കരാറുകാർ ജി.എസ്.ടി അടയ്ക്കേണ്ടതെപ്പോൾ?

Share this post:

  1. പണി പൂർത്തിയായ ദിവസം (എം. ബുക്കിലെ അവസാന മെഷർ മെന്റ് തീയതി)
  2. ഇൻ വോയ്സ് തീയതി
  3. ബിൽ തുക ലഭിക്കുന്ന തീയതി,

എന്നിവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്, അന്നു മുതൽ ഒരു മാസത്തിനുള്ളിൽ ഗവ. കരാറുകാരൻ 18 % ജി.എസ്.ടിയിൽ ഇൻപുട്ട് ടാക്സ് ,കഴിച്ചുള്ളതു് അടയ്ക്കണം. ജി.എസ്. ടി നടപ്പാക്കിയപ്പോൾ മുതൽ പ്രാബല്യത്തിലിരിക്കുന്ന നിയമമാണിത്. ജി.എസ്. ടി ഓഡിറ്റിംഗിന് വിധേയരായ കരാറുകാർക്കെല്ലാം ഇതു് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. പലർക്കും ഭീമമായ പിഴ ചുമത്തപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും പല കരാറുകാരും ഇപ്പോഴും ബിൽ തുക ലഭിച്ചതിനു ശേഷമാണ് ജി.എസ്. ടി വിഹിതം അടയ്ക്കുന്നത്. അവരുടെ ബില്ലുകൾ ജി.എസ്.ടി ഓഡിറ്റർ മാർ പരിശോധിച്ചു കഴിയുമ്പോഴാണ്, അമളി ബോദ്ധ്യപ്പെടുക. ജി.എസ്. ടി നിയമം ഭേദഗതി ചെയ്ത്, കരാറുകാർ നികുതി അടയ്ക്കേണ്ടതു്, ബിൽ തുക ലഭിച്ച് ഒരു മാസത്തിനകം മതിയെന്ന വ്യവസ്ഥയുണ്ടാക്കേണ്ടതു് നീതിയാണ്. എന്നാൽ അതിനായി ഇതുവരെ നടന്ന പരിശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. അതിനാൽ, നിലവിലുള്ള ചട്ടപ്രകാരം നികുതി അടയ്ക്കാൻ കരാറുകാർ ബാധ്യസ്ഥരാണ്. സ്വാഭാവികമായും എം.ബുക്കിലെ അവസാന മെഷർ മെന്റിനു ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ, 18 ശതമാനത്തിൽ നിന്നും ഇൻപുട്ട് ടാക്സ് കഴിച്ചുള്ള തുക കരാറുകാരൻ അടയ്ക്കണം. വീഴ്ചവരുത്തിയാൽ, നികുതിയും പിഴയും പലിശയും കരാറുകാർ അടയ്ക്കേണ്ടിവരും.

പണി തീർന്ന് മാസങ്ങൾക്കും ,ചിലപ്പോൾ വർഷങ്ങൾക്കും ശേഷം ബിൽ തുക ലഭിക്കുന്ന സാഹചര്യത്തിൽ നിലവിലെ വ്യവസ്ഥ കരാറുകാർക്ക് താങ്ങാനാവാത്തതാണ്. ഒന്നുകിൽ, നിയമം ഭേദഗതി ചെയ്യണം. അല്ലെങ്കിൽ, ട്രെഡ്‌സ് നടപ്പാക്കി കുടിശ്ശിക രഹിത സ്ഥിതി സംജാതമാക്കണം. കെ.ജി.സി.എ ഈ ആവശ്യങ്ങൾ നിരന്തരം ഉന്നയിക്കുന്നു. പക്ഷേ ഒപ്പം കൂടാൻ പലരും തയ്യാറില്ല. പണിതീർന്നാൽ ഒരു മാസത്തിനുള്ളിൽ ഇൻ വോയ്സ് നൽകേണ്ടതും കരാറുകാരന്റെ ചുമതലയാണ്. എഞ്ചിനീയറന്മാരുടെ സൗകര്യമനുസരിച്ച് ബില്ലുകൾ തയ്യാറാക്കപ്പെടുന്ന രീതി അടിയന്തിരമായി മാറ്റണം.

ഇത്തരം സർക്കുലറുകൾ അവഗണിക്കരുത്

വികാസ് മുദ്രയ്ക്ക് വേണ്ടി.
വർഗീസ് കണ്ണമ്പള്ളി


Share this post:

Leave a Reply

Your email address will not be published. Required fields are marked *