നജീബ് മണ്ണേല്‍ സ്റ്റേറ്റ് ചെയര്‍മാന്‍
കൊല്ലം. മെയ് 5. കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി മേയ് 7ന് നടത്തുന്ന പണി നിറുത്തല്‍ സമരത്തില്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ഘടകവും പങ്കെടുക്കുമെന്നു് സ്റ്റേറ്റ് ചെയര്‍മാന്‍ നജീബ് മണ്ണേല്‍ കൊല്ലം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ പോലും കേന്ദ്ര പൊതുമരാമത്ത് വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും 2021 ലെ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റുകളുടെ അടിസ്ഥാനത്തിലാണ് ടെണ്ടറുകള്‍ വിളിക്കുന്നതു്. എന്നാല്‍ കേരള സംസ്ഥാന വകുപ്പുകളും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇപ്പോഴും 2018-ലെ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റുകളെയാണ് ആശ്രയിക്കന്നതു്. തന്മൂലം തൊട്ടടുത്ത രണ്ടു നിര്‍മ്മിതികള്‍ പോലും രണ്ടു നിരക്കിലാണ് കരാറുകാര്‍ ഏറ്റെടുക്കേണ്ടി വരുന്നത്.
കേന്ദ്ര സഹായ പദ്ധതികളില്‍ അടങ്കല്‍ തുകയുടെ നിശ്ചിത ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് . ജലജീവന്‍ പദ്ധതിയില്‍ അടങ്കല്‍ തുകയുടെ 45 ശതമാനം കേന്ദ്രം നല്‍കുന്നു. 2018ലെ കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ വിളിക്കുമ്പോള്‍ കേന്ദ്ര വിഹിതം സ്വാഭാവികമായി കുറയും. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന തുടങ്ങിയ മറ്റ് കേന്ദ്ര സഹായ പദ്ധതികളിലും കേന്ദ്ര വിഹിതം കുറഞ്ഞു പോകുന്നു.
വിപണി നിരക്കുകളെക്കാള്‍ വളരെ കുറഞ്ഞ2018ലെ നിരക്കുകളില്‍ ടെണ്ടര്‍ വിളിക്കുന്നത് പ്രവര്‍ത്തികളുടെ ഗുണമേന്മ കുറയുന്നതിനും കാരണമാകും. അതിനാല്‍, ഇനി ടെണ്ടര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും 2021 ലെ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ് അടിസ്ഥാനമാക്കണം.
വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കുക ,ചെറുകിട-ഇടത്തരം കരാറുകാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളി സംഘങ്ങള്‍ക്കു് ടെണ്ടറില്‍ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നിറുത്തലാക്കുക, വൈകല്യ ബാദ്ധ്യതാ കാലയളവ് നിശ്ചയിക്കുന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ സംസ്ഥാനത്തും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സ്റ്റേറ്റ് ചെയര്‍മാന്‍ നജീബ് മണ്ണേല്‍ ഉന്നയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് പാലക്കോട്, നൗഷാദ് മണ്ണേല്‍, ഡി.ഹരി, മന്മഥന്‍പിള്ള എന്നിവരും പങ്കെടുത്തു.