കാർഷിക ഉല്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനം ഭാരതത്തിനുണ്ട്. എന്നാൽ കയറ്റുമതി രംഗത്ത് നമ്മുടെ നില ഒട്ടും അഭിമാനകരമല്ല. കർഷക-കർഷക തൊഴിലാളികളുടെ ജീവിത നിലവാരവും തൃപ്തികരമല്ല. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യത്ത് കൃഷി അനാകർഷകമാകുന്നതു് ഒഴിവാക്ക പ്പെടണമെങ്കിൽ ഒരു വിള – സംസ്ക്കരണ- കയറ്റുമതി വിപ്ളവം അനിവാര്യമാണ്. ആഗോള നിലവാരത്തിൽ ഗുണമേന്മയുള്ള വിളകൾ ഉല്പാദന ചെലവ് നിയന്ത്രിച്ച് വിളയിപ്പിക്കാൻ കഴിയണം. ഏറ്റവും ആധുനികരീതിയിൽ വിളകൾ സംസ്ക്കരിക്കാൻ കഴിയണം. വിശ്വാസ്യതയും ഗുണമേന്മയും ഉറപ്പു വരുത്തി, ലോകത്തിലെ ഏറ്റവും വലിയ കാർഷിക ഉല്പന്ന കയറ്റുമതി രാജ്യമായി നമുക്ക് മാറണം. ഗവേഷണ ശാലകളും ഗവേഷകരും ഉണ്ട്. കൃഷിഭവനുകളുണ്ട്. എന്നാൽ ഗവേഷണത്തിനുള്ള ഫണ്ടും സ്വാതന്ത്ര്യവും വേണ്ടത്ര ലഭ്യമാക്കുന്നില്ല. തന്മൂലം കൃഷി ഇപ്പോഴും പരമ്പരാഗതരീതിയിൽ തുടരുന്നു.
അൻപത് ശതമാനത്തിലേറെ ചെറുപ്പക്കാരുള്ള ഭാരതത്തിൽ ചെറുപ്പക്കാർ കൃഷിയിലേയ്ക്ക് ആകർഷിക്കപ്പെടണം. പല നിയമങ്ങളും നടപടിക്രമങ്ങളും മാറണം. വന്യജീവി – ക്രീഡ ശല്യങ്ങൾ ഒഴിവാക്കപ്പെടണം. കാലാവസ്ഥയെ ആശ്രയിച്ചുള്ള ചൂതുകളിയായിരുന്നു നമ്മുടെ കൃഷികൾ. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ലഭ്യമാക്കണം. വിളവിറക്കാനും ഉല്പന്നങ്ങൾ മൂല്യവർദ്ധനയ്ക്കായി സംസ്ക്കരിക്കാനും വലിയ മുതൽ മുടക്ക് വേണം. സർക്കാരുകളും ധനകാര്യ സ്ഥാപനങ്ങളും പ്രായോഗിക ധന ഇടപെടൽ നടത്തണം. എല്ലാ പ്രതികൂല ഘടകങ്ങളെയും തരണം ചെയ്ത് സംസ്കരണ – കയറ്റുമതി മേഖലകളിൽ വിജയിച്ച ചെറിയ ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അവരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കപ്പെടണം. കാർഷിക മേഖലയെക്കുറിച്ചുള്ള വിലാപങ്ങൾ നിരവധിയാണ്. സംഘടനകളും സമരങ്ങളും മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ചവിട്ടുപടികളായി കർഷകരെ ഉപയോഗിക്കാനുള്ള താല്പര്യമാണ് പലർക്കും ഉള്ളത്. വിള – സംസ്ക്കരണ – കയറ്റുമതി വിപ്ലവത്തെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല.. രാജ്യത്തിന്റെ പൊതുസമ്പത്ത് വർദ്ധിക്കാനും കർഷകരുടെയും തൊഴിലാളികളുടെയും ജീവിത നിലവാരം വർദ്ധിപ്പിക്കാനും മറ്റ് ഒറ്റ മൂലികളില്ല.
വർഗീസ് കണ്ണമ്പള്ളി.