ഇപ്പോൾ കരാറുകാരിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളൊന്നും ശുഭകരങ്ങളല്ല. ആത്മഹത്യാ ശ്രമം നടന്നു. കഷ്ടിച്ച് രക്ഷപെട്ടു. സ്ഥാപനം ബാങ്ക് ജപ്തി ചെയ്ത് കൈവശപ്പെടുത്തി. ഈ മാസം 15 – നുള്ളിൽ വീട്ടിൽ നിന്നും മാറി കൊടുക്കണമെന്ന് ബാങ്കിന്റെ നോട്ടീസ് ലഭിച്ചു. അക്കൗണ്ട് എൻ.പി.എ യായി. ഓവർ ഡ്രാഫ്റ്റ് പുതുക്കുന്നില്ല. റിസ്ക് ആൻഡ് കോസ്റ്റ് നോട്ടീസ് ലഭിച്ചു. കോടതിയിൽ നൽകിയിരുന്ന ഹർജി നീണ്ടു പോകുന്നു. മെഷിനറികൾ വിറ്റിട്ടും കടം തീരുന്നില്ല. വസ്തു വാങ്ങാൻ ആളില്ല. അത് വിറ്റും കടം തീർക്കാൻ കഴിയുന്നില്ല. പണികളൊന്നും കിട്ടുന്നില്ല. ലൈസൻസ് പുതുക്കാൻ നിവർത്തിയില്ല. ഇത്തരം സന്തോഷമില്ലാത്ത സന്ദേശങ്ങളാണ് കുറെ ദിവസങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ വരെ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവൽ നടത്തുകയാണ്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ മൂന്നു ലക്ഷത്തിലേറെ എം.എസ്.എം.ഇ. കൾ രജിസ്റ്റർ ചെയ്യപ്പെട്ട സംസ്ഥാനമാണിത്. ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഒന്നര ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്ദാനവും ലഭിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകളായി പണം മുടക്കി സംരഭകരായി പ്രവർത്തിച്ചിരുന്നവർ നിരാശരായി പിൻവാങ്ങുന്നു. ഈസ്. ഓഫ്. ഡുയിംഗ് ബിസിനസിൽ കേരളത്തിന്റെ റാങ്ക് മികച്ചതാകുന്നു. സർക്കാർ വരുത്തിയ ഭീമമായ കുടിശ്ശിക താങ്ങാനാവാതെ കരാറുകാരടക്കമുള്ള സംരംഭകർ ആത്മഹത്യാ മുനമ്പിലും. ഈ പ്രതിഭാസത്തെ എങ്ങനെ വ്യാഖ്യാനിക്കും. ?.
2021-ലെ ഡൽഹി പട്ടിക നിരക്കുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 1 മുതൽ അടങ്കലുകൾ തയ്യാറാക്കണമെന്നാണ് ബ്ഡ്ജറ്റ് നിർദ്ദേശം. 2025 ഏപ്രിൽ മുതലുള്ള നാളുകളിലും 2021ലെ ഡൽഹി നിരക്കുകളിൽ ടാറിന്റെ ലഭ്യത സർക്കാർ ഉറപ്പു വരുത്തുമോ? മറ്റ് നിർമ്മാണ വസ്തുക്കൾ, കൂലി നിരക്കുകൾ തുടങ്ങിയവയും അപ്രകാരം ലഭ്യമാക്കുമോ? പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ പണി ഇപ്പോൾ 2024ലെ ഡി.എസ്.ആർ നിരക്കുകളിലാണ് ടെണ്ടർ ചെയ്യുന്നതു്. ഏപ്രിൽ 1 മുതൽ അത് 2025 ലെ ഡി..എസ്.ആർ നിരക്കുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൊട്ടടുത്തുള്ള എൽ.പി.സ്ക്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം 2021 ലെ നിരക്കിൽ മതിയെന്നതിന്റെ ന്യായീകരണം എന്താണ് ?
നിർമ്മാണ മേഖല ഒരു വോട്ട് ബാങ്കല്ല. അതിനാൽ അവിടെ സർക്കാരിന് നിർഭയം ഏത് നയവും നടപ്പാക്കാം. കടൽ മണൽ ഖനനം അങ്ങനെയല്ല. ശക്തമായ വോട്ട് ബാങ്കിന്റെ മുമ്പിൽ, കടൽ സമ്പത്തിന്റെ മൊത്തത്തിലുള്ള ഉപയോഗ സാദ്ധ്യതകളെ ക്കുറിച്ചുള്ള പഠനങ്ങൾ പോലും മാറ്റിവയ്ക്കപ്പെടും. നിർമ്മാണ കരാർ മേഖലയിലെ , വോട്ട് ബാങ്കല്ലാത്ത കരാറുകാർ , തുല്യ ദു:ഖിതരായ കാർഷിക , വ്യവസായ, വ്യാപാര, സർവ്വീസ് മേഖലകളിലെ ചെറുകിട – ഇടത്തരം സംരംഭകരുമായി സംഘം ചേർന്നാൽ, അതൊരു വോട്ട് ബാങ്ക് ആകും. അതിനുള്ള സാദ്ധ്യതകൾ തെളിയുന്നുണ്ട്. മുഖ്യമന്ത്രി ഇടപെട്ട് ചെറുകിട-ഇടത്തരം സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ. അതുണ്ടാകുന്നില്ലെങ്കിൽ, അതി ശക്തമായ സമരങ്ങൾക്ക് കേരളം സാക്ഷിയാകും. ഇപ്പോൾ കാണുന്ന നിശബ്ദത കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയായി കരുതിയാൽ മതി.
വികാസ് മുദ്രയ്ക്കു വേണ്ടി ,
വർഗീസ് കണ്ണമ്പള്ളി.
വേണം ശക്തമായ ഒരു സംഘടന. വർക്ക് പൂർത്തിയാക്കി ബിൽ സബ്മിറ്റ്’ ചെയ്ത ശേഷം സംഖ്യ നൽകിയില്ലെങ്കിൽ ബേങ്ക് പലിശ കൂടി ബിൽ തുകയോടുകൂടി നേടിയെടുക്കാൻ പരിശ്രമിക്കണം.🙏