കടക്കെണിയിലായ കരാറുകാരെ രക്ഷിക്കണം.

സർക്കാരുമായി ഭരണഘടനാധിഷ്ഠിത കരാറുകളിലേർപ്പെട്ടവർ കടക്കെണിയിൽ അകപ്പെടുന്നത് ഗൗരവത്തോടുകൂടി കാണണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കി അവരെ രക്ഷിക്കണമെന്നും കേരളാ ഗവ. കോൺടാക്ടേഴ്സ് കോ -ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ നജീബ് മണ്ണേൽ , കൺവീനർ ആർ.രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

സാമ്പത്തിക വർഷാവസാനമായതോടുകൂടി ബാങ്കുകൾ കർശന നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ധനമന്ത്രി സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് സമിതിക്ക് നൽകിയ കത്തുകളുടെ അടിസ്ഥാനത്തിൽ , ജപ്തി നടപടികൾ നീട്ടിവച്ച ഇടപാടുകളിൽ പോലും ,ഉടനെ ഇടപാട് തീർക്കുന്നില്ലെങ്കിൽ, ജപതി നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് പല ബാങ്കുകളും. നൂറു കണക്കിന് കരാറുകാർ കടക്കെണിയിലും നിയമക്കുരുക്കിലും പെട്ട് വിഷമിക്കുകയാണെന്ന് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് സമിതിയുമായും കെ.എഫ്.സിയുമായും ബന്ധപ്പെട്ടാൽ , കരാറുകാരുടെ ദുരവസ്ഥ ആർക്കും ബോദ്ധ്യമാകും. ജൽ ജീവൻ പദ്ധതിയിൽ, മാർച്ച് 31 -ന് മുൻപ് നല്ല പങ്ക് കുടിശ്ശിക വിതരണം ചെയ്യുന്നില്ലെങ്കിൽ കുറഞ്ഞതു്, എഴുനൂറ് കരാറുകാർ കൂടിയെങ്കിലും, ജപ്തി നടപടികൾക്ക് വിധേയരാകേണ്ടിവരും.

അസാധാരണമായ ഒരു സ്ഥിതിയാണ് , കേരളത്തിൽ സംജാതമായിരിക്കുന്നത്. സംസ്ഥാന സർക്കാർ , ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തി അടിയന്തിരമായി ഒരു പരിഹാരം ഉണ്ടാക്കണം. സർക്കാർ കുടിശ്ശിക വരുത്തിയിട്ടുള്ള കരാറുകാരുടെ വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടിയിൽ മൊറട്ടോറിയം ഏർപ്പെടുത്താനെങ്കിലും നടപടി വേണം. കുടിശ്ശിക തീർക്കാൻ ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കാനും സർക്കാർ തയ്യാറാകണം. പണം വകയിരുത്തി മാത്രം പുതിയ ടെണ്ടറുകൾ വിളിക്കണം. അനുവദിക്കുന്ന ഫണ്ട് വകമാറ്റരുത്. ട്രഷറി നിയന്ത്രണത്തിൽ പെടുത്തി കരാറുകാരുടെ ബിൽ തുകകൾ തടഞ്ഞുവയ്ക്കരുത്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള തർക്കങ്ങൾ യഥാസമയം പരിഹരിക്കാൻ ഒരു സംവിധാനമില്ല. ഉദ്യോഗസ്ഥർ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളിലും കരാറുകാർക്ക് നീതി നിഷേധിക്കപ്പെടുന്നു. “റിസ്ക്ക് & കോസ്റ്റ് മാനിയ ചില ഉദ്യോഗസ്ഥരുടെകൂടെപ്പിറപ്പാണ്. കോടതി നടപടികളും നീണ്ടു പോകുന്നു. ഒരു അദാലത്ത് നടത്തി ഇപ്പോഴുള്ള തർക്കങ്ങൾ പരിഹരിക്കണം.

വികാസ് മുദ്രയ്ക്ക് വേണ്ടി ,
വി.ഹരിദാസ് ,
കെ.ജി.സി.എ ജനറൽ സെക്രട്ടറി.

Share this post: