പ്രവർത്തന മികവിലൂടെ കേരള കരാറുകാർ അവസരങ്ങൾ വീണ്ടെടുക്കണം. എൻ.പത്മകുമാർ.ഐ.എ.എസ് (റിട്ട.)

തിരുവനന്തപുരം: ദേശിയ പാത 66 ൻ്റെ വികസനത്തിനായി വിളിച്ച ടെണ്ടറുകളിൽ കേരളത്തിൽ നിന്നുള്ള ഒരു കരാറുകാരനുപോലും പങ്കെടുക്കാൻ കഴിയാതെ വന്നതു് കരാറുകാരുടെ സംഘടനകൾ ഗൗരവമായി കാണണമെന്ന് എൻ.പത്മകുമാർ ഐ.എ.എസ് (റിട്ട ) ആവശ്യപ്പെട്ടു. അതിഥി കരാർ കമ്പനികളുമായി കൂട്ടു സംരംഭം ഉണ്ടാക്കി പ്രവർത്തികൾ ഏറ്റെടുക്കാൻ പോലും കേരളത്തിലെ ഒരു കരാർ കമ്പനിക്കും കഴിഞ്ഞില്ല.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കരാറു കാർ എങ്ങനെ ശാക്തീകരിക്കപ്പെടുന്നുവെന്നും പ്രവർത്തന മികവ് പ്രകടിപ്പിക്കുന്നുവെന്നും കേരള കരാറുകാർ കണ്ടു പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച നേതൃത്വക്യാമ്പിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു, അദ്ദേഹം.
ഒറ്റയാൾ പട്ടാളങ്ങൾ എന്ന നിലയിൽ കരാറുകാർക്ക് ഇനി നിലനില്പില്ല. നിർമ്മാണ രീതികൾ മാറുന്നു.പ്രവർത്തികളുടെ സ്വഭാവവും മാറുന്നു. മാറ്റങ്ങളെ ഉൾക്കൊള്ളാനും അതിനനുസരിച്ച പ്രകടനം മെച്ചപ്പെടുത്താനും തയ്യാറാകുന്നില്ലെങ്കിൽ കേരള കരാറുകാർ പൂർണ്ണമായും പാർശ്വവൽക്കരിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. കേരളത്തിനു് അനുയോജ്യമായ സാങ്കേതികവിദ്യകളും നിർമ്മാണ രീതികളും നിർദ്ദേശിക്കുന്നതിൽ കരാറുകാരുടെ സംഘടനകൾക്കും ഉത്തരവാദിത്വമുണ്ട്. വികസന പദ്ധതികളുടെ നടത്തിപ്പിൽ നേരിടുന്ന പ്രശ്നങ്ങൾ പൊതുജനാഭിപ്രായം അനുകൂലമാക്കിയും നിയമപരമായും പരിഹരിക്കാൻ സംഘടന തയ്യാറാകണം. കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു.അഷറഫ് കടവി ളാകം സ്വാഗതവും ആർ വിശ്വനാഥൻ നന്ദിയും പറഞ്ഞു.

Share this post:

One Reply to “പ്രവർത്തന മികവിലൂടെ കേരള കരാറുകാർ അവസരങ്ങൾ വീണ്ടെടുക്കണം. എൻ.പത്മകുമാർ.ഐ.എ.എസ് (റിട്ട.)”

Comments are closed.