നിര്‍മ്മാണ പ്രവര്‍ത്തികളിന്മേലുള്ള ജി.എസ്.ടി നിരക്കുകള്‍, അതത് പ്രവര്‍ത്തികളുടെ സ്വഭാവമനുസരിച്ചല്ല , അവ കരാര്‍ നല്‍കുന്നവരെ ആശ്രയിച്ചാണ്. കേന്ദ്ര -സംസ്ഥാന – പ്രാദേശിക സര്‍ക്കാരുകള്‍ നേരിട്ട് ഏര്‍പ്പെടുത്തുന്ന കരാര്‍ പണികള്‍ക്ക് ഒരു മാനദണ്ഡം. സര്‍ക്കാരുകള്‍ മറ്റൊരു അതോരിറ്റി അല്ലെങ്കില്‍ എന്റിറ്റി മുഖേനയൊ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മറ്റൊരു മാനദണ്ഡം.
ജലവിഭവ വകുപ്പ് നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് ഒരു നിരക്ക്, ജലവിഭവ വകുപ്പിന്റെ കീഴിലുള്ള വാട്ടര്‍ അതോറിറ്റി നടത്തുന്ന പ്രവര്‍ത്തികള്‍ക്കു് മറ്റൊരു നിരക്ക്. ചുരുക്കത്തില്‍ പ്രവര്‍ത്തിയല്ല, പ്രവര്‍ത്തി ടെണ്ടര്‍ ചെയ്യുന്ന അവാര്‍ഡറാണ് ജി.എസ്.ടിനിരക്കുകള്‍ ക്കുള്ള മാനദണ്ഡം.
സര്‍ക്കാരുകള്‍ നേരിട്ട് അവാര്‍ഡ് ചെയ്യുന്ന മിക്ക പ്രവര്‍ത്തികളിന്മേലും 12 ശതമാനമാണ് നിരക്ക്.അപൂര്‍വ്വമായി 18,5, പൂജ്യം നിരക്കുകളുമുണ്ട്. എന്നാല്‍ പണം സര്‍ക്കാരിന്റെതാണെങ്കിലും ടെണ്ടര്‍ വിളിക്കുന്നതു് സര്‍ക്കാര്‍ അതോരിറ്റി, കോര്‍പ്പറേഷന്‍ ,ബോര്‍ഡ്, സഹകരണ സംഘങ്ങള്‍, ബാങ്ക് തുടങ്ങിയവയാണെങ്കില്‍ എല്ലാ പ്രവര്‍ത്തി കളി ന്മേലും 18 ശതമാനം ജി.എസ്.ടി ബാധകമായിരിക്കും.
ചരക്ക് -സേവന നികുതി ഗുഡ് & സിംപിള്‍ ടാക്‌സ് ആണെന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. നല്ലതും ലളിതവുമായ ഒരു നികുതി വ്യവസ്ഥയില്‍
പ്രവര്‍ത്തിയുടെ തരംതിരിവിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥ നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നത് മനസിലാക്കാം. എന്നാല്‍ പ്രവര്‍ത്തികള്‍ ടെണ്ടര്‍ ചെയ്യുന്ന അവാര്‍ഡര്‍മാരെ ആശ്രയിച്ച് നികുതിനിരക്കുകള്‍ മാറ്റുന്നത് നല്ലതും ലളിതവുമായിരിക്കില്ല. കരാറുകാര്‍ക്കല്ല, അവാര്‍ഡര്‍മാര്‍ക്കാണു് നികുതി ബാദ്ധ്യത. അങ്ങനെയെങ്കില്‍, ഈ മാറ്റം മൂലം പൊതുഖജനാവിന് എന്ത് നേട്ടമാണുണ്ടാകുക.?
