കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

കെ-റെയില്‍ കേരളത്തിന്റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

വികസനപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമേഖലയില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകല്‍ വളരെ പ്രധാനമാണ്. ചില മേഖലകളില്‍ സഹകരണമുണ്ട്. അത് വ്യാപിപ്പിക്കാന്‍ എം.പിമാര്‍ ശ്രമിക്കണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം 2022 ജൂലായ്ക്കു ശേഷവും തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങളിലും ലഭിക്കണം. സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യമേഖലകളിലൂന്നി മൂലധന ചിലവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാനം നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. വിദേശസഹായത്തോടെയുള്ള പദ്ധതികള്‍ക്കായുള്ള കടമെടുപ്പ് എഫ്.ആര്‍.ബി.എം. നിയമപ്രകാരം സംസ്ഥാനത്തിനു നിശ്ചയിച്ചിട്ടുള്ള വായ്പാപരിധിക്കു പുറത്ത് അനുവദിക്കണം.

15-ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് സെക്ടറല്‍ സ്‌പെസിഫിക് ഗ്രാന്റായി 2,412 കോടി രൂപയും സ്റ്റേറ്റ് സ്‌പെസിഫിക് ഗ്രാന്റായി 1,100 കോടി രൂപയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. തുക ലഭ്യമാക്കാന്‍ ഇടപെടണം. നിര്‍ദ്ദിഷ്ട തുറമുഖ ബില്‍, വൈദ്യുതി ബില്‍ എന്നിവയില്‍ ആശങ്ക കേരളത്തിനുണ്ട്. സമാവര്‍ത്തി വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ഔപചാരിക കൂടിയാലോചന നടത്തണം.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കുള്ള ഭരണാനുമതി 2021 ഫെബ്രുവരി 11 ന് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ത്വരിതപ്പെടുത്താന്‍ എംപിമാര്‍ ശ്രമിക്കണം. ശബരി റെയില്‍പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഇടപെടണം. കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പാതയുടെ മൊത്തം ചിലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചതാണ്. പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടണം. കാക്കനാട് മെട്രോ റെയില്‍ എക്സ്റ്റന്‍ഷന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം കാത്തിരിക്കുകയാണ്.

കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ്, വലിയ വിമാനങ്ങള്‍ ഇറക്കല്‍ എന്നീ കാര്യങ്ങളില്‍ ഒന്നിച്ചു നീങ്ങണം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ അടിയന്തിരമായി അനുവദിക്കണം. ബേക്കല്‍ എയര്‍സ്ട്രിപ്പിനുള്ള അനുമതിയും തേടണം.

തലസ്ഥാന നഗരിയുമായി ബന്ധപ്പെട്ട് പാരിപ്പള്ളി – വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിന് ഭാരത്മാല ഫെയ്‌സ് 1 ല്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി നേരത്തെ നല്‍കാന്‍ തയ്യാറായിരുന്ന
50 ശതമാനം ഓഹരി നല്‍കണം.

കിനാനൂരില്‍ നിര്‍ദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം. പ്രകൃതിദുരന്തം മൂലം തകര്‍ന്ന റോഡുകള്‍ക്ക് അനുവദിക്കുന്ന ധനസഹായം അപര്യാപ്തമാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യോഗത്തില്‍ എം.പി.മാര്‍ക്ക് പുറമെ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *