2025. മാർച്ച് മാസം വാട്ടർ അതോരിറ്റിയിലെ അറ്റകുറ്റപണിക്കാർക്കും ജൽ ജീവൻ മിഷൻ കരാറുകാർക്കും പ്രതീക്ഷയുടെ കാലമായിരുന്നു. അറ്റകുറ്റ പണിക്കാർക്ക് 18 മാസത്തെ കുടിശ്ശികയിൽ ഗണ്യമായ ഒരു വിഹിതം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ജൽ ജീവൻ മിഷൻ കരാറുകാർക്ക് 941 കോടി രൂപ സംസ്ഥാന വിഹിതമായും തത്തുല്യ വിഹിതം കേന്ദ്ര വിഹിതമായും ലഭിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. അറ്റകുറ്റ പണിക്കാർക്ക് പതിവു പോലെ ഒരു മാസത്തെ പണം മാത്രം. 2022 മുതലുള്ള 18 മാസത്തെ കുട്ടിശ്ശിക അഭംഗുരം തുടരുന്നു. ജൽ ജീവൻ മിഷൻ കരാറുകാർക്ക് 500 കോടി രൂപ ലഭിച്ചു. പക്ഷേ അതിലേറെ തുകയുടെ ബില്ലുകൾ വീണ്ടും എത്തി.
ബ്ലു ബ്രിഗേഡിന് മാത്രം രൊക്കം പണം നൽകുന്നുണ്ട്. അറ്റകുറ്റപണികൾ ചെയ്യുന്ന സാധാരണ കരാറുകാർക്ക് 18 മാസത്തെകുടിശ്ശികയും അതെ ജോലി ചെയ്യുന്ന ബ്ലു ബ്രിഗേഡിന് രൊക്കം പണവും എന്നതിലെ ധാർമ്മികത സർക്കാർ പരിശോധിക്കണം. ബ്ലു ബ്രിഗേഡിന്റെ സേവന “മെച്ചവും” പരിശോധിക്കപ്പെടണം. ജൽ ജീവൻ മിഷന്റെ കാലാവധി 2028 മാർച്ച് 31 വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത്. നിലവിലുള്ള കുടിശ്ശികയും അതിനുള്ളിൽ പുർത്തിയാക്കപ്പെടേണ്ട പ്രവർത്തികളുടെ ബിൽ തുകകളും കൂടി എത്ര കോടി രൂപ വേണ്ടി വരുമെന്ന് വാട്ടർ അതോരിറ്റിയും സർക്കാരും കണക്കാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാന വിഹിതമായി മാത്രം 15000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് കേരളാ വാട്ടർ അതോരിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. അതായത് ഓരോ സാമ്പത്തിക വർഷവും 5000 കോടി രൂപയെങ്കിലും വീതം സംസ്ഥാന സർക്കാർ ചെലവഴിക്കണം. എന്നാൽ 2025-26 സാമ്പത്തിക വർഷത്തേയ്ക്കുള്ള സംസ്ഥാന ബഡ്ജറ്റ് വിഹിതം കേവലം 560 കോടി രൂപയാണ്.
ബാക്കി തുക എങ്ങനെ ലഭ്യമാക്കുമെന്ന് വെളിപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നതുവരെ പ്രവർത്തികൾ സുഗമമായി മുന്നോട്ടു പോകില്ല. കരാറുകാർ പണി നിറുത്തൽ സമരം പിൻവലിച്ചിട്ടും പലകരാറുകാർക്കും പണികൾ പുന:രാരംഭിക്കാൻ കഴിഞ്ഞില്ലെന്ന വസ്തുത സർക്കാർ തിരിച്ചറിയണം. കൂടുതൽ പണികൾ മുടങ്ങുന്ന സ്ഥിതിയാണുള്ളത്. മറ്റു പണികളാകട്ടെ ഇഴഞ്ഞാണ് നീങ്ങുന്നത്. പണികൾക്ക് പ്രോഗ്രസ് പോരെന്ന വാട്ടർ അതോരിറ്റായുടെ നോട്ടീസുകൊണ്ടൊന്നും പണികൾ വേഗത്തിലാകില്ല. പണത്തിന് പണം തന്നെ വേണം.
ടീം വികാസ് മുദ്ര