിലെ പ്രശ്നങ്ങൾ കെ. ജി.സി.എ അവതരിപ്പിക്കുന്നതാണ്.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന .വർക്ക് ഷോപ്പിൽ ടൂറിസവുമായും പ്രതിരോധ സേനയുമായും ബന്ധപ്പെട്ട സംരംഭങ്ങളുടെ സാദ്ധ്യതകൾ അവതരിപ്പിക്കുകയുണ്ടായല്ലോ?. പ്രതിരോധ സേനയുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ച് കാൺപൂർ ഐ.ഐ.ടിയിൽ വച്ച് പരിശീലന പരിപാടി നടത്തുന്നതിനും തീരുമാനിച്ചിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ടെയിനിംഗിന്റെ ആദ്യ ഘട്ടം, ഐ.ഐ.ടി ഇൻകുബേഷൻ സെന്ററിന്റെ നേതൃത്വത്തിൽ കേരളത്തിൽ വച്ചും  രണ്ടാം ഘട്ടം കാൺപൂരിൽ ഐ.ഐ.ടി ക്യാമ്പസിൽവച്ചും നടത്തുന്നതിനും ധാരണയായിട്ടുണ്ട്.

ആശ്രയിക്കാവുന്ന മറ്റൊരു സംരംഭത്തിന്റെ പിന്തുണയോടുകൂടി മാത്രമേ കേരള കരാറുകാർക്ക് നിലനില്ക്കാൻ കഴിയൂ എന്ന് വ്യക്തമാണ്. നിർമ്മാണ കരാർ മേഖലയും ടെണ്ടർ സംവിധാനവും അട്ടിമറിയ്ക്കപ്പെടുന്നത് , അവസാനിപ്പിക്കേണ്ടതു തന്നെയാണ്. അതിനുള്ള പരിശ്രമങ്ങളും സമാന്തരമായി നമുക്ക് നടത്തണം.

വി.ഹരിദാസ്

ജനറൽ സെക്രട്ടറി

കേരളാ ഗവ. കോൺടാക്ടേഴ്സ് അസോസിയേഷൻ.

Share this post: