നികുതി വല മുറുകിയും അയഞ്ഞും. ചോരാത്ത നികുതികള്‍ കൈവിടാതെ സര്‍ക്കാരുകളും

വണ്ട് പൂവില്‍ നിന്നും തേന്‍ ശേഖരിക്കുന്നതു പോലെയായിരിക്കണം സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും നികുതി പിരിയ്‌ക്കേണ്ടതെന്നു് പറയാറുണ്ട്. ജനങ്ങള്‍ക്ക് അലോസരമില്ലാതിരിക്കണമെങ്കില്‍ നികുതി നിരക്കുകള്‍ അവര്‍ക്ക് താങ്ങാവുന്നതായിരിക്കണം. നികുതി വല ശക്തവുമായിരിക്കണം. ഭാരതത്തെ സംബന്ധിച്ചിടത്തോളം നികുതി നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പൊതുവെ ഔചിത്യബോധം കാണുന്നില്ല. നികുതി പിരിവും കാര്യക്ഷമമല്ല. നനയുന്നിടം കുഴിക്കുന്ന രീതിയാണ് സര്‍ക്കാരുകളുടേത്.

പെട്രോളിനും ഡീസലിനും ജി.എസ് .ടി നിരക്കുകള്‍ ബാധകമാക്കണമെന്ന മുറവിളി അംഗീകരിക്കാന്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കമല്ല. ജി. എസ്. ടി യിലെ പരമാവധി നിരക്കായ 28 ശതമാനമാക്കിയാലും പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം ഗണ്യമായി കുറയും. ചോര്‍ച്ചയില്ലാതെ രൊക്കം കിട്ടിക്കൊണ്ടിരിക്കുന്ന ഭീമമായ തുകയില്‍ കുറവു വരുത്താതിരിക്കാന്‍ പ്രത്യയശാസ്ത്ര ഭിന്നതകളെല്ലാം മറന്നാണു് സര്‍ക്കാരുകള്‍ ഉറച്ചു നില്ക്കുന്നതു്.

പെട്രോള്‍-ഡീസല്‍ ഉപഭോക്താക്കള്‍ക്ക് നികുതി വല ഭേദിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതിഷേധത്തോടെയാണെങ്കിലും നികുതി നല്‍കുന്നു. നികതിയ്ക്ക് മേല്‍ നികുതി ഒഴിവാക്കാനും നികുതി നിരക്കുകള്‍ തന്നെ കുറയ്ക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുമാണ് ജി.എസ്.ടി നടപ്പാക്കിയതു്.

വാറ്റ് കാലഘട്ടത്തില്‍ സിമന്റിന് 33 ശതമാനം നികുതിയാണ് ഉണ്ടായിരുന്നതു്. ജി.എസ്.ടിയില്‍ 28 ശതമാനം മാത്രം. സിമന്റ് വില കുറയണമായിരുന്നു. എന്നാല്‍ വിപരീത ഫലമാണുണ്ടായത്. സിമന്റ് ഉല്പാദകര്‍ നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് സിമന്റ് വില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. നികുതി നിരക്കില്‍ കുറവ് വരുത്തിയിട്ടും നികുതി തുകയില്‍ സര്‍ക്കാരുകള്‍ക്കും ലാഭം. അതിനാല്‍ വില വര്‍ദ്ധന തടയാന്‍ ഒരു സര്‍ക്കാരും മുന്നോട്ടു വരുന്നുമില്ല.

പെട്രോളിനും ഡീസലിനും ജി.എസ്.ടിനിരക്കുകള്‍ ബാധകമാക്കിയാലും സ്ഥിതി ഭിന്നമായിരിക്കില്ല. തുടക്കത്തില്‍ വിലയും നികുതിയും കുറയും. ഉപ്പാദകര്‍ വീണ്ടും വീണ്ടും വില വര്‍ദ്ധിപ്പിച്ചാല്‍ നികുതി വരുമാനവും മെല്ലെ മെല്ലെ വര്‍ദ്ധിക്കും. ജനം വീണ്ടും വലയും. ആദായ നികുതി, ജി.എസ്.ടി, എന്നിവയിലെ ചോര്‍ച്ച അതിഭീമമാണ്. കള്ളക്കടത്ത് ,സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് തുടങ്ങിയവയും ഖജനാവുകളെ ശോഷിപ്പിക്കുന്നു. ചുരുക്കത്തില്‍ പെട്രോള്‍, ഡീസല്‍ നികുതിയൊഴികെ എല്ലായിടത്തും നികുതി വല അയഞ്ഞ് കിടക്കുകയാണ്. പുറത്തു കടക്കുന്നവരാണ് അധികം.

എന്താണ് പരിഹാരം?

1) നികുതി നിരക്കുകള്‍ യാഥാര്‍ത്ഥ്യബോധത്തോടു കൂടി പരിഷ്‌ക്കരിക്കുക.
2) ഉല്പാദനചെലവുമായി പൊരുത്തപ്പെടുന്ന വില നിയന്ത്രണ നടപടികള്‍ നടപ്പാക്കുക.
3) ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടു കൂടി നികുതി വെട്ടിപ്പ് പൂര്‍ണ്ണമായി തടയുക.
4) നികുതി ബാദ്ധ്യതയെക്കുറിച്ചും അടയ്‌ക്കേണ്ട രീതിയെക്കുറിച്ചും നിരന്തരം ബോധവല്‍ക്കരണം നടത്തുക.
5) നികുതിപ്പണം ശരിയായി വിനിയോഗിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക.

(ലേഖകന്‍ ജി.എസ്.ടി സംസ്ഥാനതല പരാതി പരിഹാര സമിതി അംഗമാണ്)

Share this post: