Malayankizh Pappnamcode Road

കേരള പൊതുമരാമത്തു വകുപ്പ് ഓഫീസുകളില്‍ ഇ-ഓഫീസ് സമ്പ്രദായം നിലവില്‍ വന്നു

തിരുവനന്തപുരം, ജനുവരി 1. പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ – ഓഫീസ് സംവിധാനം നിലവില്‍ വന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. 12 സര്‍ക്കിള്‍ ഓഫീസുകള്‍, 68 ഡിവിഷന്‍ ഓഫീസുകള്‍, 206 സബ്-ഡിവിഷന്‍ ഓഫീസുകള്‍, 430 സെക്ഷന്‍ ഓഫീസുകള്‍ എന്നിങ്ങനെ വകുപ്പിലെ 716 ഓഫീസുകളിലും ഇ – ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. 6900 ല്‍ പ്പരം ഉദ്യോഗസ്ഥര്‍ ഇ- ഓഫീസ് സംവിധാനത്തിന്റെ ഭാഗമാകും.

ഇ ഓഫീസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവുമാകും. ഒറ്റക്ലിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതിന് കാലത്തിനൊപ്പം നില്‍ക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. എല്ലാം വിരല്‍ത്തുമ്പിലുള്ള കാലമാണല്ലോ. അങ്ങനെ ആണ് പൊതുമരാമത്ത് വകുപ്പില്‍ സമ്പൂര്‍ണ ഇ ഓഫീസ് എന്ന കാര്യം ആലോചിച്ചത്. ഇത് എല്‍ഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റ ശേഷം ഇക്കാര്യം പരിശോധിച്ചു. വകുപ്പിലെ ഏറ്റവും താഴെത്തട്ടിലുള്ള ഓഫീസ് വരെ ഇ- ഓഫീസ് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കണ്ടു.
Accelerate pwd പദ്ധതിയുടെ ഭാഗമായി ഇ- ഓഫീസ് സംവിധാനം 2021 അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാക്കാന്‍ തീരുമാനിച്ചു. നിശ്ചയിച്ച പ്രകാരം സമയബന്ധിതമായി തന്നെ ഇ- ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുകയാണ്. നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ ഇ- ഓഫീസ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കിയ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

Share this post: