ചെറുകിട-ഇടത്തരം വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കരാറുകാർ , വ്യാപാരി- വ്യവസായികൾ, കർഷകർ, സപ്ളെയേഴ്സ് തുടങ്ങിയവരെല്ലാം കടുത്ത സാമ്പത്തിക മാന്ദ്യത്തിലും കടക്കെണിയിലുമാണ്. ദേശീയപാത 66 ലെ 16 പണികളിൽ ഒന്നുപോലും കേരളത്തിലെ സാധാരണ കരാറുകാർക്ക് ലഭിച്ചില്ല . 5 കിലോമീറ്റർ അല്ലെങ്കിൽ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഖണ്ഡങ്ങളായി വിഭജിച്ച് ടെണ്ടർ ചെയ്തിരുന്നെങ്കിൽ, കേരളത്തിലെ കരാറുകാർ ഒഴിവാക്കപ്പെടുമായിരുന്നില്ല. ഒന്ന്, ഊരാളുങ്കലിനും , 15 അതിഥി കരാറുകാരുടെ കമ്പനികൾക്കും എന്ന സ്ഥിതി ഉണ്ടാകില്ലായിരുന്നു. അഡ്വാന്സായി പോലും പണം കൊടുക്കുന്നുണ്ടെങ്കിലും പണിളെല്ലാം ഇഴഞ്ഞാണ് നീങ്ങുന്നത്. രൊക്കം പണം, മെറ്റീരിയൽസ് ലഭ്യമാക്കാൻ സർക്കാർ സംവാധാനം എപ്പോഴും റെഡി. കേരള കരാറുകാർക്ക് ഇതൊന്നും സ്വപ്നം കാണാൻ പോലും കഴിയില്ല.
ജൽ ജീവൻ മിഷൻ പദ്ധതിയിലും കേരള കരാറുകാരെ ഒഴിവാക്കാനുള്ള ശ്രമം നടന്നു. ഒരു ജില്ലയിലെ പണികൾക്ക് ഒരു കരാറുകാരൻ മതിയെന്നായിരുന്നു, തലപ്പത്തുള്ളവരുടെ തീരുമാനം. ടെണ്ടർ ക്രമീകരണവും മറ്റുമായി ഒരു വർഷം കളഞ്ഞു. അതിഥി കരാർ കമ്പനികളെ ചെറുതാക്കി കാണുന്നില്ല. എങ്കിലും ജൽ ജീവവർ മിഷൻ പണികളിലും വൻകിടക്കാരെക്കാൾ വേഗത്തിൽ പണികൾ പൂർത്തീകരിച്ചത് ഇടത്തരം – ചെറുകിട കരാറുകാർ തന്നെയാണ്. ഒടുവിൽ അവരെല്ലാം കടക്കെണിയിലാകുകയും ചെയ്തിരിക്കുന്നു. LSGD യിൽ മാത്രം ചെറുകിടക്കാർ പിടിച്ചു നില്ക്കുന്നു. പക്ഷേ കുടിശ്ശിക അവരുടെ നടുവൊടിച്ചിരിക്കുന്നു.
ചെറുകിട – ഇടത്തരം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. കർഷകർ, ഏത് വിഭാഗത്തിൽപെട്ടവരായാലും തകർച്ചയിലാണ്. ഉന്നത വിദ്യാഭ്യാസമേഖലയിൽ വൻകൊഴിഞ്ഞു പോക്കാണ്. ചെറുപ്പക്കാർ കൂട്ടത്തോടെ നാടുവിടുന്നു. ഏതാനും വൻകിട പ്രോജക്ടുകളും സംരംഭക ഉച്ചകോടിയും കണ്ട് ചെറുപ്പക്കാർ കേരളത്തിലേയ്ക്ക് മടങ്ങില്ല. അവർക്ക് തൊഴിൽ വേണം, സുരക്ഷ വേണം, അഭിമാനവും വേണം. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ കക്ഷികൾ നയം മാറ്റണം. സർക്കാർ ആഫീസുകളിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകണം. ഫയലുകൾ തട്ടിക്കളിക്കുന്നത് അവസാനിപ്പിക്കണം. ചെറുകിട-ഇടത്തരം സംരംഭകരെ എങ്ങനെ നിലനിറുത്താമെന്നതായിരിക്കണം സർക്കാരിന്റെ മുഖ്യ അജണ്ട. വൻകിട സംരംഭങ്ങൾ അനിവാര്യമാണ്. പക്ഷേ അവരെ മാത്രം മനസിൽ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ആസൂത്രണങ്ങളും ഉച്ചകോടികളും കേരളത്തെ രക്ഷിക്കില്ല.
വികാസ് മുദ്രയ്ക്കു വേണ്ടി.
വർഗീസ് കണ്ണമ്പള്ളി.