അങ്കമാലി, ഡിസംബര്‍ 13. കാലടിയില്‍ പെരിയാറിനു കുറുകെ എം.സി റോഡില്‍ ഇപ്പോഴുള്ള ശ്രീ ശങ്കരാചാര്യ പാലത്തിനു പകരം പുതിയ പാലം നിര്‍മ്മിക്കുമെന്ന് പെതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പാലത്തിന്റെ സാങ്കേതിക അനുമതി ഉടന്‍ നല്കി ടെന്‍ണ്ടര്‍ നടപടികളിലേക്ക് പ്രവേശിക്കും, മന്ത്രി അറിയിച്ചു. 1963-ല്‍ നിര്‍മ്മിച്ച ഇപ്പോഴത്തെ പാലത്തിന് കാലപ്പഴക്കത്തല് തകരാറുകള്‍ സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.
പുതിയ പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് വിശദമായ പഠനത്തിന് ഡിസംബര്‍ 14 (ചൊവ്വാഴ്ച) മുതല്‍ 18 വരെ കാലടിയില്‍ വിദഗ്ധ സംഘം എത്തും. ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കേരള ഹൈവെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദഗ്ധ സംഘമാണ് പരിശോധനയ്ക്കായി എത്തുന്നത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍മാരും ഇവരോടൊപ്പം ഉണ്ടാകും. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും, ശ്രീ റിയാസ് അറിയിച്ചു. വിദഗ്ധ പരിശോധന നടക്കുന്നതിനാല്‍ ഇന്ന് (തിങ്കളാഴ്ച) മുതല്‍ കാലടി പാലം വഴിയുള്ള ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
പഴയ പാലം സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള മന്ത്രി ശ്രീ. പി രാജീവ്, അങ്കമാലി എംഎല്‍എ ശ്രീ. റോജി എം ജോണ്‍, എംപിമാര്‍, എംഎല്‍എമാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ ഈ നീക്കത്തോട് സഹകരിച്ച എല്ലാവര്ക്കും പ്രത്യേക നന്ദി ശ്രീ റിയാസ് അറിയിച്ചു.