കേരളം തിരിച്ചറിയാതെ പോകുന്ന റോഡ് റേജ് അഥവാ റോഡ് രോഷം

എ. ഹരികുമാര്‍

കേരളത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുബങ്ങളിലൊന്നായ മുത്തൂറ്റ് കുടുംബത്തിലെ യുവ വ്യവസായി പോള്‍ മൂത്തൂറ്റ് കുറച്ച് വര്‍ഷം മുമ്പ് കൊല്ലപ്പെട്ടത് ഇംഗ്ലീഷില്‍ റോഡ് റേജ് എന്നറിയപ്പെടുന്ന അതിക്രമത്തിലാണ്. വാഹനം ഓടിക്കുമ്പോളോ, പാര്‍ക്ക് ചെയ്യുമ്പോളൊ രോഷാകുലമായി പെരുമാറുകയോ, വാക്കു കൊണ്ടോ ശാരീരികമായോ മറ്റുള്ളവരെ ആക്രമിക്കുകയോ ചെയ്യുന്നതിനാണ് റോഡ് റേജ് എന്നു പറയുന്നത്.

കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം അതിക്രമങ്ങള്‍ ദൈനംദിനം ഉണ്ടാകുമെങ്കിലും ഇത് വേര്‍തിരിച്ചറിയാനോ ഇത്തരം അക്രമങ്ങളെ പ്രതിരോധിക്കാനൊ കേരളം ശ്രമിച്ചിട്ടില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡ് റേജ് എന്ന ഇംഗ്ലീഷ് പ്രയോഗത്തിന് തത്തുല്യമായ മലയാളം പ്രയോഗമില്ല എന്നതുതന്നെ (വേണമെങ്കില്‍ റോഡ് രോഷം എന്ന് ഭാഷാന്തരീകരണം നടത്താം) മലയാളി റോഡ് റേജിനെക്കുറിച്ച് ബോധവാനല്ല എന്നതിന്റെ തെളിവാണ്. അനാവശ്യമായി നിരന്തരം ഹോണ്‍മുഴിക്കി മറ്റു ഡ്രൈവര്‍മാരെ പരിഭ്രാന്തരാക്കുന്നത് പല രാജ്യങ്ങളിലും റോഡ് റേജും ക്രിമിനല്‍ കുറ്റവുമാണ്. ഇത് ഇന്ത്യയില്‍ നടപ്പാക്കിലയാല്‍ മിക്കവാറും ഡ്രൈവര്‍മാര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

വികസിത രാജ്യങ്ങളെല്ലാം തന്നെ റോഡ് റേജ് നിയന്ത്രിക്കുന്നത് റോഡ് സുരക്ഷയുടെ ഭാഗമായിക്കാണുകയും നിയമനിര്‍മ്മാണം നടത്തുകയും ചെയ്തിട്ടുണ്ട്. വാഹനം ഓടുക്കുന്നതിനിടെ മറ്റു ഡ്രൈവര്‍മാരെ അസഭ്യം പറയുന്നത് സിംഗപ്പൂരില്‍ രണ്ടുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ റോഡ് റേജിനെതിരെ തടവ് ഉള്‍പ്പെടെയുളള ശിക്ഷകളുണ്ട്. അവിടെയൊക്കെ പോകുന്ന മലയാളി ആ രാജ്യങ്ങളില്‍വെച്ച് ആ നിയമമനുസരിക്കുമെങ്കിലും കേരളത്തിലെത്തിയാല്‍ അതൊക്കെ മറക്കും.

റോഡ് രോഷം പ്രകടിപ്പിക്കുകയും, മറ്റുള്ളവരെ ശാരിീരികമായി ആക്രമി്ക്കുകയും ചെയ്യുന്ന പലരും സ്ഥിരം കുറ്റവാളികളാണ്. ഈയടുത്ത സമയത്ത് തിരുവനന്തപുരം ജില്ലയില്‍ പോത്തകോട് എന്ന സ്ഥലത്ത് വെച്ച് ഷേക്ക് മുഹമ്മദ് എന്ന വ്യക്തിയെയും, അദ്ദേഹത്തിന്റെ മകളെയും സ്ഥിരം കുറ്റവാളിയായ ഫൈസല്‍ എന്ന ക്രിമിനല്‍ റോഡ് റേജിനെത്തുടര്‍ന്ന് ആക്രമിക്കുകയുണ്ടായി. ഇത് സംഭവിച്ച് ഏതാനും ദിവസത്തിനു ശേഷം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തും ഇത്തരത്തിലുളള അതിക്രമമുണ്ടായി. ഇതിലെല്ലാം പ്രതികള്‍ സ്ഥിരം കുറ്റവാളികളും പോലീസ് സ്‌റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ടവരുമാണ്.

സ്ഥിരം കുറ്റവാളികള്‍, ഗുണ്ട ലിസ്റ്റില്‍പ്പെട്ട് കാപ്പചുമത്തപ്പെട്ടവര്‍, മയക്കുമരുന്നു കേസിലുള്‍പ്പെട്ടവര്‍ തുടങ്ങിയവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നിയമം നിര്‍മ്മിച്ചാല്‍ റോഡ് റേജ് നിയന്ത്രിക്കുക മാത്രമല്ല ക്രമസമാധനനില മെച്ചപ്പെടുത്താനും കഴിയും. വാഹനങ്ങളിലെത്തിയാണ് മിക്ക ക്രിമിനലുകളും അക്രമം ചെയ്യുന്നതും രക്ഷപ്പെടുന്നതും. വാഹനമില്ലാതായാല്‍ ഇവരുടെ സഞ്ചാര വേഗത കുറയുകയും ഇവര്‍ അക്രമത്തില്‍ നിന്നും പിന്തിരിയുകയും ചെയ്യും. രാജ്യത്തെ ക്രമസമാധനം ഉറപ്പുവരുത്താനും കഴിയും.

ഹൈല്‍മെറ്റ് ഉപയോഗിക്കാതെയും, സീറ്റ് ബെല്‍റ്റ് ഇടാതെയും യാത്ര ചെയ്യുന്നവര്‍ സ്വന്തം സുരക്ഷയാണ് അപകടപ്പെടുത്തുന്നതെങ്കില്‍ റോഡ് രോഷം കാണിക്കുന്നവര്‍ മൊത്തം സമൂഹത്തെയാണ് അപകടത്തിലേക്ക് തള്ളിവിടുന്നത്.

Share this post: