ജലഭവൻ ധർണ്ണ: പിന്തുണച്ച്, ബിൽഡേഴ്സ് അസോസിയേഷൻ.

ജെ ജെ.എം സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഫെ: 19ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരത്ത് ജലഅതോരിറ്റി ആസ്ഥാനമായ ജലഭവനിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയ്ക്ക് ബിൽഡേഴ്സ് അമ്പോസിയേഷൻ സംസ്ഥാന ഘടകം പിന്തുണ പ്രഖ്യാപിച്ചു. ബിൽഡേഴ്സ് അസോസിയേഷന്റെ കേരളത്തിലെ എല്ലാ സെന്ററുകളിൽ നിന്നും കഴിയുന്നത്ര അംഗങ്ങൾ പ്രതിഷേധ ധർണ്ണയിൽ ആദ്യന്തം പങ്കെടുക്കണമെന്ന് സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റക്കാട് (തൃശ്ശൂര്‍) ആഹ്വാനം ചെയ്തു.

ജെ.ജെ.എം. പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്ന് സുരേഷ് പൊറ്റക്കാട് .ആരോപിച്ചു. പദ്ധതിയുടെ പ്രഖ്യാപിത കാലാവധി അവസാനിച്ച് ഒരു വർഷം കൂടി പിന്നിടുമ്പോഴും, 44500 കോടി രൂപ ആകെ അടങ്കൽ വരുന്ന പദ്ധതിയിൽ, കേന്ദ്രസംസ്ഥാന സർക്കാരുകൾ ആകെ ചെലവഴിച്ചത് 10500 കോടി രൂപ മാത്രമാണ്. ബാക്കി 34500 കോടി രൂപ പുതുക്കിയ കാലാവധിയായ 2028 – ന് മുൻപ് എപ്രകാരം ചെലവഴിക്കുമെന്ന് വ്യക്തമാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ട്.

സംസ്ഥാന സർക്കാർ 2025-26 സാമ്പത്തികവർഷത്തിലേയ്ക്ക് 560 കോടി രൂപ മാത്രമാണ്. സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വായ്പാ പരിധിക്കുള്ളിൽ നിന്നോ പുറത്തു നിന്നോ വായ്പയെടുക്കാതെ സംസ്ഥാന വിഹിതം സമാഹരിക്കാനാവില്ലെന്ന് എല്ലാവർക്കും ബോദ്ധ്യമുണ്ട്. എന്നിട്ടും ധനവകുപ്പ് ഒരു തീരുമാനത്തിലെത്താത്തതിൽ കരാറുകാർ ആശങ്കാകുലരാണ്. മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് ഏക പ്രതീക്ഷ. കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക നൽകാതെ പണികൾ പുന:രാരംഭിക്കില്ലെന്ന് വ്യക്തമായിട്ടും, അതിനാവശ്യമായ കാര്യമാത്രപ്രസക്തമായ ഇടപെടലുകളൊന്നും ഒരു സർക്കാരും സ്വീകരിക്കുന്നില്ല.

ബിൽഡേഴ്സ് അസോസിയേഷൻ ദേശീയ കമ്മിറ്റി ഭാരവാഹികൾ വിഷയം കേന്ദ്ര ധനകാര്യ മന്ത്രിയുടെയും ജൽശക്തി വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നു. എന്നിട്ടും പ്രത്യേക നടപടികളൊന്നും സ്വീകരിച്ചു കാണുന്നില്ല. പലിശ രഹിത വായ്‌പയായി കേരളത്തിന് നൽകിയ 288 കോടി രൂപ പൊതു മുൻഗണനാ ലിസ്റ്റ് അനുസരിസരിച്ച് വിതരണം ചെയ്യേണ്ടതായിരുന്നു. മുൻഗണന അട്ടിമറിയ്ക്കപ്പെട്ടതിന്റെ പിന്നിൽ വൻ ഗൂഢാലോചന നടന്നു. അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും ബിൽഡേഴ്സ് അംസാസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്. സംയുക്ത സമിതി കരാറുകാരെ ഒന്നിപ്പിക്കുന്നതിനും ബോധവൽക്കരിക്കുന്നതിനും ധീരമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും സുരേഷ് പൊറ്റക്കാട് അഭിനന്ദിച്ചു. ആത്മഹത്യയിൽ നിന്നും കേരള ജൽജീവൻ മിഷൻ കരാറുകാരെ രക്ഷിക്കാനുള്ള സംയുക്ത സമിതിയുടെ പോരാട്ടങ്ങളിൽ ബിൽഡേഴ്സ് അസോസിയേഷൻ ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

വികാസ് മുദ്രയ്ക്കുവേണ്ടി
ഷാജി ഇലവത്തിൽ കെ. ജി.സി.എ. കോട്ടയം ജില്ലാ പ്രസിഡന്റ് &
ബിൽഡേഴ്സ് അസോസിയേഷൻ ഏറ്റുമാനൂർ സെന്റർ ചെയർമാൻ (Elect)

Share this post: