വ്യക്തിയിലാണെങ്കിലും കൂട്ടാഴ്മകളിലാണെങ്കിലും ഇറക്കുമതി ചെയ്യാനാവുന്ന ഒരു ശേഷിയല്ല, സംരംഭകത്വം. മുൻകൈ എടുക്കാനുള്ള ശേഷി മുതൽ ഒട്ടേറെ കഴിവുകൾ ഒത്തുചേരുന്ന അവസ്ഥയാണത്.
യഥാർത്ഥ സംരംഭകത്വശേഷിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ചുമതലയാണ് സർക്കാരിനുള്ളത്. രജിസ്റ്റർ ചെയ്യപ്പെടുന്ന എം.എസ്.എം.ഇ. കളുടെ എണ്ണത്തിലല്ല, ശേഷിയിലാണ് കാര്യം. സർക്കാർ മാതൃക കാണിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. കേരളത്തിലെ ഏറ്റവും വലിയ സംരംഭകൻ സർക്കാർ തന്നെയാണ്. സർക്കാരിന്റെ സംരംഭങ്ങൾ നേരേ , ചൊവ്വേ , നടത്തി പൊതുജനങ്ങൾക്ക് മാതൃക കാണിക്കണം. പാർട്ടി പ്രവർത്തകർക്കുള്ള അക്കോമെഡേഷൻ എന്ന രീതി മാറ്റി, അനുയോജ്യരായവരെ ഓരോ സ്ഥാപനങ്ങളിലും പ്രതിഷ്ഠിക്കാൻ സർക്കാരുകൾ തയ്യാറാകണം. സേവനം എന്നാൽ സ്ഥാപനം നഷ്ടത്തിലായിരിക്കണമെന്ന ധാരണ മാറ്റണം. കെടുകാര്യസ്ഥത ഒഴിവാക്കണം. അതോടൊപ്പം ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും ന്യായവില ഈടാക്കണം. ഒരു ലിറ്റർ കുടിവെള്ളത്തിന് 20 രൂപവരെ വിപണിയിൽ വിലയുള്ളപ്പോൾ, വാട്ടർ അതോരിറ്റി , ഉപഭോക്താക്കളിൽ നിന്നും അൻപത് പൈസ പോലും ഈടാക്കുന്നില്ല. ഫലമോ വാട്ടർ അതോരിറ്റിയിൽ അറ്റകുറ്റ പണികൾ പോലും വേണ്ട വിധം നടക്കുന്നില്ല. അറ്റകുറ്റ പണികൾ ചെയ്യുന്നവർക്ക് 18 മാസത്തെ പണം കുടിശ്ശികയും. നല്ല നിലവാരമുള്ള കുടിവെള്ളം ന്യായമായ വിലയ്ക്ക് പൈപ്പുകളിലൂടെ എത്തിച്ചാൽ, ദുർവിനിയോഗം അവസാനിക്കും. വാട്ടർ അതോരിറ്റി പോലെയുള്ള ഒരു സ്ഥാപനവും നഷ്ടത്തിൽ പ്രവർത്തിക്കുവാൻ പാടില്ല.
റോഡുകൾ രാജ്യത്തിന്റെ പൊതുസ്വത്താണ്. റോഡ് ടാക്സുകൊണ്ടു മാത്രം റോഡുകൾ ആധുനിക രീതിയിൽ പുനരുദ്ധരിക്കാനോ അറ്റകുറ്റ പണികൾ നടത്താനോ കഴിയില്ല. ടോളും യൂസർ ഫീയും ഒക്കെ വേണ്ടി വരും. സുതാര്യത ഉറപ്പാക്കണമെന്ന് മാത്രം. സാമ്പത്തിക ഇടപാടുകളിൽ മാതൃക കാണിക്കേണ്ടതും സർക്കാർ തന്നെയാണ്.
സർക്കാരിലേയ്ക്കുള്ള വരവിന് ഒരു നയം, സർക്കാർ കൊടുക്കാനുള്ളവരോട് മറ്റൊരു നയം. സർക്കാരിന്റെ ദുർ മാതൃകയുടെ ഫലമായി എത്രയെത്ര കുടുംബങ്ങളാണ് ഓരോ ദിവസവും കടക്കെണിയിൽ പെടുന്നത്.? ശരിയായ ധന മാനേജ്മെന്റിലൂടെ ട്രഷറികളും , അത്യാവശ്യ ഘട്ടങ്ങളിൽ ട്രെഡ്സും (TReDS), മുഖേന സർക്കാർ കൊടുക്കാനുള്ളവർക്ക്
കുടിശ്ശിക ഇല്ലാതാക്കണം. ഞാനിതു് എഴുതുമ്പോൾ, അക്രെഡിറ്റഡ് ഏജൻസികളെ രെഞ്ഞെടുക്കാനുള്ള ധനവകുപ്പിന്റെ വിജ്ഞാപനം എന്റെ മുമ്പിലുണ്ട്. എന്തിനാണ്, നിർമ്മാണ വകുപ്പുകൾക്ക് മുകളിൽ ഇത്തരം കുറെ ഏജൻസികൾ ?. കെ.എം.മാണി ധനമന്ത്രിയായിരുന്നപ്പോൾ, ഒരിക്കൽ, പ്രതിഛായ ചർച്ചയെന്ന പേരിൽ , ധനവകുപ്പിന്റെ അമിതാധികാര പ്രയോഗത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു. ഇപ്പോൾ മന്ത്രിമാരും എം.എൽ.എ മാരും പോലും അത്തരം ചർച്ചകൾ സ്വകാര്യ സംഭാഷണങ്ങളിൽ ഒതുക്കുകയാണ്. സർക്കാരിന്റെയും രാഷ്ട്രീയ കക്ഷികളുടെയും മനോഭാവത്തിലും പ്രവർത്തനശൈലിയിലും കാര്യമായ മാറ്റം വരാതെ കേരളം സംരംഭക സൗഹൃദമാകില്ല.
വികാസ് മുദ്രയ്ക്ക് വേണ്ടി ,
വർഗീസ് കണ്ണമ്പള്ളി