കോട്ടയം: സംരംഭങ്ങളുടെ നിലനില്പിനും വളർച്ചയ്ക്കും അനുയോജ്യമായ സാമ്പത്തിക പങ്കാളികളായി ധനകാര്യ സ്ഥാപനങ്ങൾ മാറണമെന്ന് ഫ്രാൻസീസ് ജോർജ് എം.പി. ആവശ്യപ്പെട്ടു. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കോട്ടയം പ്രസ്ക്ലബിൽ സംഘടിപ്പിച്ച സംരംഭക സംഘടനകളുടെ സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊണ്ണൂറ് ദിവസങ്ങൾക്കുള്ളിൽ പലിശ അടയ്ക്കാത്ത സംരംഭകരുടെ വായ്പകൾ നിഷ്ക്രീയ ആസ്തികളായി മാറ്റുന്നത് പലപ്പോഴും സംരംഭത്തെ തന്നെ തകർക്കുന്നു. സർക്കാർ വകുപ്പുകളും ഏജൻസികളും വർഷങ്ങളുടെ കൂടിശ്ശിക വരുത്തുമ്പോൾ കർഷകരും കരാറുകാരും മറ്റ് സപ്ളെയറന്മാരും പ്രതിസന്ധിയിലാകുന്നു. എം.എസ്.എം.ഇ കൾ പോലും തകരുന്നു. ബാങ്കുകൾക്ക് സാമ്പത്തിക നഷ്ടം വരാത്ത വിധം സംരംഭക സംരക്ഷണ നിയമ നിർമ്മാണങ്ങൾ നടത്താനും കർശനമായി നടപ്പാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എസ്.എം.ഇ. കൾക്ക് സംരക്ഷണം നൽകാനുള്ള പരിമിതമായ നിയമങ്ങൾ പോലും കർശനമായി നടപ്പാക്കുന്നില്ല. സർക്കാർ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും ലഭിക്കാനുള്ള പണം സംരംഭകരുടെ തിരിച്ചടവിനുള്ളതാണെന്ന് ഉറപ്പു വരുത്തി അവർക്ക് ആവശ്യമായ സാവകാശം നൽകണം. സംരംഭകരും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകളിൽ സുതാര്യതയും സന്തുലിതാവസ്ഥയും സംജാതമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര- സംസ്ഥാനധനകാര്യവ കുപ്പുകൾക്കും റിസർവ്വ് ബാങ്കിനും നൽകുന്നതാണെന്നും ഫ്രാൻസിസ് ജോർജ് അറിയിച്ചു.
ബിൽഡേഴ്സ് അസോസിയേഷൻ ഏറ്റുമാനൂർ സെന്റർ ചെയർമാൻ ഷാജി ഇല വത്തിൽ അദ്ധ്യക്ഷതവഹിച്ചു. ചീഫ് കോ-ഓർഡിനേറ്റർ എബി. പൊന്നാട് ആമുഖപ്രസംഗം നടത്തി. സംരംഭക സംഘടനകളെ പ്രതിനിധീകരിച്ച് ബിൽഡേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് ചെയർമാൻ കെ.എ. ജോൺസൺ, മുൻസ്റ്റേറ്റ് ചെയർമാന്മാരായ അലക്സ് പെരുമാലിൽ, പോൾ. ടി.മാത്യൂ , സുരേഷ് പൊറ്റക്കാട്, ചെറുകിട വ്യവസായി അസോസിയേഷൻ മുൻസംസ്ഥാന പ്രസിഡന്റ് ജിമ്മിച്ചൻ കൊണ്ടോടി, കോട്ടയം ജില്ലാ പ്രസിഡന്റ് കെ. ദിലീപ് കുമാർ , കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, എം.എസ്.എം.ഇ. ബോറോവേഴ് സ് അസോസിയേഷൻ പ്രസിഡന്റ് ജോഷ് ലോറൻസ് എന്നിവർ പ്രസംഗിച്ചു. കർഷക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
സർക്കാർ ഗ്യാരണ്ടിയിൽ മുൻകൂർ പലിശ ഈടാക്കി നൽകുന്ന ബിൽ ഡിസ്കൗണ്ടിംഗ് (BDS) പലിശ അന്യായമാണെന്നും ബി.ഡി.എസിനു പകരം ട്രെയ്ഡ് റിസീവബിൾസ് ഇലക്ട്രോണിക്ക് ഡിസ്കൗണ്ടിംഗ് സിസ്റ്റം (TReDS )നടപ്പാക്കണമെന്നും വർഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു. ബാങ്ക് പലിശ പൂർണ്ണമായും സർക്കാർ നൽകുന്ന ഏർപ്പാടാണത്.
