വര്‍ഗ്ഗീസ് കണ്ണമ്പള്ളി
വൈകല്യ ബാദ്ധ്യതാ കാലയളവ് കാണിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ അനുവദനീയമായ വാഹന തിരക്ക്, താങ്ങാനാകുന്ന ഭാരശേഷി തുടങ്ങിയ സാങ്കേതിക വിവരങ്ങളും രേഖപ്പെടുത്തണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഗതാഗത തിരക്കിനനുസരിച്ച് (പി.സി.യൂ പ്രകാരം) വീതിയും സഞ്ചരിക്കുന്ന വാഹനങ്ങളുടെ ആക്‌സില്‍ ലോഡിനനുസരിച്ചുള്ള ഉപരിതല ഘടനയും (എം.എസ്.എ അടിസ്ഥാനത്തില്‍) ഇല്ലാത്ത റോഡുകളില്‍ വൈകല ബാദ്ധ്യത ഏറ്റെടുക്കാന്‍ കരാറുകാര്‍ക്ക് കഴിയില്ല.
പ്രവര്‍ത്തിയുടെ അടങ്കലില്‍ പറയുന്ന കാര്യങ്ങള്‍ അളവിലും ഗുണമേന്മയിലും പൂര്‍ത്തികരിക്കാന്‍ കരാറുകാര്‍ ബാദ്ധ്യസ്ഥരാണ്. അവ നിര്‍മ്മാണ ഘട്ടത്തില്‍ നടത്തുന്ന ടെസ്റ്റുകളിലൂടെയും ക്വാളിറ്റി വിഭാഗം, ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍, വിജിലന്‍സ് വിഭാഗങ്ങള്‍ തുടങ്ങിയവര്‍ ഉറപ്പു വരുത്തിയതിനു ശേഷമാണ് കരാറുകാര്‍ക്ക് പണം നല്‍കുന്നത്.
ഈ കരാര്‍ പ്രകാരം ചെയ്ത സകല വേലകളുടെയും അളവുകള്‍ സത്യമാണെന്നും പൂര്‍ണ്ണമാണെന്നും കരാറുകാരന്‍ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രസ്തു ഉറപ്പ് ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ കരാറുകാരനെ ശിക്ഷിക്കാവൂ. സാങ്കേതിക അനുമതി നല്‍കുന്ന എഞ്ചിനീയറന്മാരാണ് സാങ്കേതിക തകരാറുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്.
എഞ്ചിനീയറിംഗ് തത്വങ്ങളും നിര്‍മ്മാണ രീതിശാസ്ത്രവും പലപ്പോഴും അവഗണിക്കപ്പെടുന്നു.
ജനപ്രതിനിധികളുടെ ഇടപെടലുകളാണു് കാരണം. ഭരണാനുമതി തുക വര്‍ദ്ധിപ്പിക്കാതെ തന്നെ റോഡിന്റെ നീളം വര്‍ദ്ധിപ്പിക്കാനും അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തുന്നു. സാങ്കേതികത മാറ്റി വച്ച് ജനപ്രതിനിധികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പാലിക്കാന്‍ എഞ്ചിനീയറന്മാര്‍ തയ്യാറാകേണ്ടി വരുന്നു. ഇതിന്റെയെല്ലാം ബലിയാടുകളാകുന്നത് കരാറുകാരും. പൈപ്പുകള്‍ ,എ. സി,, ഫാന്‍ തുടങ്ങിയവയ്ക്ക് ഉല്പാദകര്‍ നല്‍കുന്നതിനെക്കാള്‍ അധികകാലം ഗ്യാരണ്ടി നല്‍കാന്‍ കരാറുകാര്‍ക്ക് എങ്ങനെ സാധിക്കും.?
ഡി.എല്‍.പി. ബോര്‍ഡുകര്‍ സ്ഥാപിക്കാനുള്ള പണം എഞ്ചിനീയറന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കരാറുകാരുടെ ചെലവില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ എഞ്ചിനീയറന്മാര്‍ നിര്‍ബന്ധിക്കുന്നു.ഇത് പ്രതിഷേധാര്‍ഹമാണ്. പൊതു ഖജനാവില്‍ നിന്നും മുടക്കുന്ന പണത്തിനനുസൃതമായ മൂല്യം നിര്‍മ്മിതികള്‍ക്കുണ്ടാകണം. കെടുകാര്യസ്ഥതയും അഴിമതിയും അവസാനിക്കണം.
സാങ്കേതിക പൂര്‍ണ്ണതയുള്ള രൂപ കല്പനകള്‍, പ്രായോഗികമായ അടങ്കലുകള്‍, വിപണിയുമായി പൊരുത്തപ്പെടുന്ന കരാര്‍ തുക, കൃത്യമായ മേല്‍നോട്ട സംവിധാനം, പണിയ്‌ക്കൊപ്പം പണവും നല്‍കാനുള്ള ക്രമീകരണം, സന്തുലിതമായ കരാര്‍ വ്യവസ്ഥകള്‍ തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനു പകരമാവില്ല, ഡി.എല്‍.പി ബോര്‍ഡുകള്‍.
Welcome