കേരള കരാറുകാർ ഇത്രയേറെ കഷ്ടപ്പെടുന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ ബാങ്കുകൾ, കെ.എഫ്.സി തുടങ്ങിയവകളിലെ വിവരങ്ങൾ ശേഖരിച്ചാൽ സത്യ സ്ഥിതി ആർക്കും ബോദ്ധ്യപ്പെടും. കരാറുകാരുടെ കൊഴിഞ്ഞു പോക്ക് , ഒരിക്കലും ഇപ്പോഴത്തെപ്പോലെ വ്യാപകമായിരുന്നിട്ടില്ല. അക്രെഡിറ്റഡ് ഏജൻസികളുടെ പ്രത്യേകിച്ച്, ഊരാളുങ്കൽ സംഘത്തിന്റെ, മുമ്പിൽ പതറുകയാണ്, നമ്മുടെ പൊതുമരാമത്ത്, ജലവിഭവ, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ.
വാട്ടർ അതോരിറ്റി ശരശയ്യയിലാണ്. അറ്റകുറ്റപണികൾ ചെയ്തവർക്ക് 18 മാസത്തെ കൂടിശ്ശിക. ജൽ ജീവൻ മിഷൻ പണികൾ ചെയ്തവർക്ക് 4500 കോടി രൂപയുടെ കുടിശ്ശിക . വർക്കിംഗ് സീസൺ അവസാനിക്കുകയാണ്. എന്നിട്ടും മുടങ്ങിയ പണികൾ പന:രാരംഭിക്കാൻ സഹായകരമായ വിധം കുടിശ്ശിക തീർക്കുന്നില്ല. സംസ്ഥാനം കണ്ടെത്തേണ്ട 22250 കോടി രൂപയിൽ അഞ്ചു വർഷം കൊണ്ട് ആകെ ചെലവഴിച്ചത് 5500 കോടി മാത്രം. ശരാശരി ഒരു വർഷം ആയിരത്തിൽ പരം കോടി രൂപ മാത്രം. അടുത്ത മൂന്നു വർഷം കൊണ്ട് കേരളം കണ്ടെത്തേണ്ടത് 17000 കോടി രൂപ. അടുത്ത വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത് കേവലം 560 കോടി രൂപ !. മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു, കരാറുകാർ. നിരാശയാണ് ഇതുവരെയുള്ള അനുഭവം.
ബാങ്കുകൾക്കും പൈപ്പ് കമ്പനികൾക്കും ഇതൊന്നും പ്രശ്നമല്ല. ബാങ്ക് ഗ്യാരണ്ടിയിൽ വാങ്ങിയ പൈപ്പുകളുടെ വില 90 ദിവസം കഴിഞ്ഞാലുടൻ , കമ്പനികൾ ബാങ്ക് ഗ്യാരണ്ടി റിലീസ് ചെയ്ത് വസൂലാക്കും. ബാങ്കുകൾ ആദ്യം അക്കൗണ്ടുകൾ എൻ.പി.എ ആക്കും. പിന്നെ ജപ്തി, കുടിയിറക്ക്, ലേലം. വിപണി വിലയുടെ പകുതി പോലും നൽകാതെ ലേലം കൊള്ളാൻ ഏജന്റന്മാരും റെഡി. മന:ശാന്തിയുള്ള ഒരു കരാറുകാരൻ പോലുമില്ല. ഇനിയെങ്കിലും സർക്കാർ ഉണരണം. കരാറുകാരെ രക്ഷിക്കണം.

വികാസ് മുദ്രയ്ക്ക് വേണ്ടി.
ശ്രീജിത്ത് ലാൽ
ട്രഷറർ, KWA കോൺട്രാക്ടേഴ്സ് അസോസിയേഷൻ.