നികുതി ഘടനയിൽ ഭാരതം നടപ്പാക്കിയ വിപ്ലവകരമായ പരിഷ്ക്കരണമാണ് ജി.എസ്.ടി. ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് എന്നതിനെ ഗുഡ് ആൻഡ് സിംപിൾ ടാക്സ് എന്നും വിശേഷിപ്പിക്കാൻ ഔദ്യോഗിക വിഭാഗങ്ങൾ താല്പര്യപ്പെടുന്നു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് എറെ ഗുണകരമായിരിക്കുമെന്ന പ്രതീക്ഷ പൂർണ്ണമായി സഫലമായിട്ടില്ല. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് അടിസ്ഥാനമാറ്റം നടപ്പിലാക്കിയത്. നികുതിദായകരും നികുതി പിരിവുകാരും ഒരുപോലെ ഇരുട്ടിൽ തപ്പിതടയേണ്ട സ്ഥിതിയായിരുന്നു. ദൈവത്തിന്റെ കണ്ണ് കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ കണ്ണാണ് GSTNസോഫ്ട് വെയർ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ആദ്യ നാലുവർഷക്കാലമെങ്കിലും GSTN പ്രശ്നമുണ്ടാക്കി, നികുതിദായകരെയും ഡീലർമാരെയും ടാക്സ് പ്രാക്ടീഷണർമാരെയും വെട്ടിലാക്കിയിരുന്നു. ആയിരത്തിലേറെ നിയമ ഭേദഗതികൾ നടപ്പാക്കിയത് ഏറെ പ്രയാസം സൃഷ്ടിച്ചു. അവ്യക്തമായ ചട്ടങ്ങളും കഠിന പിഴകളും പലരുടെയും “കച്ചവടം പൂട്ടിച്ചു”.
2017 ജൂലൈ 1 മുതൽ 2025 ജൂൺ 30 വരെയുള്ള അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടു കൊണ്ട് 2025 ജൂലൈ 1 മുതൽ ജി.എസ്.ടി നിയമത്തിലും ചട്ടങ്ങളിലും ലളിതവൽക്കരണവും പൗര ശാക്തീകരണവും കർശന നടത്തിപ്പും ഉണ്ടാക്കുമെന്നാണ് എറണാകുളത്ത് നടന്ന ജി.എസ്.ടി കോൺക്ലേവിൽ കേട്ടത്. എന്നാൽ നികുതി നിരക്കുകൾ കുറയ്ക്കുന്നതിനോ, ഡീസലിനും പെട്രോളിനും അവയുടെ ഉല്പന്നങ്ങൾക്കും ജി.എസ്.ടി നിരക്കുകൾ ബാധകമാക്കുന്നതിതോ, നടപടിക്രമങ്ങൾ കുറയ്ക്കുന്നതിനോ അന്യായ പിഴകൾ ഒഴിവാക്കുന്നതിനോ ഇതുവരെ ഒരു അനുകൂല തീരുമാനവും ഉണ്ടായിട്ടില്ല.
ഗവ. കരാറുകാർ. ജീ.എസ്.ടി നടത്തിപ്പിൽ ഏറ്റവും കുറഞ്ഞ പരിഗണന ലഭിച്ചതും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ടതും ഗവൺമെന്റ് കോൺട്രാക്ടർമാരാണ്. ഓഡിറ്റിംഗിന് വിധേയരായ 95.ശതമാനം ഗവ. കരാറുകാരും തങ്ങളുടേതല്ലാത്ത വീഴ്ചകൾ മൂലം കനത്ത പിഴ നൽകേണ്ടി വന്നിരിക്കുന്നു. (ആംനെസ്റ്റി സ്കീം കുറെ പേരെ കടുത്ത ശിക്ഷയിൽ നിന്നും രക്ഷപെടുത്തിയിട്ടുണ്ട്.) മെഷർമെന്റ് ബുക്കിലെ അവസാന തീയതിയിൽ പണി പൂർത്തിയായതായി കണക്കാക്കുകയും അതിന് ഒരു മാസത്തിനുള്ളിൽ 18% ജി.എസ്. ടി വിഹിതം നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ പ്രതി സന്ധി. മെഷർ മെന്റ് ബുക്കിലെ അവസാന തീയതി കഴിഞ്ഞ് എത്രയാ നാളുകൾക്ക് ശേഷമാണ് യഥാർത്ഥ ബിൽ തുക നിശ്ചയിക്കപ്പെടുന്നത്. ബിൽ തുക കിട്ടാൻ പിന്നെയും വൈകും. ജി.എസ്.ടിയുടെ ബാദ്ധ്യത ടെണ്ടർ വിളിക്കുന്ന സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കുമാണ്. അടങ്കലിൽ അതിനുള്ള പണം പ്രത്യേകമായി വകയിരുത്താറുമുണ്ട്. ബിൽതുകയോടൊപ്പം അത് കരാറുകാരന് നൽകാറുമുണ്ട്.
സർക്കാർ നൽകേണ്ട ജി.എസ്.ടി വിഹിതം, ബിൽ തുകയോ ടൊപ്പം മാത്രമാണ് , കരാറുകാർക്ക് നൽകപ്പെടുന്നത്, അതിനാൽ കരാറുകാർ സർക്കാരിലേയ്ക്ക് മുൻകൂർ അടയ്ക്കണമെന്നതിന്റെ യുക്തി പിടികിട്ടുന്നില്ല. മറ്റ് ഡീലർ മാർ ഉപഭോക്താക്കളിൽ നിന്നും നികുതി പിരിച്ചെടുത്തതിനു ശേഷമാണ് സർക്കാരിലേയ്ക്ക് അടയ്ക്കുന്നത്. എന്നാൽ സർക്കാർ നൽകേണ്ട നികുതി, കരാറുകാർ മുൻകൂർ അടച്ചതിനുശേഷം, സർക്കാരിൽ നിന്നും തിര്യേ വാങ്ങണം! വീഴ്ച വന്നാൽ കൊടും പിഴ! എന്തൊരു നിയമം, എന്തൊരു ചട്ടം.! കരാർ തുകയോടൊപ്പം സർക്കാർ മാറ്റിവയ്ക്കുന്ന ജി.എസ്. ടി വിഹിതം,. കേന്ദ്രവും സംസ്ഥാനവും കൂടി 9% വീതം വീതിച്ചെടുത്താൽ പോരെ. കരാറുകാരെ എന്തിന് പീഡിപ്പിക്കുന്നു.
പ്രവർത്തികൾക്ക് വേണ്ട.സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ സ്വീകരിക്കുമ്പോഴും , കരാറുകാർ നൽകുന്ന ജി.എസ്.ടി, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്ന നിലയിൽ അതത് മാസം കരാറുകാർക്ക് മടക്കി നൽകിയാൽ മതി. അതാണ് യഥാർത്ഥ ലളിതവൽക്കരണം
വർഗീസ് കണ്ണമ്പള്ളി,
സംസ്ഥാന പ്രസിഡന്റ്
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ
