കോഴിക്കോട്, ഡിസംബര്‍ 17. കോഴിക്കോട് ജില്ലയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ മാനാഞ്ചിറ-വെള്ളിമാട് കു്ന്ന് റോഡിന്റെ വികസനത്തിന് 134.5 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡിന്റെ നവീകരണം കോഴിക്കോട് ജില്ലയുടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണ്. സംസ്ഥാനത്തെ പ്രധാന നഗരമായ കോഴിക്കോടിന്റെ ഗതാഗത കുരുക്ക് വലിയൊരളവില്‍ പരിഹരിക്കാന്‍ ഈ റോഡ് വികസനത്തിലൂടെ സാധിക്കും, ശ്രീ റിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റ ശേഷം മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നിരവധി തവണ ഇടപെട്ടിരുന്നു. ശ്രീ. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ഇതുമായി ബന്ധപ്പെട്ട് നിരന്തരം ബന്ധപെട്ടു. സംസ്ഥാനത്തെ സ്വപ്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വേണ്ടി രൂപീകരിച്ച Accelerate PWD പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 21 നു മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം സംബന്ധിച്ച് യോഗം ചേര്‍ന്നു. റോഡ് വികസനത്തില്‍ നിലവിലുള്ള തടസ്സങ്ങള്‍ നീക്കാനാവശ്യമായ തീരുമാനങ്ങള്‍ അന്നത്തെ യോഗം കൈക്കൊണ്ടു. സ്ഥലമേറ്റെടുപ്പ് പ്രവര്‍ത്തനം വേഗത്തിലാക്കാനും തീരുമാനിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്, മന്ത്രി പറഞ്ഞു.