തിരുവനന്തപുരം, ഡിസംബര്‍ 7. കാലവര്‍ഷക്കെടുതിയും കടല്‍ക്ഷോഭവും കാരണം നാളുകളായി തകര്‍ന്ന തിരുവനന്തപുരം എയര്‍പോര്‍ട്ട് – ശംഖുമുഖം റോഡ് പ്രവൃത്തി പുനരാരംഭിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഓഖി ദുരന്തത്തിലാണ് റോഡ് തകര്‍ച്ച ആരംഭിച്ചത്. പിന്നീട് തുടര്‍ച്ചയായ മഴയും കടല്‍ക്ഷോഭവും കൂടുതല്‍ തകര്‍ച്ചയ്ക്ക് കാരണമായി. ഇത് നിര്‍മ്മാണ പ്രവര്‍ത്തനത്തെയും ബാധിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ കേരളത്തിലെ പ്രധാന പദ്ധതികള്‍ വിലയിരുത്തുന്നതിനായി രൂപീകരിച്ച ‘Accelerate PWD’ യുടെ ഭാഗമായി എയര്‍പോര്‍ട്ട് – ശംഖുമുഖം റോഡ് നിര്‍മ്മാണം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ഡയഫ്രം വാള്‍ നിര്‍മ്മിച്ചുകൊണ്ട് കടല്‍ക്ഷോഭത്തെ പ്രതിരോധിച്ചുള്ള നിര്‍മ്മാണ പ്രവൃത്തിയാണ് ഇവിടെ നടപ്പിലാക്കുന്നത്. 2022 ഫെബ്രുവരിയോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് ബന്ധപ്പെട്ട കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
മൂന്ന് വര്‍ഷത്തോളമായി തകര്‍ന്നുകിടക്കുന്ന ഈ റോഡുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തലസ്ഥാന നഗരിയിലെ പ്രധാന റോഡെന്ന നിലയില്‍ അടിയന്തിര പ്രാധാന്യത്തോടെയാണ് ഇതിന്റെ നിര്‍മ്മാണത്തെ കണ്ടത്. മഴ കുറയുന്നതിന് അനുസരിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നത്