കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്നുലക്ഷത്തിലധികം എം.എസ്.എം.ഇ കൾ രജിസ്റ്റർ ചെയ്യപ്പെട്ടതും സംരംഭക ഉച്ചകോടിയിൽ ഒന്നരലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ സാദ്ധ്യത തെളിഞ്ഞതും നല്ല വാർത്ത തന്നെ. എന്നാൽ കേരളത്തിലെ അടിസ്ഥാന നിക്ഷേപക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരു ഉച്ചകോടി സംഘടിപ്പിക്കേണ്ടതല്ലേ?
കഴിഞ്ഞ എട്ടു വർഷമായി നെല്ലുവില വർദ്ധിച്ചിട്ടില്ല. ഉല്പാദന ചെലവ് വർദ്ധിച്ചിട്ടില്ലേ? പൊതു നിർമ്മിതികളുടെ ടെണ്ടറുകൾ ഇപ്പോഴും 2018 ലെ നിരക്കുകളിലാണ് നടക്കുന്നതു്. ഏപ്രിൽ1മുതൽ 2021 ലെ നിരക്കുകളിലായിരിക്കുമെന്ന് ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ വെളിപ്പെടു ത്തുകയുണ്ടായി !. എട്ടുവർഷം മുൻപുള്ള കൂലി നിരക്കുകളും സാധന വിലകളുമാണോ ഇപ്പോഴും നിലവിലിരിക്കുന്നത്.? കൊടുക്കുന്ന കൂലിക്ക് അനുസരിച്ചുള്ള , സേവനം തൊഴിലാളികളിൽ നിന്നും ലഭിക്കുന്നില്ലെന്നുള്ള പരാതി എല്ലാ വിഭാഗം സംരംഭകരിൽ നിന്നും ഉണ്ടാകുന്നുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളിൽ കുടിശ്ശിക നിരാളിയെപ്പോലെ സംരംഭകരെ വലയ്ക്കുന്നു.
സർക്കാരിന്റെ സാമ്പത്തിക നില വഷളാകുന്നതുമൂലം, ഏറ്റവും കൂടുതൽ ബാധിക്കുന്നതു് ചെറുകിട – ഇടത്തരം സംരംഭകരെയാണ്. കരാർ പണികൾ ഏറ്റെടുക്കാനും, കച്ചവടം ചെയ്യാനും വ്യവസായം നടത്താനും കാർഷികവൃത്തിയിലേർപ്പെടാനും പുതിയ തലമുറ തയ്യാറാകുന്നില്ല. ഇതൊന്നും സർക്കാരിന്റെ നിക്ഷേപക . ഉച്ചകോടിയിൽ ചർച്ച ചെയ്തതായി അറിവില്ല. പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട മൂന്നുലക്ഷത്തിലധികം വരുന്ന എം.എസ്.എം.ഇ. കളുടെയും ഒന്നര ലക്ഷത്തിലധികം കോടിയുടെ നിക്ഷേപക വാഗ്ദാനക്കാരെയും ആശ്രയിച്ച് തൊഴിലില്ലായ്മ പരിഹരിക്കാനാകുമോ? ക്വാറികൾ തൊണ്ണൂറ് ശതമാനവും പൂട്ടപ്പെട്ടു. ആറ്റുമണലും കടൽ മണലും നിഷിദ്ധവുമാണ്.
കേരളത്തിലെ അടിസ്ഥാന നിക്ഷേപകർ ചെറുകിട കർഷകർ , കരാറുകാരടക്കമുള്ള നിർമ്മാണസംരംഭകർ, വ്യാപാരി -വ്യവസായികൾ തുടങ്ങിയവരാണ്. അവർക്ക് പ്രാതിനിധ്യമില്ലാത്ത, അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാത്ത, ഉച്ചകോടികൾ അനിവാര്യമായ നല്ല റിസൾട്ട് നൽകില്ല. ഒരു പുനർചിന്തയ്ക്ക് കേരള സർക്കാർ അടിയന്തിരമായി തയ്യാറാകണം. ചെറുകിട – ഇടത്തരം സംരംഭകരെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കേരള സർക്കാർ തയ്യാറാകണം. നമ്മുടെ രാഷ്ട്രീയ കക്ഷികൾക്കും യാഥാത്ഥ്യ ബോധത്തോടു കൂടിയ സമീപനം സ്വീകരിക്കാൻ ബാദ്ധ്യതയുണ്ട്.
വികാസ് മുദ്രയ്ക്ക് വേണ്ടി
വർഗീസ് കണ്ണമ്പള്ളി.