കൊല്ലം: വള്ളിക്കാട് ഹയർ സെക്കണ്ടറി സ്ക്കൂൾ കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിച്ച് മുപ്പത്തിയെട്ട് മാസം പിന്നിട്ടപ്പോഴാണ് കരാറുകാരന് റിസ്ക്ക് & കോസ്റ്റ് ഉത്തരവ് കൈപ്പറ്റേണ്ടി വന്നത്. ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്നപ്പോഴായിരുന്നു, കെട്ടിടത്തിൻ്റെ ഉൽഘാടനം, മുൻ എം.എൽ.എ, എൻ. വിജയൻ പിള്ള അദ്ധ്യക്ഷനായിരുന്നു. കരാറുകാരൻ്റെ പേരുൾപ്പെടെയുള്ള ശിലാഫലകവും സ്ഥാപിച്ചു. എസ്റ്റിമേറ്റിൽ ഇല്ലാതിരുന്ന ഒരു ഇനം അദ്ധ്യയനം ആരംഭിച്ചതിനു ശേഷം ചെയ്യണമെന്ന ആവശ്യത്തിലാണ് തർക്കവും റിസ്ക്ക് & കോസ്റ്റും. ഉൽഘാടനം കഴിഞ്ഞ കെട്ടിടത്തിൽ എസ്ട്രാ ഐറ്റം ചെയ്യിക്കുന്നതിനെക്കാൾ ഉചിതം മറ്റൊരു ചെറിയവർക്ക് ടെണ്ടർ ചെയ്ത് നടത്തുന്നതായിരുന്നു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ജല അതോരിറ്റിയുടെ പൈപ്പുകൾ നീക്കം ചെയ്യാൻ വൈകിയതു മൂലം കരാറുകാരന് പാലത്തിൻ്റെ പണി നിറുത്തിവയ്ക്കണ്ടി വന്നു. പൈപ്പുകൾ മാറ്റിക്കിട്ടുമെന്ന പ്രതീക്ഷയിൽ 14 ലക്ഷം രൂപയുടെ മറ്റു പണികൾ നടത്തിയിരുന്നു. കരാറുറപ്പിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോഴാണ് പൈപ്പുകൾ മാറ്റാനുളള പണം പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോരിറ്റി ക്ക് നൽകിയത്. പഴയ നിരക്കിൽ പണി തുടരാൻ കഴിയില്ലെന്ന് കരാറുകാരൻ. പണി ചെയ്യണമെന്ന് വകുപ്പും. സ്ഥലം എം.എൽ.എ ശ്രീ സുനിൽ കുമാർ തർക്കത്തിൽ ഇടപെട്ടു. തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിൻ്റെ അദ്ധ്യക്ഷതയിൽ യോഗം. കരാറുകാരനും എഞ്ചിനീയറന്മാരും നിലപാടിൽ ഉറച്ചു നിന്നു. മൂന്നു വർഷം മുൻപുള്ള നിരക്കിൽ പണി ചെയ്താൽ നഷ്ടം വരുമോയെന്ന് മന്ത്രി. വരുമെന്ന് കരാറുകാരൻ. പുതിയ നിരക്ക് നൽകാൻ കഴിയുമോയെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി. പ്രായോഗിക തടസമുണ്ടെന്ന് ഉദ്യോഗസ്ഥർ. റിസ്ക്ക് & കോസ്റ്റ് ഇല്ലാതെ വർക്ക് ഒഴിവാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ചെയ്ത പണിക്ക് ആവശ്യമായ സെക്യൂരിറ്റി തുക മാത്രം നിലനിറുത്താനും തീരുമാനമായി. ചെയ്ത പണിയുടെ ബില്ല് തയ്യാറായിക്കഴിഞ്ഞു. സെക്യൂരിറ്റി തുകയുടെ ബാക്കിയും കോൺട്രാക്ടർ റജിമോന് ലഭിച്ചു. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിൽ ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്ന സ്ഥിതി മാറണം. തർക്ക പരിഹാരത്തിന് ലളിതമായ സംവിധാനം അനിവാര്യമാണ്. കരാർ വ്യവസ്ഥകൾ, നടപടിക്രമങ്ങൾ, രീതി ശാസ്ത്രം നടത്തിപ്പ് തുടങ്ങിയവയിൽ എഞ്ചിനീയറന്മാർക്കും കരാറുകാർക്കും തുടർ പരിശീലനം ആവശ്യമാണ്.
കരാറുറപ്പിക്കപ്പെടുന്ന എല്ലാ പ്രവർത്തികളും സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ശ്രമമാണ് ആവശ്യമായിട്ടുള്ളതു്.