നോക്കുകൂലിയും, യൂണിയനുകള്‍ തൊഴിലാളികളെ അടിച്ചേല്പിക്കുന്ന രീതിയും അവസാനിപ്പിക്കണം

ആലപ്പുഴ. തൊഴില്‍ മേഖലയില്‍ ഹൈക്കോടതി വിധികളും കേരള സര്‍ക്കാര്‍ നയവും കര്‍ശനമായി നടപ്പാക്കണമെന്ന് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, കേരള പ്രൈവറ്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ എന്നിവ ആവശ്യപ്പെട്ടു.

നോക്കുകൂലിയും യൂണിയനുകള്‍ തൊഴിലാളികളെ അടിച്ചേല്പിക്കുന്ന രീതിയും അവസാനിപ്പിക്കണമെന്ന് കേരള ഹൈക്കോടതിയും കേരള സര്‍ക്കാരും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ സംസ്ഥാനത്ത് പല ഭാഗങ്ങളിലും അവ നിലനില്ക്കുകയാണ്. അംഗീകൃത കൂലി വ്യവസ്ഥകളും ലംഘിക്കപ്പെടുന്നു.അശാസ്ത്രീയമായ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനമാണ് ഇതര സംസ്ഥാന തൊഴിലാളികളെ വന്‍തോതില്‍ ആശ്രയിക്കേണ്ട സ്ഥിതിയിലേയ്ക്ക് കേരളത്തെ കൊണ്ടെത്തിച്ചതെന്ന് അസോസിയേഷനുകള്‍ ആരോപിച്ചു.

നോക്കുകൂലിയെ പ്രോത്സാഹിപ്പിച്ചും അനുയോജ്യരായ തൊഴിലാളികളെ തെരഞ്ഞെടുത്തു് പണികളില്‍ നിയോഗിക്കാനുള്ള തൊഴിലുടമകളുടെ അവകാശം നിഷേധിച്ചും തൊഴിലാളി സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനം വികസന പ്രവര്‍ത്തികളുടെ ഗുണമേന്മയെപ്പോലും ബാധിച്ചു.അംഗീകത കൂലി നിരക്കുകള്‍ ലംഘിക്കപ്പെട്ടു. ആധുനിക നിര്‍മ്മാണ രീതികളില്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനോ അവരെ വ്യവസ്ഥാപിത മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിപ്പിക്കാനോ തൊഴിലാളി സംഘടനകള്‍ തയ്യാറായില്ല.

നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പുതിയൊരു തൊഴില്‍ സംസ്‌ക്കാരം രൂപപ്പെടുത്തുവാന്‍ തൊഴിലാളി സംഘടനകള്‍ തയ്യാറാകണം. നിര്‍മ്മിതികളുടെ ഗുണമേന്മയും വേഗതയും വളരെ പ്രധാനമാണ്. മെഷിനറികള്‍ ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കുന്ന ജോലികള്‍ക്കു് മെഷിനറികള്‍ ഉപയോഗിക്കാന്‍ കരാറുകാര്‍ക്ക് സ്വാതന്ത്ര്യം ഉറപ്പാക്കണം. റെഡി മിക്‌സ് കോണ്‍ക്രീറ്റ്, പ്ലാന്റുകള്‍ ഉപയോഗിച്ചുള്ള ടാറിംഗ് തുടങ്ങിയവ ഒഴിവാക്കാനാവില്ല.

തൊഴിലാളി സംഘടനകള്‍ റിക്രൂട്ടിംഗ് ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നതു് അംഗീകരിക്കാനാവില്ല. ഓരോ യൂണിയനുകളെയും തൃപ്തിപ്പെടുത്തി പണികള്‍ നടത്തിക്കൊണ്ടു പോകുന്നത് പ്രയാസമാണ്. അതിനാല്‍ ജനുവരി 1 മുതല്‍ യൂണിയനുകള്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമുള്ള തൊഴിലാളികളെ പണിക്ക് നിയോഗിക്കില്ല. അനുയോജ്യരായ തൊഴിലാളികളെ തെരഞ്ഞെടുക്കുമ്പോള്‍ പ്രാദേശിക തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും. അംഗീകൃത നിരക്കിലുള്ള കൂലി മാത്രമേ നല്‍കുകയുള്ളു.

വാര്‍ത്താ സമ്മേളനത്തില്‍ കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, കെ.പി.സി.എ സംസ്ഥാന പ്രസിഡന്റ് ജെ ‘രഘുകുമാര്‍, ജില്ലാ പ്രസിഡന്റ് ജേക്കബ് തമ്പി ,ബി’എ.ഐ പ്രതിനിധി സി.പി- ജോര്‍ജ്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Share this post: