2025-26-ൽ കരാറുകാരുടെനില മെച്ചപ്പെടുമോ?

Share this post:

മാർച്ച് 31, കരാറുകാർക്ക് പ്രതീക്ഷ നൽകുന്ന ദിനമായിരുന്നു. ഏതെങ്കിലും ഹെഡ്ഡിൽ
കുടിശികയുണ്ടെങ്കിൽ അത് മാർച്ച് 31 ന് രാത്രിയിലെങ്കിലും. ട്രഷറികളിൽ നിന്നും തീർത്ത് ലഭിക്കുമായിരുന്നു. കുറെ വർഷങ്ങളായി മാർച്ച് 31-ന് യാതൊരു പ്രസക്തിയുമില്ലാതായി. ഇത്തവണ മാർച്ച് 26 – ന് ശേഷം കരാറുകാരെ ട്രഷറികൾ അടുപ്പിച്ചു പോലുമില്ല. സർക്കാരിന്റെ പ്രവർത്തന ശൈലി മാറ്റാതെ കരാറുകാരടക്കം സർക്കാരുമായി സാമ്പത്തിക ഇടപാട് നടത്തുന്ന ആർക്കും നീതി ലഭിക്കില്ല. പണം ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ബില്ലുകൾ വരുമ്പോഴേയ്ക്കും പണം ലഭ്യമാക്കാമെന്ന് ഉറപ്പുണ്ടായിരിക്കുകയും ചെയ്താൽ മാത്രമേ പ്രവർത്തികൾ ടെണ്ടർ ചെയ്യാവൂ. നിർഭാഗ്യവശാൽ ഭരണാനുമതി (Administrative Sanction) എന്നതിന്റെ ഗൗരവം പോലും ഇല്ലാതാക്കിയിരിക്കുന്നു. ബില്ലുകൾ എത്തുമ്പോൾ പണം നൽകാൻ ഉണ്ടാവില്ലെന്ന് ഉറപ്പുള്ളപ്പോൾ പോലും യാതൊരു നിയന്ത്രണവും ഇല്ലാതെ ഭരണാനുമതികൾ വാരിക്കോരി നൽകുകയാണ്. ജൻ ജീവൻ മിഷൻ കുടിവെള്ള പദ്ധതി ഏറ്റവും നല്ല ഉദാഹരണം. 44500 കോടി രൂപയ്ക്കാണ് മുൻപിൻ നോക്കാതെ ഭരണാനുമതി നൽകിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഫണ്ടിന്റെ ലഭ്യത കണക്കിലെടുത്ത് മാത്രമാണ് ഭരണാനുമതി നൽകുന്നത്. പക്ഷേ ബില്ലുകൾക്ക് യഥാസമയം പണം ലഭിക്കുന്നില്ല. പദ്ധതി വെട്ടിച്ചുരുക്കുന്നതും ഫണ്ട് വകമാറ്റുന്നതും ട്രഷറിനിയന്ത്രണവും എല്ലാം കരാറുകാർക്ക് വിനയാകുന്നു. ഫണ്ട് വകയിരുത്തി മാത്രം ടെണ്ടർ നടത്തണം. ഒരിക്കൽ വകയിരുത്തുന്ന ഫണ്ട് വകമാറ്റരുത്. ട്രഷറി നിയന്ത്രണമേർപ്പെടുത്തി കരാറുകാർക്കുള്ള ഫണ്ട് വീണ്ടും വൈകിപ്പിക്കരുത്. ഇത് പ്രായോഗികമാകണമെങ്കിൽ TReDSനടപ്പാക്കുക തന്നെ വേണം. 2024-25-ൽ മുൻവർഷത്തെക്കാൾ കൂടുതൽ പ്രവർത്തികൾ ടെണ്ടറില്ലാതെ ഊരാളുങ്കൽ സംഘത്തിനും മറ്റും നൽകി. വയനാട്ടിൽ മാത്രം ആയിരത്തിൽ പരം കോടി രൂപയുടെ പ്രവർത്തികളാണ് ടെണ്ടറില്ലാതെ ഊരാളുങ്കലിന് മാത്രം നൽകിയതു്. പൊതു മരാമത്ത് കെട്ടിട വിഭാഗത്തിന് കേവലം 20 കോടി രൂപയുടെ പണികളാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ളത്. 2024-25 ലെ കരാറുകാരുടെ 20 ശതമാനമെങ്കിലും 2025-26-ൽ രംഗത്ത് ഉണ്ടാവില്ല. ലൈസൻസ് പുതുക്കിയിട്ട് എന്ത് പ്രയോജനം എന്നാണ് മിക്ക കരാറുകാരുടെയും ചിന്ത. കുടിശ്ശിക, കരാർ വ്യവസ്ഥകളിലെ അപ്രായോഗിക വ്യവസ്ഥകൾ, തുടങ്ങിയവ കരാർ പണിയെ തീർത്തും അനാകർഷകമാക്കുകയാണ്. 2025-26 സാമ്പത്തിക വർഷം കരാറുകാർക്ക് ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. വഴിമാറി ചിന്തിക്കുകയെന്നതു് ആവശ്യമായിരിക്കുന്നു.
വർഗീസ് കണ്ണമ്പള്ളി


Share this post:

Leave a Reply

Your email address will not be published. Required fields are marked *