ജയസൂര്യയും, ചിറാപുഞ്ചിയും, പിന്നെ കേരളത്തിലെ റോഡുകളും

എ ഹരികുമാര്‍

മികച്ച നടനുള്ള കേരളസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുള്ള ജയസൂര്യയുടെ അഭിനയശേഷിയില്‍ തര്‍ക്കമില്ല. തിരശ്ശീലയില്‍ മാത്രമല്ല പുറത്തും അദ്ദേഹം നാടകീയ മുഹൂര്‍ത്തങ്ങള്‍ സ്യഷ്ടിക്കാറുണ്ട്. അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ നന്നായി അറിയാം.

2013ല്‍ കൊച്ചിയിലെ ചില റോഡുകളിലെ കുഴിയടച്ച് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് നടന്‍ ഈ പ്രവര്‍ത്തി ചെയ്തത് എന്ന് അന്ന് ചിലരൊക്കെ ആരോപണം ഉന്നയിച്ചിരുന്നു എന്നാലും അദ്ദേഹം ചെയ്തത് പൂര്‍ണ്ണമായും തെറ്റെന്ന് പറയാനാവില്ല. പക്ഷേ കാര്യങ്ങള്‍ കൂറച്ചുകൂടി ആഴത്തില്‍ പഠിച്ചാല്‍ നന്നായിരിക്കും. ഡിസംബര്‍ 4ന് (ശനിയാഴ്ച) കേരളത്തിലെ പൊതുമരാമത്ത് വകുപ്പിനു കീഴിലുളള പ്രവര്‍ത്തികളുടെ വൈകല്യബാധ്യതാ കാലയളവ് (ഡിഫക്ട് ലയബിലിറ്റി പീരിയഡ്) സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിക്കുന്ന നടപടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനൊപ്പം ഉദ്ഘാടനം ചെയ്തപ്പോഴും ജയസൂര്യ വാര്‍ത്ത സ്യഷ്ടിച്ചു.

വൈകല്യ ബാധ്യതാ കാലയളവിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന നടപടിയെ വിപ്ലവകരം എന്ന് വിശേഷിപ്പിച്ച് മന്ത്രിയെ വാനോളം പ്രകീര്‍ത്തിച്ചു പ്രസംഗം തുടങ്ങിയ ജയസൂര്യ പക്ഷേ മഴയാണ് റോഡ് അറ്റകുറ്റപണിയുടെ തടസ്സം എന്ന മന്ത്രിയുടെ വാദം തള്ളി. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോലും റോഡ് തകര്‍ന്നു കിടക്കുകയാണ്. മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയും. മുന്‍പൊരിക്കല്‍ റോഡിലിറങ്ങി കുഴിയടച്ചതിന് വളരെയധികം പഴി കേട്ട ആളാണ് താനെന്നും, ഇന്നും റോഡുകളുടെ അവസ്ഥ ഒട്ടും മാറിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ചിറാപ്പുഞ്ചിയില്‍ വെറും പതിനായിരം കിലോമീറ്റര്‍ റോഡുമാത്രമാണുള്ളതെന്നും, കേരളത്തില്‍ 3,00,000 ലക്ഷം കിലോമീറ്റര്‍ റോഡുകളുണ്ടെന്നും മന്ത്രി തിരിച്ചടിച്ചു.

റോഡുകളിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കരാറുകാരെ വിമര്‍ശിച്ച ജയസൂര്യ എന്നാല്‍ എന്താണ് കേരളത്തിലെ ചില റോഡുകളുടെ ശോചനീയവസ്ഥയ്ക്ക് കാരണം എന്ന് വിശദീകരിച്ചില്ല. തിരക്കേറിയ അഭിനയ ജീവിതത്തിനടയില്‍ ഇത്തരം സാങ്കേതിക കാര്യങ്ങള്‍ പഠിക്കാന്‍ ഒരു പക്ഷേ സമയം കിട്ടിക്കാണില്ല. കേരളത്തിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ശ്രീ ജയസൂര്യ ആത്മാര്‍ത്ഥായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ചില ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട്.

1)വൈകല്യം സംബന്ധിച്ച് ഒരു നിര്‍വ്വചനം അനിവാര്യമാണ്. എഗ്രിമെന്റ് അതോരിറ്റി നിര്‍ദ്ദേശിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഇനത്തിന് അതിന്റെ നിര്‍മ്മാതാവ് നല്‍കുന്നതില്‍ കൂടുതല്‍ ഗ്യാരണ്ടി നല്‍കാന്‍ കരാറുകാരന് കഴിയുമോ?
2) അംഗീകത രൂപകല്പന (Design) യിലെ പിഴവ് അല്ലെങ്കില്‍ അപര്യാപ്ത മൂലമുണ്ടാകുന്ന നിര്‍മ്മിതിയുടെ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ച്ചയുടെ ബാധ്യത കരാറുകാരന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് നീതിയാണോ?
3) അംഗീകൃത ഏജന്‍സികളില്‍ നിന്നുള്ള ടെസ്റ്റ് റിസള്‍ട്ടുകളും മേല്‍നോട്ട വിഭാഗത്തിന്റെ അംഗീകാരവും നേടിയ കാര്യങ്ങളിലെ വൈകല്യങ്ങള്‍ക്കും കരാറുകാരനെ ബലിയാടാക്കാമോ?
4) വൈകല്യ ബാദ്ധ്യതാ കാലയളവിലെ അനിവാര്യമായ അറ്റകുറ്റപണികള്‍ ആരുടെ ചുമതലയിലാണെന്നതും അതിനുള്ള ചെലവ് ആര് നല്‍കണമെന്നതും പ്രധാനമല്ലേ?

കേരളത്തിലെ റോഡുകളുടെ കാര്യത്തില്‍ ജയസൂര്യ കാണിക്കുന്ന താത്പര്യത്തെ അഭിനന്ദിക്കുമ്പോള്‍ത്തന്നെ ആ ശ്രമം വിജയിക്കണമെങ്കില്‍ പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും പഠിക്കണമെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നത് തെറ്റല്ലല്ലോ.


Share this post: