കോടതി വിധികളും പരാമര്‍ശനങ്ങളും വസ്തുതാപരമായിരിക്കണം

വര്‍ഗീസ് കണ്ണമ്പള്ളി.

നൂറ് രൂപയ്ക്ക് കരാര്‍ വച്ചാല്‍ പകുതിയെങ്കിലും റോഡില്‍ ലഭിക്കണമെന്ന ബഹുമാനപ്പെട്ട ജഡ്ജിയുടെ പരാമര്‍ശനം ഞെട്ടലുളവാക്കുന്നതാണ്. ബാക്കി തുകയ്ക്ക് ഇളവ് നല്‍കാന്‍ കോടതിയ്ക്കു് അധികാരമുണ്ടോ? ഇതു് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്നാണ് ?

ഭരണാനുമതി തുകയുടെ കാര്യമാണെങ്കില്‍ ബഹുമാനപ്പെട്ട ജഡ്ജിയുടെ നിലപാട് ശരിയാണ്. 18 ശതമാനം ജി.എസ്.ടി, കരാറുകാരന്റെ ലാഭം 10 ശതമാനം, ഓവര്‍ ഹെഡഡ് ചാര്‍ജ്ജ് 5 % തൊഴിലാളി ക്ഷേമനിധി 1%, എന്നിവ ഒഴിവാക്കാനാകുമോ? പ്രവര്‍ത്തന മൂലധനത്തിന്റെ പലിശ ,ടെസ്റ്റിംഗ് ചാര്‍ജ്ജുകള്‍ ,
ഇ .എസ് .ഐ ,ഇ.പി.എഫ് വിഹിതങ്ങള്‍ തുടങ്ങിയ അനിവാര്യമായ ചെലവു കള്‍ 5 % ഓവര്‍ ഹെഡ്ഡില്‍ ഒതുങ്ങില്ല.25 ശതമാനത്തിലും അധികരിക്കാറുണ്ട്.

എല്ലാ ചെലവുകളും നീക്കി കരാറുകാരന് 10% ലാഭം ലഭിക്കാതെ പ്രവര്‍ത്തികള്‍ ഗുണമേന്മയോടു കൂടി പൂര്‍ത്തിയാക്കാന്‍ കഴിയുമോ? എന്നാല്‍ കരാര്‍ തുകയുടെ ഇത്ര ശതമാനം മുടക്കണമെന്നൊന്നും ഒരു കരാറിലും പറയുന്നില്ല. കരാറുകാരാന്റെ മികവും പ്ലാനിംഗും അനുസരിച്ച് മുടക്കുന്ന തുകയില്‍ മാറ്റം വരും. അതൊന്നും എല്ലാവരും ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ആദായ നികുതി വകുപ്പാണ് അതൊക്കെ അന്വേഷിക്കേണ്ടത്. പ്രവര്‍ത്തിയുടെ അടങ്കലില്‍ പറയുന്ന അളവിലും ഗുണമേന്മയിലും കുറവ് സംഭവിക്കുന്നുണ്ടോ എന്നാണ് എല്ലാവരും പരിശോധിക്കേണ്ടത്. അതിന് നിരവധി സംവിധാനങ്ങളുണ്ട്. അത്തരം സംവിധാനങ്ങള്‍ക്ക് ന്യൂനതകളുണ്ടെങ്കില്‍ അത് പരിഹരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.
കോടതികള്‍ക്കും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാനാകും.

അതിനു പകരം അന്‍പത് ശതമാനമെങ്കിലുംപണിയില്‍ മുടക്കണമെന്നും ബാക്കി ആര്‍ക്കു വേണമെങ്കിലും അടിച്ചുമാറ്റാമെന്നുമുള്ള പ്രതീതി ജനിപ്പിക്കുന്നത് സങ്കടകരമാണ്.
നമ്മുടെ എഞ്ചിനീയറന്മാരെക്കുറിച്ച് കോടതികളും തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നാണ് പരാമര്‍ശനങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്.

ഫണ്ട് ലഭ്യമാക്കാനും എഞ്ചിനീയറിംഗ് തത്വങ്ങളും അനുയോജ്യമായ നിര്‍മ്മാണ രീതി ശാസ്ത്രങ്ങളും ഉള്‍ക്കൊണ്ട് രൂപകല്പന നടത്താനോ അടങ്കലുണ്ടാക്കാനോ നമ്മുടെ
ഒരു എഞ്ചിനീയര്‍ക്കും സ്വാതന്ത്ര്യമില്ല. അനിവാര്യമായ തുടര്‍ പരിശീലനമോ അനുയോജ്യമായ തൊഴില്‍ സാഹചര്യമോ ലഭിക്കുന്നില്ല. ‘ഞാന്‍ 25-ാം വയസില്‍ ചീഫ് എഞ്ചിനീയറായി സര്‍വ്വീസില്‍ പ്രവേശിച്ചു. ഇപ്പോള്‍ 56-ാം വയസില്‍ പ്യൂണായി പിരിയുന്നു എന്നാണ് അടുത്ത കാലത്ത് റിട്ടയര്‍ ചെയ്ത ഒരു ചീഫ് എഞ്ചിനീയര്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത് .

സ്വന്തം കഴിവുകള്‍ പുറത്തെടുക്കാന്‍ കഴിയാത്ത ,കുറ്റപ്പെടുത്തലുകള്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ,തൊഴില്‍ സുരക്ഷയില്ലാത്ത എഞ്ചിനീയറന്മാരെക്കുറിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി സ്വമേധയാ ഒരു കമ്മീഷനെ നിയോഗിച്ച് പഠനം നടത്തിയിരുന്നെങ്കില്‍ എന്നാശിക്കുകയാണ്.


Share this post: