Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

മലയോര ഹൈവേ പൂര്‍ത്തിയാകുന്ന ആദ്യ ജില്ല തിരുവനന്തപുരമാകും: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് മലയോര ഹൈവേ പദ്ധതി പൂര്‍ത്തിയാകുന്ന ആദ്യ ജില്ലയായി തിരുവനന്തപുരം മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നന്ദിയോട് – ചെറ്റച്ചല്‍, പുലിപ്പാറ – ആനാട് – മൊട്ടക്കാവ് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവേ പദ്ധതിയുടെ കീഴില്‍ ജില്ലയിലെ 57.37 കിലോമീറ്റര്‍ റോഡാണ് നിലവില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 24.58 കി.മീ പണി പൂര്‍ത്തിയായി. ബാക്കിയുള്ള നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


നഗര – ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും ആധുനിക രീതിയില്‍ നവീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. റോഡുകളുടെ പരിപാലന കാലാവധി രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ‘ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് ‘ എന്ന പദ്ധതി സംസ്ഥാനത്തെ ജനങ്ങള്‍ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രവര്‍ത്തികള്‍ സുതാര്യമാക്കിയും ഗുണമേന്‍മ ഉറപ്പുവരുത്തിയും റോഡുകള്‍ക്കൊപ്പം ആളുകള്‍ക്ക് തൊഴില്‍ കൂടി ലഭ്യമാക്കുന്ന തരത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


വാമനപുരം, നെടുമങ്ങാട് മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. നെടുമങ്ങാട് മുനിപ്പാലിറ്റി, ആ നാട്, പനവൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പുലിപ്പാറ- ആനാട് – മൊട്ടക്കാവ് റോഡിന്റെ ഉദ്ഘാടനം ആനാട് ബാങ്ക് ജംഗ്ഷനിലാണ് നടന്നത്. പരിപാടിയില്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യമാകുമെന്നും ജി.ആര്‍.അനില്‍ പറഞ്ഞു. 5.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ബഡ്ജറ്റ് ഫണ്ടില്‍ നിന്നും 6 കോടി രൂപ ചെലവഴിച്ച് 5.5 മീറ്റര്‍ വീതിയിലാണ് നവീകരിച്ചത്.


നന്ദിയോട് ചെറ്റച്ചല്‍ റോഡിന്റെ ഉദ്ഘാടനം നന്ദിയോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങിലാണ് മന്ത്രി നിര്‍വഹിച്ചത്. ഡി. കെ.മുരളി എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. നന്ദിയോട് വിതുര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആറ് കിലോമീറ്റര്‍ റോഡ് ബി.എം, ബി.സി നിലവാരത്തിലുള്ളതാണ്. ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണഭിത്തി, കലുങ്ക്,നടപ്പാത, ഓട എന്നിവയുള്‍പ്പെടെ 7 മീറ്റര്‍ വീതിയിലാണ് റോഡ്ന വീകരിച്ചത്.

സര്‍ക്കാരിന്റെ ബഡ്ജറ്റ് ഫണ്ടില്‍ നിന്നും 9.68 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. പാലോട് നന്ദിയോട് പ്രദേശങ്ങളെ പൊന്മുടി, വിതുര, തൊളിക്കോട് മേഖലകളുമായി ബന്ധിപ്പിക്കുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പരിപാടിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share this post: