തിരുവനന്തപുരം. നവംബര്‍ 16. കേരളം ഇന്നു നില്‍ക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ചാന്‍സലേഴ്സ് അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയെ എങ്ങനെയൊക്കെ നിശ്ശേഷമാക്കാമെന്നും അപകീര്‍ത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്ന് അല്‍പ്പെമെങ്കിലും പിന്നോട്ടു പോയാല്‍ ആശ്വാസവും സന്തോഷവും തോന്നുന്ന ‘സാഡിസ്റ്റ്’ മനോഭാവമുള്ളവരാണ് ഇതിനു പിന്നില്‍. ഇതു തിരിച്ചറിയണം. കേരളത്തിന്റെ സാമ്പത്തിക രംഗം അത്രകണ്ടു വിഭവസമൃദ്ധമല്ല. ശേഷിക്കുറവുണ്ട്. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാല്‍ അതു നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറും. ബജറ്റിന്റെ ശേഷിവച്ചു മാത്രം ഇവയെല്ലാം ചെയ്യാന്‍ നമുക്കു കഴിയില്ല. അതിനു വേറിട്ട വഴിയിലൂടെ സഞ്ചരിക്കണം. സര്‍ക്കാരിന്റെ പണത്തിനൊപ്പം കിഫ്ബിയിലൂടെ നല്ല രീതിയില്‍ പണം ചെലവാക്കിയപ്പോഴാണു പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. ഇതിന്റെ നല്ല ഫലം ഇന്നു നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.