കേരള വാട്ടർ അതോരിറ്റി കരാറുകാർക്കു വേണ്ടി പരാതി പരിഹാരസമിതി രൂപീകരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ജീവൻ ബാബു . ഐ.എ.എസ്. വാട്ടർ അതോരിറ്റിയിലെ നല്ല പങ്ക് കരാറുകാരും കുടിശ്ശിക , ചുവപ്പുനാട , എന്നിവ മൂലം പണികൾ തുടരാൻ കഴിയാത്ത അവസ്ഥയിലാണെന്നും പലരും ജപ്തി നടപടികളിലും കോടതി വ്യവഹാരത്തിലും പെട്ട് വിഷമിക്കുകയാണെന്നും കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ,വാട്ടർ അതോരിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എബ്രഹം കുന്നു കണ്ടത്തിൽ, ജനറൽ സെക്രട്ടറി ജോസഫ് ജോൺ എന്നിവർ അറിയിച്ചതിന് മറുപടിയായിട്ടാണ് അദ്ദേഹം ഉറപ്പു നൽകിയത്.
കരാറുകാരുടെ പരാതികളി ന്മേൽ എത്രയും വേഗം തീരുമാനമെടുക്കാൻ പരാതി പരിഹാര സമിതിക്ക് കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. കരാറുകാർക്കുള്ള സംസ്ഥാന വിഹിതംനൽകുന്നതിന് സംസ്ഥാന സർക്കാർ തീവ്രമായി പരിശ്രമിക്കുകയാണെന്നും ഉടനെ ഫലം കാണുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിനും എല്ലാ സമ്മർദങ്ങളും ചെലുത്തു യാണ്. ആരും പ്രതീക്ഷിക്കാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ നീങ്ങിയതു്.
മെയ്ന്റനൻസ് കരാറുകാരുടെ കുടിശ്ശിക തീർക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ വകമാറ്റിയ തുക തിര്യേ വാങ്ങണമെന്നും വാട്ടർ അതോരിറ്റിയുടെ തനതു് വരുമാനം വർദ്ധിപ്പിക്കാൻ വെള്ളക്കരം വർദ്ധിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കരാറുകാരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് അദ്ദേഹം മറുപടി നൽകി.
ജി.എസ്.ടി.
കരാർ തുകകൾ അംഗീകരിച്ചത്, ലോക്കൽ മാർക്കറ്റ് റേറ്റിന്റെ അടിസ്ഥാനത്തിലാണെന്നും അതിൽജി.എസ്.ടി വിഹിതം ഉൾപ്പെടുന്നില്ലെന്നും ഫിനാൻസ് മാനേജരുമായി നടന്ന ചർച്ചയിൽ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു. അതിനാൽ എൻ.ഐ.ടിയിലെ വ്യവസ്ഥ എന്തു തന്നെയായിരുന്നാലും ജി.എസ്. ടി വിഹിതം പ്രത്യേകമായി മാറ്റിവയ്ക്കാത്ത എല്ലാ പ്രവർത്തികൾക്കും കരാറുകാർക്ക് ജി.എസ്.ടി വിഹിതം പ്രത്യേകമായി നൽകണമെന്നും ആവശ്യപ്പെട്ടു. 1-7-2017-ന് ടെണ്ടർ ചെയ്ത പ്രവർത്തികളുടെ 1.7.2017-ന് ശേഷം ചെയ്ത പണികളുടെ ബില്ലുകൾക്ക് ജി.എസ്. ടി. നിരക്കും വാറ്റ് നിരക്കും തമ്മിലുള്ള വ്യത്യാസം കരാറുകാർക്ക് നഷ്ടപരിഹാരമായി നൽകണം. കരാർ പ്രകാരം 12 ശതമാനം ജി.എസ്.ടി നൽകേണ്ട ബില്ലുകളിൽ 18 ശതമാനം നൽകേണ്ടിവന്നവരിൽ, 6 ശതമാനം നഷ്ടപരിഹാരം ലഭിക്കാത്ത എല്ലാവർക്കും അത് ഉടനെ നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വികാസ് മുദ്രയ്ക്ക് വേണ്ടി കെ. അനിൽ കുമാർ.
